24 June Monday

ദ്വീപിലെ കെട്ടിടത്തിന‌് അഗ്നിശമനസുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാലം നിര്‍ബന്ധമല്ല: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019


കൊച്ചി
ദ്വീപുകളിലെ കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഫയർ എൻജിനുകൾക്ക് ദ്വീപിലേക്ക് പോകാൻ കഴിയുന്ന റോഡ് വേണമെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. ദ്വീപുകളിലേക്ക് ജലപാതയുണ്ടെങ്കിൽ പാലം വേണമെന്നു നിർബന്ധിക്കാൻ ഫയർഫോഴ്‌സിന് കഴിയില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ആലപ്പുഴ മുല്ലക്കൽ വില്ലേജിലെ ദ്വീപിൽ നിർമിക്കുന്ന റിസോർട്ടിന് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ സ്വകാര്യകമ്പനി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ദ്വീപിലെ ആറുനിലയുള്ള റിസോർട്ട് കെട്ടിടത്തിന് അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ കോട്ടയം ഡിവിഷണൽ ഫയർ ഓഫീസർ നിരസിച്ചിരുന്നു. ദ്വീപിലേക്ക് റോഡില്ലെന്നും ജലപാത മതിയായതല്ലെന്നും പറഞ്ഞായിരുന്നു ഇത‌്. എന്നാൽ, യാത്രായോഗ്യമായ ജലപാതയും ബോട്ടുജെട്ടിയും ഉണ്ടെങ്കിൽ അഗ്നിസുരക്ഷാ സർട്ടിഫിക്കറ്റ് നൽകാമെന്ന് മുനിസിപ്പൽ ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത്യാവശ്യ ഘട്ടത്തിൽ ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് ദ്വീപിലേക്ക് വരാൻ ജങ്കാർ സൗകര്യം ഒരുക്കാമെന്ന് ഹർജിക്കാരനും വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഹർജിക്കാരന്റെ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top