30 May Saturday

രോഷം നടുക്കമായ‌്; പ്രതിഷേധാഗ്നിയായി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


തിരുവനന്തപുരം
ബുധനാഴ‌്ച പുലർച്ചെവരെ കനറാ ബാങ്കിനെതിരെയുള്ള പ്രതിഷേധത്തിൽ എരിയുകയായിരുന്നു മാരായിമുട്ടം മലയിക്കട നിവാസികൾ. ഫോറൻസ‌ിക‌് വിദഗ‌്ധരും പൊലീസിന്റെയും വിശദമായ തെളിവെടുപ്പിൽ ചന്ദ്രന്റെ വീട്ടിൽനിന്ന‌് ലേഖയുടെയും മകളുടെയും ആത്മഹത്യക്കുറിപ്പ‌് കണ്ടെടുത്തതോടെ അവരുടെ രോഷം ഒരുവേള നടുക്കമായി മാറി. കനറാ ബാങ്കിനെതിരെയുള്ള  രോഷം ചന്ദ്രനും അമ്മയ‌്ക്കും മറ്റുബന്ധുക്കൾക്കും എതിരെയുള്ള പ്രതിഷേധാഗ്നിയായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ലേഖയുടെയും മകൾ വൈഷ‌്ണവിയുടെയും പോസ‌്റ്റുമോർട്ടം. പോസ‌്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം പകൽ ഒന്നോടെയാണ‌് മഞ്ചവിളാകത്തെ വസതിയിൽ എത്തിയത‌്. അതിനകം വീടും പരിസരവും ലേഖയെയും മകളെയും അവസാനമായി ഒരുനോക്ക‌് കാണാൻ എത്തിയവരെ കൊണ്ട‌് നിറഞ്ഞിരുന്നു. ലേഖയുടെ മുഖത്തിന്റെ കുറച്ച‌് ഭാഗം മാത്രമാണ‌് പൊതുദർശനത്തിന‌് വച്ചപ്പോൾ കാണിച്ചത‌്. വൈഷ‌്ണവിയുടെ മുഖമുൾപ്പെടെ പൂർണമായി മറച്ചിരുന്നു. വൈ‌ഷ‌്ണവിയുടെ മൃതദേഹം കണ്ടതോടെ കൂട്ടുകാരികൾ അലമുറയിട്ടു. കൂട്ടുകാരിയുടെ പേര‌് ചൊല്ലിയുള്ള നിലവിളി ഹൃദയഭേദകമായിരുന്നു. നാടിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ‌്ജലിയർപ്പിച്ചു. ഇതിനിടയിൽ ലേഖയുടെ സഹോദരിയെ ബന്ധുക്കൾ മൃതദേഹങ്ങൾക്ക‌് അരികിൽ എത്തിച്ചു. ‘നീ എന്തിനാടി പിള്ളേം കൊണ്ടുപോയെ, ഇത്രയൊക്കെ സഹിച്ചില്ലെടീ’ എന്ന‌് പറഞ്ഞ‌് നിലവിളിച്ച ബിന്ദുവിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.

ഏറ്റവും ഒടുവിലാണ‌് ബന്ധുക്കൾ സമ്മതം അറിയിച്ചതോടെ ചന്ദ്രനെ മൃതദേഹം കാണിക്കാൻ പൊലീസ‌് കൊണ്ടുവന്നത‌്. ചന്ദ്രനെ മാത്രമേ കാണാൻ അനുവദിക്കൂ എന്ന‌് ബന്ധുക്കൾ നിബന്ധനവച്ചിരുന്നു. തുടർന്ന‌് കനത്ത സുരക്ഷയിൽ ചന്ദ്രനെയും എത്തിച്ചു.

വിതുമ്പലോടെ വൈഷ്ണവിയുടെ സഹപാഠികൾ

വിതുമ്പലോടെ വൈഷ്ണവിയുടെ സഹപാഠികൾ

ആത്മഹത്യ ചെയ‌്തത‌് ഹൈക്കോടതി കേസ് പരി​ഗണിച്ച ദിവസം
കൊച്ചി
കനറാ ബാങ്കിന്റെ ജപ്തി നടപടികൾക്കെതിരെ ലേഖ നൽകിയ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി സിം​ഗിൾബെഞ്ച് പരി​ഗണിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ വായ്പയ‌്ക്ക് ആറരലക്ഷത്തോളം രൂപയുടെ കുടിശ്ശികയുണ്ടായതിന്റെ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതെ ഭൂമി ജപ്തി ചെയ്യാനുള്ള നീക്കത്തെ ചോദ്യംചെയ്ത് ഭർത്താവ് ചന്ദ്രൻ രുദ്രനുമൊത്താണ് ലേഖ ഹർജി ഫയൽ ചെയ്തിരുന്നത്. കേസ് പരിഗണിക്കവേ കുടിശ്ശിക തുക അടയ‌്ക്കാമെന്ന് ഹർജിക്കാരൻ എഴുതി ഒപ്പിട്ട‌് രേഖ സമർപ്പിച്ചിട്ടുണ്ടെന്ന ബാങ്കിന്റെ വിശദീകരണത്തെ തുടർന്ന് ഇക്കാര്യങ്ങളിലുള്ള സ്ഥിരീകരണത്തിനായി ജസ്റ്റിസ് വി രാജാ വിജയരാഘവൻ കേസ് 20ലേക്ക് മാറ്റിയിരുന്നു. കേസ് പരി​ഗണിക്കുന്നത് മാറ്റിയത് ജപ്തി നടപടികളിൽനിന്ന് ബാങ്ക് അധികൃതർ താൽക്കാലികമായി വിട്ടുനിന്നേക്കാവുന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. എന്നാൽ, ഈ കേസ് കോടതിയിൽ നടന്നതിന് പിന്നാലെ അമ്മയുടെയും മകളുടെയും മരണവാർത്തയാണ് പുറത്തുവന്നത്.

2005ൽ എടുത്ത വായ്പ പൂർണമായി അടച്ചുതീർക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞില്ലെന്ന‌് ഹർജിയിൽ പറയുന്നു.  6.42 ലക്ഷത്തോളം രൂപ കുടിശ്ശിക അടയ‌്ക്കാനും ഇല്ലെങ്കിൽ മാർച്ചിൽ ജപ്തി നടപ്പാക്കാനും ബാങ്കിന്റെ നോട്ടീസ് ലഭിച്ചു. ജപ്തി നടപടി അറിയിച്ച് കഴിഞ്ഞദിവസം അഭിഭാഷക കമീഷന്റെ നോട്ടീസും ലഭിച്ചു. കുടിശ്ശിക അടച്ചുതീർക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ജപ്തി നടപടികൾ ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജി പരിഗണിക്കവേയാണ് പണം അടയ‌്ക്കാമെന്ന് രേഖാമൂലം അറിയിച്ചതായി ബാങ്ക് ചൂണ്ടിക്കാട്ടിയത്. കേസ് പരിഗണിച്ച ചൊവ്വാഴ്ച അടയ‌്ക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി. തുടർന്നാണ് ഇതിന്റെ നിജസ്ഥിതി വിശദീകരിക്കാനും പണം അടച്ചുവോ എന്ന് വ്യക്തമാക്കാനും സമയം നൽകി ഹർ‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

പൂജിച്ച ലോട്ടറി, പിന്നെ പെട്ടി
ആഭിചാരവും ദുർമന്ത്രവാദവും; നിഗൂഢതകളുടെ വീട‌്
പാറശാല
ആഭിചാരവും ദുർമന്ത്രവാദങ്ങളുമുള്ള നിഗൂഢതകൾ നിറഞ്ഞ വീട‌്. ഇതാണ‌് ചന്ദ്രന്റെ വസതി. വീടിന‌ു പിന്നിൽ പ്രത്യേക പൂജാസ്ഥലം. ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങൾ. പൊലീസിന‌ു ലഭിച്ച‌ തെളിവുകൾ ചന്ദ്രൻ അന്ധവിശ്വാസത്തിന‌് അടിമയാണെന്ന‌് സൂചിപ്പിക്കുന്നതാണ‌്.

രണ്ട‌് അറകളോട‌ു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോൾ പൊലിസ‌ിന‌ു ലഭിച്ചത‌് താലത്തിൽ പൂജിച്ച‌ുവച്ച ലോട്ടറി ടിക്കറ്റ‌്. ഒപ്പം നിലവിളക്കും. രണ്ടാമത്തെ അറ തുറന്നപ്പോൾ  ലഭിച്ചത‌് പെട്ടി. ഇതിനുള്ളിൽ മുണ്ടും ഷർട്ടും സാരിയും കുറെ കുപ്പിവളകളും. പൊലീസ‌് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച‌്  സൂചനയുണ്ട‌്.

അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും
തിരുവനന്തപുരം
അമ്മയും മകളും ആത്മഹത്യ ചെയ‌്ത സംഭവത്തിൽ അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും. മന്ത്രവാദവും പൂജകളും ചന്ദ്രൻ നടത്തിയിരുന്നത‌് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന‌് പരിസരവാസികൾ പൊലീസിന‌് മൊഴി നൽകിയിട്ടുണ്ട‌്. രാത്രികാലങ്ങളിലാണ‌് ഇയാൾ ഇവിടെ എത്തിയിരുന്നത‌്. കോട്ടൂരിൽ ഉള്ളതാണെന്ന‌് മാത്രം അറിയാം. മറ്റുവിവരങ്ങൾ ഒന്നും ഇയാളെക്കുറിച്ച‌് പരിസരവാസികൾക്ക‌് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യവും അന്വേഷിക്കുമെന്ന‌് പൊലീസ‌് അറിയിച്ചു.

ഒരുതുള്ളി കണ്ണീർ പൊഴിക്കാതെ ചന്ദ്രൻ
പാറശാല
ഭാര്യയെയും മകളെയും അവസാനമായി ഒരുനോക്ക‌് കണ്ടപ്പോൾ ചന്ദ്രന്റെ മുഖത്ത‌് നിർവികാരത‌. ഒരു തുള്ളി കണ്ണീർപോലും പൊഴിഞ്ഞില്ല. ‘കണ്ടോ’ എന്ന ചോദ്യത്തിന‌് തലയാട്ടി.

ചന്ദ്രനെ മൃതശരീരങ്ങൾ കാണിക്കണമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവിൽ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയിൽ എത്തി. തുടർന്ന‌് പൊലീസ‌ിനെ അറിയിച്ചു. കനത്ത സുരക്ഷയിൽ സ‌്റ്റേഷനിൽനിന്ന‌് പൊലീസ‌് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂർണമായി കത്തിക്കരിച്ച വൈഷ‌്ണവിയുടെ  മുഖമുൾപ്പെടെ മറച്ചിരുന്നു. ചന്ദ്രന‌് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു. ഭാവഭേദങ്ങൾ ഒന്നുമില്ലാതെയാണ‌് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രൻ കണ്ടത‌്. പിന്നീട‌് പൊലീസ‌് വാഹനത്തിലേക്ക‌് കയറ്റാൻ ശ്രമിച്ചപ്പോൾ ചെറിയ പ്രതിഷേധസ്വരം ഉയർന്നെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ലൂസ‌് ചന്ദ്രൻ എന്നാണ‌് നാട്ടുകാർ ഇയാളെ വിളിച്ചിരുന്നത‌്.

ചന്ദ്രന്റെ അമ്മ കൃഷ‌്ണമ്മയെ മൃതദേഹം കാണിക്കാൻ കൊണ്ടുവന്നിരുന്നില്ല. കൃഷ‌്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത‌് എന്ന‌് ബന്ധുക്കൾ നിബന്ധനവച്ചിരുന്നു.

സ‌്ത്രീധന പീഡനം: ലേഖ നേരത്തെയും ആത്മഹത്യക്ക‌് ശ്രമിച്ചു
പാറശാല -
 കൃഷ‌്ണമ്മ സ‌്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനെ തുടർന്ന‌് ലേഖ നേരത്തെയും ആത്മഹത്യക്ക‌് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ലേഖയുടെ ഇളയച്ഛൻ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ‌് ഇക്കാര്യം പുറത്തറിയിച്ചത‌്. കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ‌്തിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇനിമേൽ പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ‌് കൃഷ്ണമ്മയ‌്ക്ക് താക്കീതും നൽകി.

ഒരു മാസം മുമ്പ‌് ഫോണിൽ വിളിച്ച ലേഖ ബാങ്ക് വായ്പയെക്കുറിച്ചും വീട്ടിൽ പൂജ നടക്കുന്ന കാര്യത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാൽ, ആത്മഹത്യ ചെയ്യത്തക്കതരത്തിലുള്ള ഒന്നുംതന്നെ പറഞ്ഞിരുന്നില്ല.  എന്തെങ്കിലുമുള്ള മനോവിഷമം അറിയിച്ചിരുന്നെങ്കിൽ  സംരക്ഷിക്കുമായിരുന്നുവെന്നും ബിന്ദു കണ്ണുനീരോടെ പറഞ്ഞു. ബാങ്ക് വായ്പയിലെ കുടിശ്ശിക അടയ‌്ക്കാനുള്ള മനോവിഷമവും സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ചു വന്ന പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക‌് നയിച്ചതെന്ന് വിശ്വസിക്കുന്നതായി ബിന്ദുവിന്റെ ഭർത്താവ് ദേവരാജനും പറഞ്ഞു.

പേരുകൾ ഭിത്തിയിൽ കരികൊണ്ടെഴുതി
പാറശാല
മണ്ണെണ്ണയുടെയും ശരീരം പൊള്ളിയതിന്റെയും മണം ഇനിയും മാറിയിട്ടില്ല വൈഷ‌്ണവിയുടെ വീട്ടിൽ. ഹാളിനോട‌് ചേർന്നുള്ള മുറിയിലാണ‌് വൈഷ‌്ണവിയും അമ്മ ലേഖയും തീകൊളുത്തി ആത്മഹത്യ ചെയ‌്തത‌്. മുറിയുടെ വാതിൽ തുറക്കുന്ന ഭാഗത്തെ ഭിത്തിയിൽ ‘‘എന്റെയും മോളുടെയും മരണത്തിന‌് കാരണം കൃഷ‌്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ‌്’ എന്ന‌് ലേഖ കരികൊണ്ടെഴുതിയിരുന്നു.

കട്ടിലിൽ കിടക്കുന്ന ഭാഗത്തെ ചുമരിൽ നല്ല ഉയരത്തിലാണ‌് കടലാസിൽ എഴുതി ആത്മഹത്യക്കുറിപ്പ‌് ഒട്ടിച്ച നിലയിൽ കണ്ടെത്തിയത‌്. പുകയേറ്റ നിലയിലായിരുന്നു കുറിപ്പ‌്. കത്തിപ്പോകരുതെന്ന ഉദ്ദേശ്യത്തോടെയാണ‌് നല്ല ഉയരത്തിൽ ആത്മഹത്യക്കുറിപ്പ‌് ഒട്ടിച്ചത‌് എന്നാണ‌് പൊലീസ‌് നിഗമനം.

ചിതയൊരുക്കി, അടുത്തടുത്ത‌്
പാറശാല
 ഒരുതുള്ളി കണ്ണീർപോലും വാർക്കാതെ ചന്ദ്രനും കണ്ടുമടങ്ങിയതോടെയാണ‌് ലേഖയുടെയും മകൾ വൈഷ‌്ണവിയുടെയും മൃതദേഹങ്ങൾ ചിതയിലേക്ക‌് എടുത്തത‌്. മൃതദേഹം എടുത്തതോടെ ലേഖയുടെ സഹോദരിയുടെയും മറ്റുള്ളവരുടെയും നിലവിളികൾ മുഴങ്ങി. വിടീന‌് പിറകിൽ അടുത്തടുത്താണ‌് അമ്മയ‌്ക്കും മകൾക്കും ചിത ഒരുക്കിയത‌്. ബിന്ദുവിന്റെ മകൻ ശ്യാം ബി ദേവ‌് ചിതയ‌്ക്ക‌് തീകൊളുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top