18 June Friday

കിടക്കകൾ 1500 ആക്കും: 
റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021


കൊച്ചി
കൊച്ചി റിഫൈനറിക്കുസമീപം സജ്ജമാക്കിയ താൽക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഓക്സിജൻ കിടക്കകളുടെ എണ്ണം 1500 ആയി ഉയർത്താനാകുമെന്ന്‌  കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിഫൈനറിയുടെ സഹകരണത്തോടെ സജ്ജമാക്കിയ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ചയാണ്‌ ആരംഭിച്ചത്‌. ആദ്യഘട്ടത്തിൽ 100 കിടക്കകളാണ് തയ്യാറാക്കിയത്.

രാജ്യത്ത് ആദ്യമായാണ് ഓക്സിജൻ ഉൽപ്പാദന പ്ലാന്റിൽനിന്ന്‌ നേരിട്ട് ആയിരത്തിലധികം ഓക്സിജൻ കിടക്കകളിലേക്ക് ഓക്സിജൻ വിതരണം സജ്ജമാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രധാന ആശുപത്രികൾക്കായി മൂന്ന് ഓക്സിജൻ ജനറേറ്ററുകൾ നൽകും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എട്ട് കോടിരൂപയുടെ പ്രവർത്തനങ്ങൾ റിഫൈനറി നടത്തി. 12 ടൺ ഓക്സിജൻവരെ പ്രതിദിനം ഉൽപ്പാദിപ്പിക്കാനാകും. ഇതിനുപുറമെ പ്രതിദിനം മൂന്നുമുതൽ നാല് ടൺവരെ ദ്രവീകൃത ഓക്സിജൻ കൊച്ചി യൂണിറ്റിൽ ഉൽപ്പാദിപ്പിക്കുമെന്നും സഞ്ജയ് ഖന്ന പറഞ്ഞു. റിഫൈനറി ചീഫ് ജനറൽ മാനേജർ കുര്യൻ ആലപ്പാട്ട്, ജോയ്സ് തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top