22 March Friday

രാജ്യത്തിന്റെ മൂല്യങ്ങളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു; കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 14, 2018

കോഴിക്കോട് > രാജ്യത്തിന്റെ മൂല്യങ്ങളെല്ലാം തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റി ജനാധിപത്യം അംഗീകരിച്ച രാഷ്ട്രമാണ് നമ്മുടേത്. പാര്‍ലമെന്ററി സിസ്റ്റം ഇഷ്ടപ്പെടാത്തവരാണ് രാജ്യത്തിന്റെ ഇന്നത്തെ ഭരണകൂടം. അതിന് ആദ്യം പാര്‍ലമെന്റിനെ നിസാരവത്കരിക്കുകയാണ് ചെയ്യുന്നത്. ആര്‍എസ്എസ് അംഗീകരിച്ച തത്വശാസ്ത്രം നാസിസമാണ്. ഫാസിസ്റ്റ് സംഘടനാരീതിയാണ് ബിജെപിയിലൂടെ ആര്‍എസ്എസ് നടപ്പാക്കുന്നത്. കോഴിക്കോട് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണഘടനാ സ്ഥാപനങ്ങളെ തന്നെ തകര്‍ക്കുന്നു. ഏറ്റവും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത വിധം കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ജുഡീഷ്യറിയെ തെരുവിലിട്ട് അലക്കുകയാണ്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയോട് പോലും പുച്ഛത്തോടെയാണ് പെരുമാറുന്നത്. രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി വേണ്ട എന്ന് പറയുന്നത് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും എല്ലാമടങ്ങുന്ന സംഘപരിവാര്‍ നേതാക്കളാണ്.

കേന്ദ്രഭരണത്തിനെതിരായ ജനകീയ രോഷത്തില്‍ പിടിച്ചു നില്‍ക്കാനാവാത്തതിനാലാണ് ബിജെപി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത്. 40 കോടി തൊഴില്‍ രഹിതരാണ് രാജ്യത്തുള്ളത്. എന്നാല്‍ രാജ്യത്തിന്റെ ഭരണാധികാരികളുടെ വേവലാതി കോര്‍പറേറ്റുകളെക്കുറിച്ച് മാത്രമാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ മടിക്കുന്ന സര്‍ക്കാരിന് കോര്‍പറേറ്റുകളുടെ രണ്ടരലക്ഷം കോടിയോളം രൂപ എഴുതിത്തള്ളാന്‍ ഒരു വിഷമവുമില്ലായിരുന്നു.

തങ്ങള്‍ക്ക് അഴിമതി നടത്താന്‍ സിബിഐയെയും റിസര്‍വ് ബാങ്കിനെയും എല്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്നു. കോര്‍പറേറ്റുകള്‍ എന്താണോ പറയുന്നത് അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി കേന്ദ്രം മാറി. രാജ്യം അതീവ ഗൗരവത്തോടെയാണ്‌ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികളില്‍ തെറ്റായ ബോധം സൃഷ്ടിക്കാന്‍ പാഠപുസ്‌തകങ്ങളിലും മാറ്റം വരുത്തിത്തുടങ്ങി.

ഭരണഘടനയാണ് എല്ലാത്തിനും കുഴപ്പമെന്നാണ് സംഘപരിവാര്‍ പറയുന്നത്. കപട മതനിരപേക്ഷത എന്ന വാക്കാണ് സംഘപരിവാര്‍ നേതാക്കളെല്ലാം ഉപയോഗിക്കുന്നത്. കേരളത്തിലും ഇതേ രീതിതന്നെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തത്വങ്ങള്‍ പാലിക്കുന്നുണ്ടോ എന്നാണ് ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി പരിശോധിച്ചത്.

12 വര്‍ഷക്കാലം കേസ് നടക്കുമ്പോള്‍ ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും അഭിപ്രായം പറഞ്ഞിട്ടുണ്ട്. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം വേണമെന്ന നിലപാടായിരുന്നു ഇക്കൂട്ടരുടേത്. സുപ്രീംകോടതി വിധി വന്നപ്പോഴും വിധിയെ പുകഴ്‌‌‌ത്തി ഇവരെല്ലാം സംസാരിച്ചു. ചരിത്രപരമായ വിധിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ അഭിപ്രായം. വിധിയെ അനുകൂലിച്ച് ആര്‍എസ്എസിന്റെ ഉന്നത നേതാക്കള്‍ തന്നെ രംഗത്തെത്തി.

എന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷതയ്‌‌‌ക്ക് എങ്ങനെയെങ്കിലും കോട്ടം വരുത്താനാകുമോ എന്നാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് വര്‍ഗീയതയെ തുറന്ന് എതിര്‍ക്കുന്ന സമീപനമല്ല സ്വീകരിക്കുന്നത്. 

പലപ്പോഴും കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി നില്‍ക്കുകയാണ്. പകുതിയിലധികം കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ് പക്ഷത്തായിക്കഴിഞ്ഞു. കൊടിയെടുക്കാതെ സംഘപരിവാറിനൊപ്പം സഹകരിക്കാമെന്ന നിലപാട്  കോണ്‍ഗ്രസ് ഔദ്യോഗികമായി  തന്നെ എടുത്തു. എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ശബരിമല വിഷയത്തിലുള്ള അഭിപ്രായം വ്യക്തിപരമെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത്. 

നവോത്ഥാന പ്രസ്ഥാനം കേരളത്തിനേക്കാള്‍ ശക്തമായി നിലനിന്ന സംസ്ഥാനങ്ങളുണ്ടായിരുന്നു. എന്നാല്‍ അവിടങ്ങളില്‍ കേരളത്തിലെ പോലെ മതനിരപേക്ഷ സാഹചര്യമല്ല. കേരളത്തില്‍ നവോത്ഥാനത്തിന് ശരിയായ തുടര്‍ച്ചയുണ്ടായി. ഈ കേരളം രൂപപ്പെടുന്നതില്‍ ആര്‍എസ്എസ് ഒഴികെ മറ്റെല്ലാവര്‍ക്കും പങ്കുണ്ട്.

നാടിനെ വീണ്ടും അന്ധകാരത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. ഇതിനെതിരെ ആദ്യം മുന്നില്‍ വരേണ്ടത് യുവാക്കളാണ്. അത് നല്ലതുപോലെ വരുന്നുണ്ടെന്ന് കാണാനാകും. വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് നടത്തിയ യാത്രകളുടെ അവസ്ഥ തന്നെ നോക്കിയാല്‍ മതി. നാട് എപ്പോഴും അതിന്റെ മുന്നോട്ടു പോക്കിനൊപ്പമാണ് അണിനിരക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചും വിശ്വാസമില്ലാത്തവര്‍ക്ക് അങ്ങനെയും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കി മതനിരപേക്ഷത സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.-മുഖ്യമന്ത്രി പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top