02 July Thursday

ഓൺലൈൻ റിലീസ്: ഇടഞ്ഞ്‌ തിയറ്റർ ഉടമകളും ഫിലിം ചേംബറും

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

കൊച്ചി > ആമസോൺ പ്രൈംവഴി ആദ്യമായി മലയാള സിനിമ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച്‌ ജയസൂര്യ നായകനായ ‘സൂഫിയും സുജാതയു’മാണ് ഡിജിറ്റൽ റിലീസിനൊരുങ്ങുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് അടച്ച തിയറ്ററുകൾ എന്ന് തുറക്കാനാകുമെന്ന്‌ വ്യക്തതയില്ലാത്തതിനാലാണ് പുതിയ നീക്കം. എന്നാൽ, തിയറ്ററുകളുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ നിർമാതാവ് വിജയ് ബാബുവിന്റെ ചിത്രങ്ങൾക്ക്‌ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളാ (ഫിയോക്) വിലക്ക്‌ ഏർപ്പെടുത്തി. ഓൺലൈൻ റിലീസിങ്‌ അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബറും അറിയിച്ചു.

ജ്യോതികയുടെ തമിഴ് ചിത്രം ‘പൊൻമകൾ വന്താൽ’ മെയ് 29ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് നരണിപ്പുഴ നവാസ് സംവിധാനം ചെയ്ത മലയാളസിനിമയും ഓൺലൈൻ റിലീസിന് തീരുമാനിച്ചത്. നടൻ ജയസൂര്യ  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്. 
തിയറ്ററുകളുമായുണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ വിജയ് ബാബു നിർമിക്കുന്ന ചിത്രങ്ങൾക്ക് ഇനിമുതൽ തിയറ്റർ നൽകില്ലെന്ന് തിയറ്റ‍ർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളാ  ജനറൽ സെക്രട്ടറി എം സി ബോബി പറഞ്ഞു.

ഓൺലൈൻ റിലീസിനെതിരെ ഫിലിം ചേംബറും രംഗത്തെത്തി. തിയറ്റർ ഉടമകൾക്കും സർക്കാരിനും വലിയ നഷ്ടമുണ്ടാക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു. ഇക്കാര്യം  സിനിമയുടെ അണിയറപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അവരുമായി ചർച്ച നടത്തുമെന്നും  ചേംബർ ഭാരവാഹികൾ പറഞ്ഞു.

മറ്റു മാര്‍ഗമില്ലാത്തതിനാലെന്ന് വിജയ് ബാബു

കൊച്ചി > ഓണ്‍‌ലൈൻ പ്ലാറ്റ്ഫോമില്‍ സിനിമ റിലീസ് ചെയ്യാനുള്ള തീരുമാനം മറ്റു മാര്‍ഗങ്ങൾ ഇല്ലാത്തതിനാലാണെന്ന് നിര്‍മാതാവ് വിജയ് ബാബു. ‘സൂഫിയും സുജാതയും’ ഒരു കൊച്ചു ചിത്രമാണ്. റിലീസിന്‌ ഒരുങ്ങുമ്പോഴാണ് തിയറ്ററുകള്‍ അടച്ചത്. തുറക്കുന്നത്‌ കാത്തിരുന്നാലും ചുരുങ്ങിയത് ഒരുമാസമെങ്കിലും പ്രദര്‍ശിപ്പിച്ചാലേ മുടക്കുമുതല്‍ തിരിച്ചുകിട്ടൂ. ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയറ്റർ ഉടമകള്‍ തയ്യാറാകാത്തപക്ഷം മറ്റ് പോംവഴികളൊന്നുമില്ല. മുങ്ങിച്ചാകാന്‍ തുടങ്ങിയപ്പോള്‍ കിട്ടിയ കച്ചിത്തുമ്പായാണ് ഓണ്‍‌ലൈൻ റിലീസിനെ കാണുന്നത്.

തന്റെ അവസ്ഥ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളോട് പറഞ്ഞിരുന്നു. മറ്റു നിര്‍മാതാക്കളുടെ ഭാഗത്തുനിന്ന് അനുകൂലനിലപാടാണുള്ളത്. ജൂണില്‍ ആമസോണ്‍ ഓണ്‍‌ലൈൻ പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യുമെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും വിജയ്‌ ബാബു പറഞ്ഞു.

ഒടിടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണം

സിനിമാ തിയറ്റര്‍ വ്യവസായത്തിന് ഭീഷണിയാകുന്ന ഒടിടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകളോട് കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സെന്‍സര്‍ നിയമങ്ങള്‍ക്ക് വിധേയമല്ലാത്ത സൃഷ്ടികളാണ് ഒരു നിയന്ത്രണവുമില്ലാതെ വീട്ടിലേക്കെത്തുന്നത്. ഇതിലേക്ക് പ്രേക്ഷകര്‍ വഴിമാറുന്നത് തിയറ്റര്‍ വ്യവസായത്തെ നശിപ്പിക്കും. ഒപ്പം സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നികുതിവരുമാനത്തെ ബാധിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വിശ്വനാഥ് പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരാണ് സിനിമാ തിയറ്റര്‍ വ്യവസായമേഖലയില്‍ തൊഴിലെടുക്കുന്നത്. അവര്‍ക്ക് വരുമാനം ഇല്ലാതാകും. തിയറ്റര്‍ ഉടമകളും പ്രതിസന്ധിയിലാകും.

ഒടിടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉന്നയിച്ച് സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും താരസംഘടനകളുടെയും പിന്തുണ തേടും. ഇത്തരം മാധ്യമങ്ങളുമായി സഹകരിക്കുന്നവരെ സിനിമാ മേഖലയില്‍നിന്ന് ഒഴിവാക്കാന്‍ അനുബന്ധ സിനിമാ സംഘടനകളോടും കേരള ഫിലിം ചേംബറിനോടും ആവശ്യപ്പെടുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top