20 March Wednesday

കലക്‌ടർ വാക്കുപാലിച്ചു; കുട്ടമ്പുഴ ആദിവാസി ഊരിലെ ബദൽ സ്‌കൂളിലെ കുട്ടികൾ മെട്രോയിലും ബോട്ടിലും യാത്ര ആസ്വദിച്ച് മടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

കുട്ടമ്പുഴ പഞ്ചായത്തിലെ എളംപ്ലാശ്ശേരി ആദിവാസി ബദൽ സ്കൂളിലെ കുട്ടികൾക്കൊപ്പം ഐഎസ്എൽ ഫുട്ബോൾ കളി കാണുന്ന ജില്ലാ കലക്‌ടർ കെ മുഹമ്മദ് വൈ സഫീറുള്ള

കൊച്ചി>  കലക്‌ടർ വാക്കുപാലിച്ചതോടെ ആദ്യമായി നഗരത്തിലെത്തിയ കുട്ടമ്പുഴ ആദിവാസി ഊരിലെ ബദൽ സ്‌കൂൾ കുട്ടികൾ മെട്രോയിലും ബോട്ടിലും യാത്ര ആസ്വദിച്ച് മടങ്ങി.  ‌‌കഴിഞ്ഞ ആഴ്‌ച കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരിൽ സന്ദർശനം നടത്തിയപ്പോഴാണ് എളംപ്ലാശ്ശേരി ബദൽ സ്‌കൂൾ കുട്ടികൾ കൊച്ചി നഗരം കാണാൻ വരുമ്പോൾ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം കുട്ടികൾ കലക്‌ടറോട് പറഞ്ഞത്. മെട്രോയിൽ കയറാനുള്ള സംവിധാനം ഒരുക്കാമെന്ന് കലക്‌ടർ കുട്ടികൾക്ക്‌ ഉറപ്പു നൽകുകയും ചെയ്‌തു.

എളംപ്ലാശ്ശേരി ഏകാധ്യാപക സ്‌കൂളിലെ 13 കുട്ടികളും അഞ്ചുകുടി ഏകാധ്യാപക സ്‌കൂളിലെ 19 കുട്ടികളും അധ്യാപകരും മാതാപിതാക്കളുമാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്. അധ്യാപകരായ സെലിൻ പി മാത്യുവിന്റെയും ജോസി സെബാസ്റ്റ്യന്റെയും വാർഡ് മെമ്പർ അരുൺ ചന്ദ്രന്റെയും നേതൃത്വത്തിലാണ് കുട്ടികൾ നഗരം കാണാൻ എത്തിയത്. ആദ്യമായിട്ടാണ് കുട്ടികൾ പുറം ലോകം കണ്ടത്. എസ്‌കലേറ്ററിൽ കയറാൻ ഭയപ്പെട്ട് മടിച്ച് നിന്നെങ്കിലും ധൈര്യം സംഭരിച്ച് എല്ലാവരും കയറി. മെട്രോയിൽ കയറിയപ്പോൾ പലരുടെയും മുഖത്ത് പേടിയും അമ്പരപ്പുമായിരുന്നു.

അബരചുംബികളായ ഫ്ലാറ്റുകൾ പലരിലും അത്ഭുതം ഉളവാക്കി. മെട്രോയിൽ നിന്ന് ഇറങ്ങി ഡിറ്റിപിസി ഒരുക്കിയ ബോട്ടിൽ വേമ്പനാട്ട് കായലിലൂടെ യാത്ര. ഡിറ്റിപിസി സൂപ്പർവൈസർ കെ ടി രാജീവ് കായൽപ്പരപ്പിലെ കെട്ടിടങ്ങളും ബോട്ടുകളും കപ്പലുകളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കൊച്ചിൻ ഷിപ്യാർഡ് സംഭാവന ചെയ്‌ത അയ്യായിരം രൂപയുടെ പുസ്‌തകങ്ങൾ കൃതി രാജ്യാന്തര പു‌സ്‌തകമേളയിൽ നിന്ന് കുട്ടികൾക്ക് നൽകി. തുടർന്ന് പുതുവൈപ്പ് ബീച്ച്, ലൈറ്റ് ഹൗസ്, സുഭാഷ് പാർക്ക് എന്നിവിടങ്ങളിലും സമയം ചെലവഴിച്ചു. വൈകിട്ടത്തെ ഐഎസ്എൽ ഫുട്ബോൾ മത്സരം കള‌ക്‌ടർക്കൊപ്പം ആസ്വദിച്ചാണ് കുട്ടികൾ മടങ്ങിയത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top