06 July Monday

സ്വത്ത് ആവശ്യപ്പെട്ട് അമ്മൂമ്മയുടേയും ജീവനെടുത്തു... ?

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

 
കൊല്ലം
സ്വത്ത് ആവശ്യപ്പെട്ട് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ പട്ടത്താനം നീതിനഗർ 68ൽ പ്ലാമൂട്ടിൽ കിഴക്കതിൽ സുനിൽ ഇതേ ആവശ്യത്തിന്റെ പേരിൽ അമ്മൂമ്മയേയും കൊലപ്പെടുത്തിയതായി സംശയം. അമ്മ സാവിത്രി കൊല്ലപ്പെട്ട പട്ടത്താനത്തുള്ള വീട്ടിൽ രണ്ടുവർഷം മുമ്പാണ് അമ്മൂമ്മ ജാനമ്മയും മരിച്ചത്. അമ്മൂമ്മയുടെ പേരിലാണ് വീടിരിക്കുന്ന അഞ്ചര സെന്റ് സ്ഥലം. സാവിത്രി മരിച്ച രാത്രിയിൽ വീട്ടിൽ ഉയർന്നപോലെ അമ്മൂമ്മയുടെ മരണത്തിനു തലേദിവസവും വീട്ടിൽനിന്ന്‌ നിലവിളി കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു.

മൂന്നു ഭാര്യമാരും ഒരു കാമുകിയുമുള്ള 50കാരനായ പ്രതി സുനിൽ സ്വത്തിനായി അമ്മയേയും അമ്മൂമ്മയേയും നിരന്തരം നിർബന്ധിച്ചിരുന്നു. ഇതിൽ ഭാര്യമാർക്കും പങ്കുണ്ടെന്നാണ് വിവരം. സുനിലിന്റെയും ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴിയെടുത്ത പൊലീസ്‌ അമ്മൂമ്മയുടെ മരണം സംബന്ധിച്ചും അന്വേഷണത്തിലാണ്‌.

2017 സെപ്തംബർ 13നാണ് സുനിലിന്റെ അച്ഛൻ സുന്ദരേശന്റെ അമ്മ ജാനമ്മ മരിച്ചത്. 105 വയസ്സുണ്ടായിരുന്നു മരിക്കുമ്പോൾ. സുന്ദരേശനായിരുന്നു ജാനമ്മയെ നോക്കിയിരുന്നത്. സുന്ദരേശൻ മരിച്ചശേഷം അപ്‌സര ജങ്ഷനിലെ വീട് വാടകയ്ക്കു നൽകി സാവിത്രി അമ്മൂമ്മയ്ക്കൊപ്പം താമസിക്കാൻ തുടങ്ങി. ഈ സമയം 2015ൽ  കാവുങ്കൽ സ്വദേശി സുരയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു സുനിൽ. സാവിത്രി കേസ് നടത്തി സുനിലിനെ ജാമ്യത്തിലിറക്കിയ ശേഷം ഇയാളും അമ്മൂമ്മയ്ക്കൊപ്പം എത്തി. രണ്ടുവർഷം നീണ്ട  ഇവിടുത്തെ താമസത്തിനിടെയാണ് വസ്തു എഴുതി നൽകണമെന്നാവശ്യപ്പെട്ട് സുനിൽ അമ്മയേയും അമ്മൂമ്മയേയും മർദിക്കാൻ ആരംഭിച്ചത്‌. ഒരു കൊലപാതകം നടത്തിയ തനിക്ക് ഒന്നുകൂടി നടത്തുന്നതിനു മടിയില്ലെന്നും സുനിൽ പറഞ്ഞിരുന്നു. ജാനമ്മ മരിക്കുന്നതിനു ദിവസങ്ങൾക്കു  മുമ്പ് സാവിത്രിയുടെ മകളും അധ്യാപികയുമായ  ലാലിയെ വിളിച്ച് എത്രയുംപെട്ടെന്ന്  വീടുവരെ വരണമെന്ന് അറിയിച്ചു. എന്നാൽ, ഹരിപ്പാട്ടുള്ള ലാലിക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീട് മരണവിവരമാണ് അറിഞ്ഞത്. മരിക്കുന്നതിനു തലേന്ന്‌ വീട്ടിൽനിന്ന്‌ ജാനമ്മയുടെ നിലവിളി ഉയർന്നിരുന്നു. മരണത്തിൽ ചിലർ അന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പരാതി ഇല്ലാത്തതിനാൽ അന്വേഷണം നടന്നില്ല.

കുത്തഴിഞ്ഞ ജീവിതം
19 –-ാം- വയസ്സിൽ വിവാഹിതനായ ആളാണ് സുനിൽ. കൊല്ലം തീരദേശവാസിയായ യുവതിയുമായുള്ള ബന്ധം ഒരുവർഷം പോലും നീണ്ടില്ല. ഈ ബന്ധത്തിൽ രണ്ടുമക്കളുണ്ട്. ഇവരുടെ ദാമ്പത്യം തുടരുന്നതിനിടെ നഗരത്തിൽ പൂവിൽപ്പന നടത്തുന്ന യുവതിയുമായി അടുപ്പത്തിലായി.  രഹസ്യബന്ധം പലപ്പോഴും രണ്ടാംഭാര്യയുമായി  വഴക്കിലെത്തിച്ചു. വഴക്കിൽ ഇടപെടുമ്പോൾ അമ്മയേയും മർദിച്ചിരുന്നു. ഒടുവിൽ രണ്ടാം ഭാര്യ പിണങ്ങിപ്പോയി. തുടർന്ന്‌ ഭർത്താവും രണ്ടു മക്കളുമുള്ള മറ്റൊരു സ്ത്രീ ഭാര്യയായെത്തി. കുറേനാൾ ഈ ബന്ധം നിലനില്‍ക്കുകയും പിന്നീട് പൊലീസ് സാന്നിധ്യത്തിൽ ഇരുവരും പിരിയുകയും ചെയ്തു. ഇടവേളയ്ക്കു ശേഷം  ഇവർ വീണ്ടും ഒരുമിച്ചതോടെ സുനിൽ സ്വത്ത് ആവശ്യം വീണ്ടും ശക്തമാക്കുകയായിരുന്നു.

മദ്യത്തിനും  മയക്കുമരുന്നിനും അടിമയാണ്‌ സുനിൽ. സുഹൃത്തിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെ നിസ്സാര കാര്യത്തിനുണ്ടായ തർക്കമാണ് 2015ൽ കൊലപാതകത്തിലെത്തിച്ചത്. സുഹൃത്തിനെ ചുറ്റികകൊണ്ട്‌ തലക്കടിച്ചശേഷം ശരീരം മുഴുവൻ കത്തികൊണ്ട് വരഞ്ഞിരുന്നു. വസ്തുവിന്റെ  പ്രമാണം സഹോദരി ലാലിയുടെ കൈവശമാണെന്നറിയാവുന്ന സുനിൽ പലതവണ ഇവരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അമ്മയെ കൊല്ലാൻ മുമ്പും ശ്രമമുണ്ടായി. എന്നാൽ, പൊലീസ്‌ സേ്റ്റഷനിലെത്തുമ്പോൾ മകനോടുള്ള വാത്സല്യത്തിൽ സാവിത്രി പരാതിയിൽനിന്ന് പിൻമാറുകയായിരുന്നു പതിവ്.


പ്രധാന വാർത്തകൾ
 Top