22 November Friday

രക്ഷാപ്രവർത്തനം വേഗത്തിലാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019


തിരുവനന്തപുരം
പ്രളയത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനവും ദുരിതാശ്വാസപ്രവർത്തനവും വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മഴക്കെടുതിയെത്തുടർന്നുള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബന്ധുവീട്ടിലേക്ക് മാറേണ്ടിവന്നവർക്കും അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിഞ്ഞുപോയവർക്കും സഹായം നൽകുന്ന കാര്യം പരിഗണിക്കും. ക്യാമ്പിൽ  താമസിച്ചിട്ടില്ലെങ്കിലും നാശമുണ്ടായവർക്ക് ആനുകൂല്യം ഉറപ്പാക്കും. കർക്കശ പരിശോധന നടത്തി മാത്രമേ ആനുകൂല്യം നൽകൂ. ധനസഹായം കിട്ടുമെന്ന് മനസ്സിലാക്കി ക്യാമ്പിലേക്ക് വന്നവരുണ്ട്. അത് ഒഴിവാക്കാൻ പ്രളയ ദിവസങ്ങളിൽ ക്യാമ്പിൽ എത്തിയവരുടെ പേരുവിവരങ്ങൾ കൃത്യതയോടെ ശേഖരിക്കണം. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കണം.

മണ്ണിനടിയിലുള്ളവരെ കണ്ടെത്തുകയെന്ന ശ്രമകരമായ ജോലിയാണ് ഇപ്പോൾ നടക്കുന്നത്. 1000 കോടിയിലധികം രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. 1,13,000 കൃഷിക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്. 28,000 ഹെക്ടർ കൃഷിഭൂമി നശിച്ചു. മഴ കുറഞ്ഞതായി യോഗം വിലയിരുത്തി. എങ്കിലും ജാഗ്രത തുടരാൻ മുഖ്യമന്ത്രി നിർദേശിച്ചു.


പ്രധാന വാർത്തകൾ
 Top