15 December Sunday

പ്രതികളെ സംരക്ഷിക്കില്ല:- കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻUpdated: Monday Jul 15, 2019



തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഭവം ദൗർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന‌്  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണൻ പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിദ്യാർഥി അഖിൽ ചന്ദ്രനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചശേഷം മാധ്യമങ്ങളോട‌് പ്രതികരിക്കുകയായിരുന്നു കോടിയേരി.

എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണ്. സിപിഐ എമ്മുകാരല്ലാത്തവരും എസ്എഫ്‌ഐയിൽ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, പാർടി ഒരു തീരുമാനവും അടിച്ചേൽപ്പിക്കാറില്ല. എസ്എഫ്‌ഐ തന്നെയാണ് തെറ്റുതിരുത്തൽ നടപടി സ്വീകരിക്കേണ്ടത്. പ്രതികളാക്കപ്പെട്ടവർക്കെതിരെ സംഘടന കർശന നടപടി സ്വീകരിച്ചു. സംഘർഷത്തിന്റെ പേരിൽ കോളേജ് മാറ്റണമെന്ന‌് പറയുന്നത‌് ശരിയല്ല.

മട്ടന്നൂർ കോളേജിൽ കെഎസ്‌യുവിന്റെ നേതാവായിരുന്ന മാഗസിൻ എഡിറ്റർ ബഷീറിനെ കെഎസ്‌യു പ്രവർത്തകർ അടിച്ചുകൊന്നപ്പോൾ കോളേജ് അവിടുന്ന് മാറ്റുകയാണോ ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുമാണ് സ്വീകരിക്കേണ്ടത‌്. എവിടെ അന്വേഷിക്കണമെന്ന് പൊലീസാണ് തീരുമാനിക്കുന്നത്. അന്വേഷണം തടസ്സപ്പെടുത്തുന്ന നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ എന്നിവരും അഖിലിനെ സന്ദർശിച്ചു. അഖിലിന്റെ അച്ഛൻ ചന്ദ്രനുമായും കുടുംബാംഗങ്ങളുമായും അവർ സംസാരിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും ചികിത്സയ‌്‌ക്കും പാർടി ഒപ്പമുണ്ടെന്നത‌് എന്നും തുണയാണെന്ന‌് ചന്ദ്രൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top