18 July Thursday

എന്‍ഡോസള്‍ഫാന്‍ ബാധിതനുവേണ്ടി എടുത്ത വായ്പ എഴുതിത്തള്ളാൻ താൽപ്പര്യമെടുക്കണമെന്ന‌് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019


കൊച്ചി
എൻഡോസൾഫാൻ ഇരയായ മകനെ ചികിൽസിക്കാൻ അച്ഛനെടുത്ത വായ‌്പ എഴുതിത്തള്ളുന്നതിൽ ധനവകുപ്പ് സെക്രട്ടറി പ്രത്യേക താൽപ്പര്യമെടുക്കണമെന്ന് ഹൈക്കോടതി. വായ്പ തിരിച്ചടപ്പിക്കാൻ ബാങ്ക് സ്വീകരിക്കുന്ന നടപടികളെ ചോദ്യംചെയ്ത് കാസർകോട് എൻമകജെ സ്വദേശിയായ എസ് വാസുദേവ നായക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേസ്  24ന് വീണ്ടും പരിഗണിക്കും. വാസുദേവ നായകിന്റെ മകനായ ശ്രേയസിന‌് കുട്ടിക്കാലംമുതലേ എൻഡോസൾഫാൻ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിൽസാ ചെലവിനായി 2013ൽ പെർള സഹകരണ ബാങ്കിൽനിന്ന് 10,000 രൂപ വായ്പയെടുത്തു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 2017 ജൂണിൽ ശ്രേയസ് മരിച്ചു. വായ്പാത്തുക പലിശയടക്കം തിരിച്ചുപിടിക്കാനുള്ള ബാങ്ക് നടപടിയെ ചോദ്യംചെയ്താണ് വാസുദേവ നായക് ഹൈക്കോടതിയെ സമീപിച്ചത്.

എൻഡോസൾഫാൻ ബാധിതർക്ക് പലതരം ഇളവുകളുണ്ടായിട്ടും  വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത് 2013ൽ എടുത്തു എന്നതുകൊണ്ടാണ്. മുമ്പ് എടുത്ത വായ്പകളുടെ തുടർച്ചയാണ് പുതിയ വായ്പയെന്ന‌് ബാങ്ക് സാക്ഷ്യപ്പെടുത്തിയാൽ 2011 ജൂലൈക്കുശേഷം എടുത്ത വായ്പകൾക്കും എഴുതിത്തള്ളൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈക്കോടതി വിശദമാക്കി. എൻഡോസൾഫാൻ ബാധിതനായ മകന്റെ ചികിത്സയ‌്ക്ക് അച്ഛനെടുത്ത വായ്പയാണിത്. ഇതിന്റെ പേരിൽ അച്ഛനെ ഇനിയും ബുദ്ധിമുട്ടിക്കരുത്. അതിനാൽ ഈ വായ്പ എങ്ങനെ എഴുതിത്തള്ളാമെന്ന് ധനവകുപ്പ് സെക്രട്ടറി പ്രത്യേക താൽപ്പര്യമെടുത്ത് പരിശോധിക്കണം. വിവരം 24ന് കോടതിയെ അറിയിക്കണം. അതുവരെ വായ്പ തിരിച്ചുപിടിക്കാൻ ബാങ്ക് നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top