14 July Tuesday

ചെറുമകൻ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി; തൊണ്ണൂറ്റൊമ്പതുകാരി ഗുരുതരാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020


തൊടുപുഴ
മുത്തശ്ശിയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഗുരുതരമായി പൊള്ളലേറ്റ മുത്തശ്ശിയെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വണ്ണപ്പുറം ചീങ്കൽസിറ്റി അറുപങ്കൽ ഭാഗത്ത്‌ പുത്തൻപുരയ്‌ക്കൽ പാപ്പിയമ്മയെയാണ്‌ (99) കൊലപ്പെടുത്താൻ ശ്രമിച്ചത്‌. പാപ്പിയമ്മയുടെ ചെറുമകനായ പ്രതി ശ്രീജേഷിനെ(32) കാളിയാർ എസ്‌ഐ വി സി വിഷ്‌ണുകുമാർ അറസ്‌റ്റ്‌ ചെയ്‌തു.  ശ്രീജേഷിന്റെ വഴക്കു മൂലം അമ്മ മറ്റൊരു വീട്ടിലാണ്‌ താമസിക്കുന്നത്‌. അച്ഛൻ ശ്രീധരനും മുത്തശ്ശിയും മാത്രമാണ്‌ ഇയാളോടൊപ്പം വീട്ടിൽ കഴിഞ്ഞിരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. 

പതിവായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കിടുന്നത്‌ ചോദ്യം ചെയ്‌തതിന്റെ വിരോധത്താലാണ്‌ കൊലപാതകശ്രമം. വ്യാഴാഴ്‌ച രാത്രി 10ന്‌ ശ്രീജേഷ്‌ അച്ഛനോടും പാപ്പിയമ്മയോടും വഴക്കിട്ടു. ശ്രീധരനെ കല്ലെറിഞ്ഞ്‌ ഓടിച്ച ശേഷമാണ്‌ മുത്തശ്ശിയെ ആക്രമിച്ചത്‌. ചെറുമകന്റെ നടപടിയെ ചോദ്യം ചെയ്‌തതോടെ തലയിൽ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി.

പാപ്പിയമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വെള്ളമമൊഴിച്ച്‌ തീ കെടുത്തി. കാളിയാർ പൊലീസ്‌ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ദേഹത്ത്‌ അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റു. ഏറ്റുമാനൂർ മജിസ്‌ട്രേറ്റ്‌ മെഡിക്കൽ കോളേജിൽ പാപ്പിയമ്മയുടെ മൊഴി രേഖപ്പെടുത്താൻ എത്തിയിരുന്നു. എന്നാൽ അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. സംഭവം നടന്ന വീട്ടിൽ വിരലടയാള വിദഗ്‌ധർ തെളിവെടുത്തു.


പ്രധാന വാർത്തകൾ
 Top