10 August Monday

സിപിഐ എം ദുരിതാശ്വാസഫണ്ട്‌ ശേഖരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

ജില്ലാ ഹെഡ് ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സമാഹരിച്ച അഞ്ചുലക്ഷം രൂപയുടെ ചെക്ക്‌ കെ എം അഷ്‌റഫ്‌, സി എൻ മോഹനന്‌ കൈമാറുന്നു


കൊച്ചി
പേമാരിയിലും ഉരുൾപൊട്ടലിലും ഉറ്റവരെയും കിടപ്പാടവും നഷ്‌ടപ്പെട്ട ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സിപിഐ എം തുടക്കംകുറിച്ച ദുരിതാശ്വാസഫണ്ട്‌ ശേഖരണത്തിന്റെ ആദ്യദിനത്തിൽ നാടിന്റെ കലവറയില്ലാത്ത പിന്തുണ. ‘കണ്ണീർ തുടയ്‌ക്കാം കൈപിടിച്ചുയർത്താം’ ബോർഡുമായി നേതാക്കളും പ്രവർത്തകരുമെത്തിയപ്പോൾ കർഷകരും തൊഴിലാളികളും വ്യാപാരികളും കൈത്തൊഴിലാളികളും മഹാ ഉദ്യമത്തിൽ തങ്ങളുടെ വിഹിതം നൽകി പങ്കാളികളായി. 
എറണാകുളം മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രി എംഡി പി വി ആന്റണിയിൽനിന്ന്‌ ആദ്യസംഭാവന സ്വീകരിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ നഗരത്തിലെ ഫണ്ട്‌ ശേഖരണത്തിന്‌ തുടക്കംകുറിച്ചു. ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. പി വി ലൂയിസ്‌, ഡയറക്‌ടർ പി വി സേവ്യർ എന്നിവരും സന്നിഹിതരായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം അനിൽകുമാർ, ഏരിയ സെക്രട്ടറി പി എൻ സീനുലാൽ എന്നിവരും  രാജീവിനൊപ്പമുണ്ടായി.


 

എറണാകുളം മാർക്കറ്റിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ജെ ജേക്കബ്‌ എന്നിവരുടെ നേതൃത്വത്തിൽ ഫണ്ട്‌ ശേഖരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ്‌മണി പാലാരിവട്ടത്തും കെ ചന്ദ്രൻപിള്ള കളമശേരിയിലും ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ സൗത്തിലും എം സ്വരാജ്‌ എംഎൽഎ തൃപ്പൂണിത്തുറയിലും നേതൃത്വം നൽകി.

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി കെ മണിശങ്കർ (വൈറ്റില), പി എം ഇസ്‌മയിൽ (മൂവാറ്റുപുഴ നോർത്ത്), പി ആർ മുരളീധരൻ (പായിപ്ര), ടി കെ മോഹനൻ (ആലുവ), എം പി പത്രോസ്‌ (നെടുമ്പാശേരി), എൻ സി മോഹനൻ (പെരുമ്പാവൂർ), കെ എൻ ഉണ്ണിക്കൃഷ്‌ണൻ (വൈപ്പിൻ) എന്നിവരും ഫണ്ട്‌ ശേഖരണത്തിന്‌ നേതൃത്വം നൽകി. പാർടി ജില്ലാ കമ്മിറ്റി അംഗങ്ങൾ മുതൽ ബ്രാഞ്ച്‌ അംഗങ്ങൾ വരെയും തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സംഘങ്ങളിലെയും ജനപ്രതിനിധികളുമുൾപ്പെടെ നൂറുകണക്കിന്‌ പ്രവർത്തകരാണ്‌ മഴയെ അവഗണിച്ചും ദുരിതാശ്വാസനിധിയിലേക്ക്‌ പണം കണ്ടെത്താനിറങ്ങിയത്‌. വിവിധ പാർടി കമ്മിറ്റികളുടെ നേതൃത്വത്തിൽ 18 വരെയാണ്‌ ഫണ്ട്‌ ശേഖരണം.

കൈത്താങ്ങുമായി ചുമട്ടുത്തൊഴിലാളികളും
കൊച്ചി
പ്രളയദുരിതബാധിതരെ സഹായിക്കാൻ ചുമട്ടുത്തൊഴിലാളികൾ കൈകോർത്തു. തങ്ങളുടെ അധ്വാനത്തിന്റെ ഒരുപങ്കാണ്‌ അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌. ജില്ലാ ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) സിറ്റി ബ്രാഞ്ച്‌ സമാഹരിച്ച അഞ്ചുലക്ഷം രൂപ സിറ്റി ചുമട്‌ സെക്രട്ടറി കെ എം അഷ്‌റഫ്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനന്‌ കൈമാറി. കനിവ്‌ പാലിയേറ്റീവ്‌ കെയർ ആൻഡ്‌ ചാരിറ്റി ഫോറവും സിറ്റി ചുമടും ചേർന്ന്‌ സംഘടിപ്പിച്ച യോഗത്തിൽ കനിവ്‌ പ്രസിഡന്റ്‌ എൻ എം മാത്യൂസ്‌ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ ജെ ജേക്കബ്‌, സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, സിറ്റി ബ്രാഞ്ച്‌ പ്രസിഡന്റ്‌ വി എൻ സത്യൻ എന്നിവർ സംസാരിച്ചു. പി ആർ സൈമൺ സ്വാഗതവും എസ്‌ മുനാസ്‌ നന്ദിയും പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top