19 October Saturday

ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കാൻ ട്രാന്‍സ് വനിതകളുടെ ഐടി സംരംഭം

എ എസ‌് ജിബിനUpdated: Saturday Jun 15, 2019


കൊച്ചി
ആരും തൊഴിൽ നൽകുന്നില്ലെന്ന ട്രാൻസ്ജെൻഡർമാരുടെ പരാതിക്ക് പരിഹാരമുണ്ടാക്കാൻ ഒരുങ്ങുകയാണ് ട്രാൻസ് വനിതകളായ താഹിറ അയീസും തീർത്ഥ സാർവികയും. 50 ട്രാൻസ്ജെൻഡർമാക്ക് തൊഴിൽ നൽകുന്ന ഐടി സംരംഭമാണ് ഇവർ ഒരുക്കുന്നത്. ട്രാൻസ്ജെൻഡർമാർ നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ പൂർണസജ്ജമായ  ഐടി സംരംഭമായിരിക്കുമിത്. ട്രാൻസിസ്‌കോ സൊലൂഷൻസ് എന്ന് പേരിട്ട ഈ ഐടി സംരംഭം 100 ദിവസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകും. ആലുവയോ കാക്കനാട് ഇൻഫോപാർക്കോ കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ പ്രവർത്തനം. ആദ്യഘട്ടത്തിൽ  20 ട്രാൻസ്ജെൻഡർമാർക്ക‌്  ജോലി നൽകും. ഇവരെ തെരഞ്ഞെടുത്തു കഴിഞ്ഞു. ഇവർക്ക്  വിദഗ്ധർ പരിശീലനം  നൽകും. 

കംപ്യൂട്ടർ സയൻസിൽ എൻജിനിയറിങ് ബിരുദം നേടിയവരാണ് താഹിറയും തീർത്ഥയും. പഠിച്ചതും പഠിക്കാത്തതുമായ നിരവധി തൊഴിൽ മേഖലയിൽ ഇരുവരും തൊഴിലെടുത്തിട്ടുണ്ട്. ഇഷ്ടമേഖലയിൽ തൊഴിലെടുക്കുമ്പോഴുള്ള സംതൃപ്തി മറ്റ‌് ജോലികളിൽ കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയാണ് ഇരുവരും ഐടി സംരംഭം തുടങ്ങാൻ ആലോചിച്ചത്. വിദേശ സുഹൃത്തുക്കളുടെ സഹായത്തോടെയാണ‌് മൂലധനം സ്വരൂപിക്കുന്നത‌്. താഹിറ ഐടി മേഖലയിൽ ഫ്രീലാൻസായി ജോലി  ചെയ്യുന്നുണ്ട്. മഹാരാജാസ് കോളേജിൽ ബിഎ ഇം​ഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥിനിയാണ് തീർത്ഥ.

ഇഷ്ടമേഖലയിൽ തൊഴിലിടം സ്ഥാപിക്കുന്നതിനൊപ്പം ട്രാൻസ്ജെൻഡർ വിഭാഗത്തിനും തൊഴിൽ നൽകുന്ന ട്രാൻസിസ്കോ സൊല്യൂഷനെക്കുറിച്ചുള്ള ഡോക്യുമെന്ററി 21ന് പുറത്തിറങ്ങും. ഈ ഡോക്യുമെന്ററിയിൽ താഹിറ അയീസിന്റെയും തീർത്ഥ സാർവികയുടെയും വീക്ഷണത്തിലുള്ള ഇന്ത്യയെയും അവതരിപ്പിക്കും. ദി ഐ ഓപ്പണറാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top