30 November Monday

കോവിഡ്‌ 19 നിരീക്ഷണം : ജില്ലയിൽ 87 പേർകൂടി

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020


കാക്കനാട്
ജില്ലയിൽ ഐസൊലേഷനിൽ കഴിയുന്ന ഒരാൾക്കുകൂടി കോവിഡ്‌–-19 ഇല്ലെന്ന്‌ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിൽനിന്ന്‌ ലഭിച്ച ഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. അതേസമയം, രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഞായറാഴ്‌ച പുതിയതായി 87 പേരെക്കൂടി നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ 77 പേർ വീടുകളിലും 10 പേർ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുമാണുള്ളത്. നിരീക്ഷണ കാലാവധി അവസാനിച്ച 22 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. മെഡിക്കൽ കോളേജിൽനിന്ന് നാലുപേരെ വിട്ടയച്ചു. നിലവിൽ 32 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. കളമശേരിയിൽ ഇരുപത്തഞ്ചും മൂവാറ്റുപുഴയിൽ ഏഴുപേരുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. വീടുകളിൽ നിലവിൽ 680 പേർ നിരീക്ഷണത്തിലുണ്ട്‌.

ജില്ലയിൽനിന്ന് 16 സാമ്പിളുകൾ പരിശോധനയ്ക്ക്‌ അയച്ചു. കൊറോണ കൺട്രോൾ റൂമിലേക്ക് 341 ഫോൺ വിളികളെത്തി. ഇതിൽ 47 പേർക്ക് പരിരക്ഷ കൗൺസിലർമാർ കൗൺസലിങ് നൽകി. രോഗലക്ഷണങ്ങളെക്കുറിച്ചും പരിശോധനാവിവരങ്ങളും അറിയാനാണ്‌ വിളികളെത്തിയത്‌. സർക്കാർ നിർദേശം അവഗണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും ചിലർ അറിയിച്ചു.  വിദേശത്തുനിന്ന്‌ അതിഥികൾ എത്തുന്നുണ്ടെന്ന്‌ അറിയിച്ച് ഹോട്ടലുകളിൽനിന്ന്‌ വിളികളെത്തി.

കരുവേലിപ്പടി താലൂക്കാശുപത്രിയിൽ കോവിഡ്‌–-19 ഐസൊലേഷൻ വാർഡ്‌ സജ്ജമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രിൽ നടത്തി.  കലക്ടറുടെ നിർദേശപ്രകാരം ജില്ലാ കൊറോണ കൺട്രോൾ റൂമിന്റെ നേതൃത്വത്തിലായിരുന്നു മോക്ഡ്രിൽ. നിലവിൽ എട്ടു കിടക്കകളാണ് ഐസൊലേഷൻ വാർഡിലുള്ളത്. സംശയിക്കുന്ന വ്യക്തി ഐസൊലേഷൻ വാർഡിൽ എത്തുന്നതുമുതൽ സാമ്പിൾശേഖരണം നടത്തി പരിശോധനയ്ക്ക് അയക്കുന്നതിന്റെ നടപടിക്രമങ്ങൾകൂടി മോക്ഡ്രിലിന്റെ ഭാഗമായി പൂർത്തിയാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top