16 June Sunday

ഒഞ്ചിയത്ത്‌ സിപിഐ എം നടത്തിയത്‌ വൻമുന്നേറ്റം; യുഡിഎഫ് പിന്തുണച്ചിട്ടും ആര്‍എംപിക്ക്‌ വോട്ടും ഭൂരിപക്ഷവും കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

കോഴിക്കോട്‌ > ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 5‐ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ നടത്തിയത്‌ വൻമുന്നേറ്റം. 2015 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ആര്‍എംപിക്ക്‌ വോട്ടും ഭൂരിപക്ഷവും കുറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫ് ഇത്തവണയും സ്ഥാനാർഥിയെ നിർത്താതെ ആർഎംപിയെ പിന്തുണച്ചു. കഴിഞ്ഞ തവണത്തെതിനേക്കാൾ 196 വോട്ടുകളാണ്‌ സിപിഐഎം സ്ഥാനാർഥി ഇത്തവണ അധികം നേടിയത്‌.

2015 ലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഒഞ്ചിയം പഞ്ചായത്തിലെ 5‐ാം വാർഡിൽ 1184 വോട്ടാണ്‌ ആകെ പോൾ ചെയ്‌തത്‌. അന്ന്‌ യുഡിഎഫ്‌ പിന്തുണയിൽ മത്സരിച്ച ആർഎംപി സ്ഥാനാർഥി 840 വോട്ടുകൾ നേടി 577 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌  വിജയിച്ചത്‌. സിപിഐ എം സ്ഥാനാർഥി 263 വോട്ടും നേടി.

എന്നാൽ ഇത്തവണ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയുണ്ടായിട്ടും ആര്‍എംപിയുടെ  ഭൂരിപക്ഷം 577 ൽ നിന്നും 308 ആയി കുറഞ്ഞു. 1313 വോട്ടുകൾ പോൾ ചെയ്‌തപ്പോൾ ആർഎംപിക്ക്‌ കിട്ടിയത്‌ 767 വോട്ട്‌. ആകെ പോൾ ചെയ്‌ത വോട്ടുകളുടെ എണ്ണം വർധിച്ചപ്പോൾ 2015 അപേക്ഷിച്ച്‌ ആർഎംപിക്ക്‌ 73 വോട്ടുകൾ കുറഞ്ഞു. എന്നാൽ 2015ൽ 263 വോട്ട‌് നേടിയ സിപിഐ എമ്മിന‌് ഇത്തവണ കിട്ടിയത‌് 459 വോട്ടാണ‌്. 196 വോട്ടിന്റെ(75 ശതമാനം) വർദ്ധനവാണ‌് സിപിഐ എമ്മിന‌് ലഭിച്ചത‌്. ബിജെപിക്ക്‌ 2014 ൽ 81 വോട്ട്‌ കിട്ടിയപ്പോൾ ഉപതെരഞ്ഞെടുപ്പിൽ അത്‌ 80 ആയി.

ആര്‍എംപിക്ക്‌ സിറ്റിങ്‌ സീറ്റ്‌ നിലനിർത്താനായെങ്കിലും  2015 നെ അപേക്ഷിച്ച്‌  ഒഞ്ചിയത്ത് സിപിഐ എമ്മിന്‌ കൂടുതൽ വോട്ടുകൾ നേടാനായത്‌ രാഷ്‌ട്രീയ വിജയമായിട്ടാണ്‌ വിലയിരുത്തുന്നത്‌.


പ്രധാന വാർത്തകൾ
 Top