23 August Friday

ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചത‌് മുപ്പതോളം പള്ളികളിൽമാത്രം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019


കൊച്ചി
സിറോ മലബാർ സഭ എറണാകുളം–-അങ്കമാലി അതിരൂപത മേജർ ആർച്ച‌് ബിഷപ‌് കർദിനാൾ മാർ ജോർജ‌് ആലഞ്ചേരിയുടെ ഇടയലേഖനം വായിച്ചത‌് പത്തുശതമാനം പള്ളികളിൽമാത്രം. മുന്നൂറിലധികം ഇടവകകളുള്ള അതിരൂപതയിൽ ഞായറാഴ‌്ച കുർബാനമധ്യേ വായിക്കണമെന്ന നിർദേശത്തോടെയാണ‌് ഇടയലേഖനം പുറത്തിറക്കിയത‌്. എന്നാൽ, കർദിനാൾ അനുകൂലപക്ഷത്തെ വൈദികർ വികാരിമാരായ മുപ്പതോളം പള്ളികളിൽമാത്രമാണ‌് വായിച്ചത‌്. ഇടയലേഖനം വായിച്ചാൽ തടയുമെന്ന‌് ഒരുവിഭാഗം വിശ്വാസികൾ നിലപാടെടുത്തിരുന്നു. ചിലയിടങ്ങളിൽ  ഇടയലേഖനം വായിച്ചതിനെച്ചൊല്ലി തർക്കമുണ്ടായതായാണ‌് വിവരം.

അതിരൂപതയിലെ ഭൂമിയിടപാട‌് വിവാദങ്ങളെത്തുടർന്ന‌് മാറ്റിനിർത്തിയിരുന്ന കർദിനാൾ ആലഞ്ചേരിക്ക‌് ചുമതല തിരികെനൽകിയതിലും സഹായമെത്രാന്മാരായ മാർ സെബാസ‌്റ്റ്യൻ എടയന്ത്രത്ത‌്, മാർ ജോസ‌് പുത്തൻവീട്ടിൽ എന്നിവരെ സസ‌്പെൻഡ‌് ചെയ‌്തതിലും വിശ്വാസികൾക്കിടയിൽ അമർഷം പുകയുന്നതിനിടെയാണ‌് ഇടയലേഖനം പുറത്തിറക്കിയത‌്. സഹായമെത്രാന്മാരെ പുറത്താക്കിയതിൽ പങ്കില്ലെന്ന‌് വിശദീകരിക്കുന്ന ഇടയലേഖനത്തിൽ ഭൂമിയിടപാടുകൾ അതിരൂപതയുടെ നന്മയെ കരുതിയാണെന്നും പറയുന്നു. അതിരൂപത‌യ‌്ക്ക‌് പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ബിഷപ്പിനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്നും ഇടയലേഖനത്തിൽ കർദിനാൾ ഉറപ്പുനൽകിയിരുന്നു. വിഭാഗീയപ്രവർത്തനം തടയണമെന്നും അധികാരമുപയോഗിച്ച‌് വൈദികർ സഭാവിരുദ്ധ നടപടികൾ സ്വീകരിക്കരുതെന്നും ലേഖനത്തിലുണ്ട‌്.

നേരത്തെ ഫൊറോന വികാരിമാരുടെ യോഗത്തിൽ കർദിനാൾ സർക്കുലർ അവതരിപ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. ഇടയലേഖനം അംഗീകരിക്കില്ലെന്ന‌് വിശ്വാസികൂട്ടായ‌്മകള‌ും നിലപാടെടുത്തു. ശനിയാഴ‌്ച ചേർന്ന യോഗത്തിൽ അൽമായ മുന്നേറ്റം ഇടയലേഖനത്തെ എതിർത്തിരുന്നു. ഇടയലേഖനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത‌് സഭയിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും യോഗത്തിൽ വിമർശമുയർന്നു. തനിക്കെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെ കർദിനാൾ കള്ളക്കേസുകളും നിയമനടപടികളും സ്വീകരിക്കുന്നത‌് വിരോധാഭാസമാണെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top