29 February Saturday

കഷണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞു; കൊലയാളി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 16, 2020


കോഴിക്കോട്‌
ഉടലും തലയും കൈകാലുകളും വേർപെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം രണ്ടുവർഷത്തിനുശേഷം പൊലീസ്‌ തിരിച്ചറിഞ്ഞു. കൊലയാളിയും പൊലീസിന്റെ വലയിലായിട്ടുണ്ട്‌. ഇയാളുടെ അറസ്‌റ്റ്‌ വ്യാഴാഴ്‌ച രേഖപ്പെടുത്തും. അതേസമയം, കൊല്ലപ്പെട്ടയാളുടെയും കൊലയാളിയുടെയും പേരുവിവരം പുറത്തുവിടാൻ പൊലീസ്‌ തയ്യാറായിട്ടില്ല. ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയാണ്‌ കൊലക്ക്‌ കാരണമായത്‌. വണ്ടൂർ സ്വദേശിയാണ്‌ പ്രതിയെന്നാണ്‌ സൂചന.

2017 ജൂണിലാണ്‌ സംഭവങ്ങളുടെ തുടക്കം. ജൂൺ 28ന്‌ ചാലിയത്തുനിന്ന്‌ ഇടതുകൈയും ജൂലൈ ഒന്നിന്‌ വലതുകൈയും ലഭിച്ചു. ജൂലൈ ആറിന്‌ മുക്കത്തുനിന്ന്‌ ഇരുകൈയും കാലും വേർപെട്ട ഉടൽ ചാക്കിൽ കെട്ടിയ നിലയിലും ആഗസ്‌ത്‌ 13ന്‌ ചാലിയത്തുനിന്ന്‌ തിരിച്ചറിയാനാവാത്ത തലയും കിട്ടി. ബേപ്പൂർ പൊലീസ്‌ മൂന്ന്‌ കേസുകളും മുക്കം പൊലീസ്‌ ഒരു കേസും രജിസ്‌റ്റർചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. 2017 ഒക്ടോബറിലാണ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തത്‌.

കഴിഞ്ഞ നവംബറിൽ മരിച്ചയാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ്‌  തിരിച്ചറിഞ്ഞത്‌. തമിഴ്‌നാട്ടിലെ പാട്ടവയലിൽനിന്നാണ്‌ പ്രതിയെ പിടിച്ചത്‌.


പ്രധാന വാർത്തകൾ
 Top