27 February Thursday

പൗരത്വ പോരാട്ടം മോഡി വാഴ്ചയ്ക്ക് അന്ത്യംകുറിക്കും, മതാടിസ്ഥാനത്തിൽ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള നീക്കം വിജയിക്കില്ല.: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020


തളിപ്പറമ്പ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടം മോഡിവാഴ്ചയ്ക്ക് അന്ത്യംകുറിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.  മതാടിസ്ഥാനത്തിൽ  ഇന്ത്യയെ വെട്ടിമുറിക്കാനുള്ള  നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും നീക്കം വിജയിക്കില്ല. ഈ പോരാട്ടത്തിന്‌ നേതൃത്വം വഹിക്കുന്നത്‌ കേരളമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി സത്യഗ്രഹം നടത്തിയതും നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതും കേരളത്തിലാണ്.  തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ  ഭരണഘടനാ സംരക്ഷണ ബഹുജന റാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമ ഭേദഗതിയിലെ ഭരണഘടനാവിരുദ്ധതയും ദുഷ്ടലാക്കും വഞ്ചനയുമാണ് സിപിഐ എമ്മും ഇടതുപക്ഷവും  ചോദ്യംചെയ്യുന്നത്. ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷത്തെ അന്യവൽക്കരിക്കുന്നതാണ് പൗരത്വനിയമ ഭേദഗതി . ഭരണഘടന ഉറപ്പുനൽകുന്ന പൗരാവാകാശം, തുല്യത എന്നിവയുടെ ലംഘനമാണിത്‌.

ഇന്ത്യയെ വിഭജിക്കുന്ന രാഷ്ട്രീയമാണ് മോഡി പുറത്തെടുക്കുന്നത്.  ഭൂപ്രദേശം മാത്രമുണ്ടായാൽ ഒരു രാജ്യമാവില്ല. അവിടെയുള്ള ജനങ്ങളാണ് പരമപ്രധാനം. വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നവരുണ്ടാവാം. ഒരു മതത്തിൽ വിശ്വസിക്കാത്തവരും രാജ്യത്തിന്റെ  ഭാഗമാണ്. ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തി വർഗീയധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്തുകയാണ് മോഡിയുടെ ലക്ഷ്യം. ഗുജറാത്ത്  വംശഹത്യയാണ് മോഡിയുടെ മാതൃകയെന്നും ബേബി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top