12 November Tuesday

വായ്‌പാ തിരിച്ചടവ്‌ കൈമാറാത്തത്‌ ക്രിമിനൽ കുറ്റം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2019


കൊച്ചി
ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിച്ച വായ്‌പാ തിരിച്ചടവുതുക, വായ്പ നൽകിയ ധനകാര്യ സ്ഥാപനത്തിന്‌ കെഎസ്‌ആർടിസി കൈമാറാത്തത് ക്രിമിനൽ കുറ്റമാണെന്ന് ഹൈക്കോടതി. വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്‌തില്ലെങ്കിൽ കെഎസ്ആർടിസി എംഡിക്കെതിരെ കേസെടുക്കാൻ പൊലീസിനോട്‌ നിർദേശിക്കുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.

വായ്പാ തിരിച്ചടവിനായി ഈടാക്കിയ തുക കെഎസ്എഫ്ഇക്കും സഹകരണ ബാങ്കിനും നൽകിയില്ലെന്ന് ആരോപിച്ച് തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ പി ടി സനിൽകുമാർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.  ശമ്പളത്തിൽനിന്ന് ഈടാക്കുന്ന തുക വായ്പാ സ്ഥാപനങ്ങൾക്ക് കൈമാറുന്നുണ്ടെന്ന് കെഎസ്ആർടിസി  ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഹർജിക്കാരൻ വീടിന്റെ അറ്റകുറ്റപ്പണിക്കായി കെഎസ്എഫ്ഇയിൽനിന്ന് 70,000 രൂപയും സഹകരണ ബാങ്കിൽനിന്ന് മൂന്നു ലക്ഷം രൂപയും  വായ്പയെടുത്തു. ശമ്പളത്തിൽനിന്ന് തിരിച്ചടവു തുക പിടിക്കാൻ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ കെഎസ്ആർടിസി തുക പിടിച്ചെങ്കിലും കെഎസ്എഫ്ഇക്കും സഹകരണ ബാങ്കിനും നൽകിയില്ല. 2019 ജൂലൈയിലെ കണക്കനുസരിച്ച് കെഎസ്എഫ്ഇക്ക്‌ 84,000 രൂപയും സഹകരണ ബാങ്കിന് 1.65 ലക്ഷം രൂപയും കുടിശ്ശികയുണ്ട്. കേസ് ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും.


പ്രധാന വാർത്തകൾ
 Top