ഇരിട്ടി
ഇന്ററീരിയർ ഡെക്കറേഷൻ ഉടമയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ മൂന്നുപേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷൻ നൽകിയ ഉളിക്കലിലെ ഇന്റീരിയർ സ്ഥാപന ഉടമ കാലാങ്കിയിലെ വെങ്ങരപറമ്പിൽ വി മനുതോമസ് (30), വട്ട്യാംതോട്ടിലെ പുതുശേരി പ്രിയേഷ് (31), തില്ലങ്കേരി പള്ള്യത്തെ പി നിധിൻ (29) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഇരിട്ടി എസ്ഐ ദിനേശൻ കൊതേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഉളിക്കലിൽ ഇന്ററീരിയർ ഡിസൈനിങ് സ്ഥാപന ഉടമ ഷൈമോനെ ജൂൺ 11ന് വൈകിട്ട് നാലിന് എടക്കാനത്തേക്ക് വിളിച്ചുവരുത്തി വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ക്വട്ടേഷൻ സംഘം ഷൈൻമോന്റെ ഇരു കാലുകളും തല്ലിയൊടിച്ചിരുന്നു. സംഘത്തിലെ അഞ്ച് പ്രതികളെ ഞായറാഴ്ച പിടികൂടിയിരുന്നു. ശിവപുരം മുരിക്കിൻ വീട്ടിൽ പ്രവീൺ (27), ആയിത്തറ മമ്പറത്തെ വടക്കേക്കരമ്മൽ ഷിബിൻ രാജ് (24), ശിവപുരത്തെ നന്ദനത്തിൽ പി പി ജനീഷ് (30), ശിവപുരം ലിജിൻ നിവാസിൽ എം ലിജിൻ (26), പടിക്കച്ചാലിലെ ലിജിത്ത് എന്ന ഇത്തൂട്ടി (29) എന്നിവർ റിമാർഡിലാണ്.
തിങ്കളാഴ്ച്ച അറസ്റ്റിലായ മനുതോമസ് ഉളിക്കലിൽ ഇന്റീരിയർ ഡെക്കറേഷൻ ഉടമയാണ്. മറ്റു രണ്ടുപേർ ഇയാളുടെ സ്ഥാപനത്തിൽ തൊഴിലാളികളാണ്. തൊഴിൽ സ്ഥാപനങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ക്വട്ടേഷൻ ആക്രമണത്തിലേക്ക് നയിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് ഷൈൻമോന്റെ കാലുകൾ തല്ലിയൊടിക്കാനാണ് മനുതോമസ് ക്വട്ടേഷൻ നൽകിയത്. അക്രമി സംഘം പല ഘട്ടങ്ങളിലായി മനുതോമസിൽനിന്നും ഒരു ലക്ഷത്തി എൺപതിനായിരം രൂപ കൈപ്പറ്റിയെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പിടിയിലായവർ ബിജെപി- –-ആർഎസ്എസ്സുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളാണ്. ഇവരിൽ ചിലരുടെ പേരിൽ കാപ്പ ഉൾപ്പെടെ 16 കേസുകൾ നിലവിലുണ്ട്.