19 June Wednesday

മൂലധനശക്തികള്‍ക്ക് വേണ്ടവരെ വാര്‍ത്തെടുക്കുന്നതായി ഉന്നതവിദ്യാഭ്യാസം: സുനില്‍ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019


കൊച്ചി
മൂലധനശക്തികൾക്ക് വേണ്ട വൈഭവമുള്ളവരെ വാർത്തെടുക്കലായി ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാറിയെന്ന് സുനിൽ പി ഇളയിടം. വിദ്യാഭ്യാസത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഫോറം ഫോർ മൂവ്‌മെന്റ് ഓൺ എഡ്യൂക്കേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രശ്‌നങ്ങളെന്തെന്ന് അറിയുകയും എന്നാൽ അതിനെതിരെ മൗനം പാലിക്കാൻ വിദ്യാർഥികളെ  നിർബന്ധിക്കുകയാണ് ഇന്നത്തെ വിദ്യാഭ്യാസം ചെയ്യുന്നത‌്. ആറേഴ് വർഷങ്ങൾക്കുള്ളിലാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വഴിമാറിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായില്ല. പഠിക്കാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞു. ആറു വർഷം മുമ്പത്തെ അപേക്ഷിച്ച‌് ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരുടെ എണ്ണം നേർപ്പകുതിയായി. സാധാരണക്കാർക്ക‌് പ്രാപിക്കാൻ പറ്റാത്ത നിലയിലേക്ക് ഉന്നതവിദ്യാഭ്യാസം മാറി. എന്നാൽ ഇതിനെക്കുറിച്ചൊരു ചർച്ചയും കേന്ദ്രത്തിലുണ്ടായില്ല.

ഐഐടികളിലെ തൊഴിലുകളിൽ എട്ടുശതമാനവും ഐഐഎമ്മിൽ ആറു ശതമാനവും മാത്രമാണ് ഒബിസി, എസ‌്സി, എസ്ടി സംവരണമുള്ളത്. ജാതിമേധാവിത്വത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റെയും പ്രത്യക്ഷ ഉദാഹരണമായി ഈ സ്ഥാപനങ്ങൾ മാറുകയാണ്. സ്ഥാപിത ലക്ഷ്യം നേടിയെടുക്കാൻ യോഗ്യതയില്ലാത്തവരെ തലപ്പത്തിരിത്തുന്നത് സ്ഥാപനങ്ങളുടെ അക്കാദമിക-, വൈജ്ഞാനിക നിലവാരം തകർക്കാനാണ്. വിവര സമാഹാരണത്തെ വ്യാഖ്യാനാത്മകമായോ വിമർശനാത്മകമായോ സമീപിക്കാനുള്ള വിദ്യാർഥികളുടെ ശേഷിയില്ലാതാക്കി. വിദ്യാഭ്യാസമെന്നത് വൈഭവ വികസനം മാത്രമാക്കി. വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രത്തിൽ വന്ന മാറ്റവും പ്രതിസന്ധി സൃഷ്ടിച്ചു. ഈ പ്രതിസന്ധി എങ്ങനെ നേരിടാമെന്നാണ് ആലോചിക്കേണ്ടത്‐ അദ്ദേഹം പറഞ്ഞു.

കൺവൻഷൻ പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. നല്ല പൗരനെ സൃഷ്ടിക്കലല്ല നല്ല മനുഷ്യനെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയതയെ കൈവിട്ടാൽ ഈ ലോകം ഒരുകാലത്തും നന്നാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. ടി വി പീറ്റർ,  ഡോ. എം എസ് മുരളി, ഡോ. അജി സി പണിക്കർ, ഹരിലാൽ, സച്ചിൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. പസ‌്‌ലിത്തിൽ സ്വാഗതവും കെഎസ്ടിഎ ജില്ലാ സെക്രട്ടറി കെ വി ബെന്നി നന്ദിയും പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top