03 March Wednesday

ആദ്യഘട്ട വാക്സിനേഷന്‌ ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


കൊച്ചി
ആദ്യഘട്ട കോവിഡ് വാക്സിനേഷന് ശനിയാഴ്ച രാവിലെ പത്തിന് തുടക്കമാകും. ദേശീയ, സംസ്ഥാനതല ഉദ്ഘാടനങ്ങൾക്കായി ടു -വേ കമ്യൂണിക്കേഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. വാക്സിനേഷൻ നടക്കുന്ന 12 കേന്ദ്രങ്ങളിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി വാക്സിനെത്തിച്ചു.

വരുംദിവസങ്ങളിൽ മറ്റു കേന്ദ്രങ്ങളിലേക്കും വാക്സിനേഷൻ വ്യാപിപ്പിക്കും. വാക്സിൻ വിതരണത്തിനുള്ള പരിശീലനവും സജ്ജീകരണങ്ങളും കൂടുതൽ ശക്തമാക്കും. 125 സ്വകാര്യ ആശുപത്രികളും 129 സർക്കാർ ആശുപത്രികളും അടക്കം ആകെ 260 വാക്സിനേഷൻ കേന്ദ്രങ്ങൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.  മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോപ്പതി, സ്വകാര്യ ആശുപത്രികൾ, തീരദേശ -ആദിവാസി മേഖലകൾ, സർക്കാർ - സ്വകാര്യ മെഡിക്കൽ കോളേജുകൾ, നഗര പ്രാഥമികാരോഗ്യ കേന്ദ്രം, താലൂക്കാശുപത്രി എന്നിവ ഉൾപ്പെടെയാണിത്. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. വാക്സിനേഷൻ ബൂത്തിൽ നിയുക്ത വാക്സിനേഷൻ ഓഫീസർ, വാക്സിൻ സ്വീകരിക്കുന്ന വ്യക്തി, ആരോഗ്യപ്രവർത്തകൻ എന്നിവർ മാത്രമേ ഉണ്ടാകൂ.

വാക്സിനേഷന് പിപിപി മാതൃക
കടവന്ത്ര നാ​ഗരിക കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ പിപിപി മാതൃകയിലാണ് വാക്സിനേഷൻ നടത്തുന്നത്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ  സഹകരണത്തോടെയാണ് ഇവിടെ വാക്സിനേഷൻ നടക്കുന്നത്. സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകർക്ക് വാക്സിനെടുക്കുന്നത് അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ്. ഈ പൊതു സ്വകാര്യ പങ്കാളിത്ത മാതൃക വിജയിച്ചാൽ മറ്റു കേന്ദ്രങ്ങളിലേക്കുമിത് വ്യാപിപ്പിക്കും.

ആദ്യം എറണാകുളം ​ഗവ. മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക്ക്
കോവിഡ് പ്രതിരോധത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന എറണാകുളം ​ഗവ. മെഡിക്കൽ കോളേജിലെ ആരോ​ഗ്യപ്രവർത്തകരെയാണ് കോവിഡ് വാക്സിനേഷന് ആദ്യം പരി​​ഗണിക്കുക. കോവിഡ് -ഇതര രോഗികളെ ചികിത്സിക്കുന്ന ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കാണ് അടുത്ത പരി​ഗണന. പിന്നീട് താലൂക്കാശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകരെയാണ് പരി​ഗണിക്കുക. 63,000 ആരോ​ഗ്യപ്രവർത്തകരാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവുമധികം ആരോ​ഗ്യപ്രവർത്തകർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളത്തുനിന്നാണ്. 73,000 ഡോസ് വാക്സിനാണ് ജില്ലയ്ക്ക് ആദ്യഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top