21 February Friday

ഫാസ്‌ടാഗ്‌ ആദ്യ ദിനം കുരുങ്ങി; ടോൾപ്ലാസകളിൽ ഗതാഗത കുരുക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020


ദേശീയ പാതകളിലെ ടോൾപ്ലാസകളിൽ ഫാസ്‌ ടാഗ്‌ നിർബന്ധമാക്കിയ ആദ്യ ദിനം ട്രാക്കുകളിൽ ഗതാഗതകുരുക്കായി. ഫാസ്‌ടാഗ്‌ ഇല്ലാത്ത വാഹനങ്ങൾക്ക്‌ പണമടച്ച്‌ പോകാൻ സംവിധാനമുള്ള ട്രാക്കുകളിലാണ്‌  തിരക്ക്‌ അനുഭവപ്പെട്ടത്‌. ഭൂരിഭാഗം വാഹനങ്ങളും ഫാസ്‌ടാഗിലേക്ക്‌ മാറാത്തതാണ്‌ പ്രതിസന്ധി തീർത്തത്‌. ഫാസ്ടാ​ഗുള്ള വാഹനങ്ങളും ആദ്യദിനത്തിൽ കുടുങ്ങി. റീചാർജ് ചെയ്‍തിട്ടുള്ള വാഹനങ്ങളിലും സെൻസർ പൂർത്തിയാകുമ്പോൾ തുകയില്ല എന്ന് കാണിച്ചതാണ് പ്രശ്നമായത്. പിന്നീട് നാഷണൽ ഹൈവേ അതോറിറ്റിയിലെ ഉദ്യോ​ഗസ്ഥരെത്തിയാണ് സാങ്കേതിക തടസ്സം പരിഹരിച്ചത്.

വാളയാർ, പാല്യേക്കര, അരൂർ കുമ്പളം, എറണാകുളം പൊന്നാരിമംഗലം ടോൾ പ്ലാസകളിൽ  ആദ്യദിനം ഫാസ്‌ടാഗ്‌ ഉപയോഗിച്ചത്‌ 35 ശതമാനത്തോളം വാഹനങ്ങൾ മാത്രമാണ്‌. ഫാസ്‌ടാഗ്‌ ഇല്ലാത്ത വാഹനങ്ങൾക്ക്‌ പണമടച്ച്‌ പോകാൻ സംവിധാനമുള്ള ട്രാക്കുകളിൽ വാഹനങ്ങൾ തിരിച്ചുവിടാൻ ജീവനക്കാരെ നിയോഗിച്ചിരുന്നുവെങ്കിലും കാര്യക്ഷമമായില്ല.  ടാഗില്ലാതെ ഫാസ്‌ടാഗ്‌ ട്രാക്കിലൂടെ വന്ന ഏതാനും വാഹനങ്ങളിൽനിന്ന്‌ ഇരട്ടി തുക ഈടാക്കി.  വാളയാറിലായിരുന്നു വലിയ ഗതാഗത കുരുക്ക്‌.  തിരക്ക് കൂടിയതോടെ പണം അടച്ചുപോകേണ്ട കവാടം രണ്ടിൽനിന്ന് മൂന്നാക്കി ഉയർത്തി.

പാല്യേക്കരയിൽ പതിമൂവായിരത്തോളം വാഹനങ്ങൾക്കു മാത്രമാണ് നിലവിൽ ഫാസ്‌ടാഗ് പാസുള്ളത്. ഒരു ട്രാക്ക് മാത്രം പാസില്ലാത്തവർക്ക് ഒഴിച്ചിട്ടതിനാൽ ഈ ട്രാക്കിലും വലിയ വാഹനത്തിരക്കാണ്. ആമ്പല്ലൂർമുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആംബുലൻസുൾപ്പെടെ കുരുങ്ങി.


പ്രധാന വാർത്തകൾ
 Top