20 October Wednesday

നഷ്‌ടക്കണക്കുകളുടെ കായൽപ്പരപ്പിൽ വല്ലാർപാടം റെയിൽപ്പാത

എം എസ്‌ അശോകൻUpdated: Thursday Oct 14, 2021

കൊച്ചി > പത്തുവർഷം പിന്നിട്ടിട്ടും വൻ നഷ്‌ടത്തിന്റെ പാത മാറിയോടാൻ വഴികാണാതെ രാജ്യത്തെ ഏറ്റവും നീളമേറിയ രണ്ടാമത്തെ റെയിൽ മേൽപ്പാലമായ വല്ലാർപാടം റെയിൽപ്പാത. വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ടെർമിനലിന്‌ അനുബന്ധമായി 2011ൽ പ്രവർത്തനം ആരംഭിച്ച ഇടപ്പള്ളി–-വല്ലാർപാടം റെയിൽപ്പാതയിൽ കണ്ടെയ്‌നർ ട്രെയിനുകളുടെ ചൂളംവിളി കേട്ടിട്ട്‌ മാസങ്ങളായി. റെയിൽ വികാസ്‌ നിഗം 400 കോടി രൂപ ചെലവിൽ നിർമിച്ച റെയിൽപ്പാതയുടെ ഇതുവരെയുള്ള പ്രവർത്തനത്തിലൂടെ മുടക്കുമുതൽപോലും തിരിച്ചുപിടിക്കാൻ റെയിൽവേയ്‌ക്കായിട്ടില്ല. വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്തി വേമ്പനാട്ട്‌ കായൽ മേൽപ്പാലത്തിന്‌ പുതുജീവൻ പകരാനുള്ള പദ്ധതിയും കടലാസിൽത്തന്നെ.
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനൊപ്പം തുറന്ന റെയിൽപ്പാത ചരക്കുനീക്കത്തിൽ വമ്പൻ കുതിപ്പിന്‌ വഴിതുറക്കുമെന്നായിരുന്നു പ്രതീക്ഷ.

ടെർമിനലിലേക്കും പുറത്തേക്കും കണ്ടെയ്‌നറുകൾ സുരക്ഷിതമായും ലാഭകരമായും എത്തിക്കാൻ കഴിയുന്ന മാർഗമായി റെയിൽസൗകര്യത്തെ ഉയർത്തിക്കാട്ടി. എന്നാൽ 10 വർഷത്തിനിപ്പുറം, ദുബായ്‌ പോർട്ട്‌ വേൾഡ്‌ (ഡിപി വേൾഡ്‌) കരാറെടുത്ത കണ്ടെയ്‌നർ ടെർമിനലും  റെയിൽപ്പാതയും പ്രഖ്യാപിതലക്ഷ്യത്തിൽനിന്ന്‌ ബഹുദൂരം അകലെതന്നെ. കണക്കുകൾപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം എട്ട്‌ റെയ്‌ക്കുകൾമാത്രമാണ്‌ റെയിൽപ്പാതയിലൂടെ ടെർമിനലിലേക്ക്‌ എത്തിയത്‌. കോവിഡ്‌ കാലത്ത്‌ സംസ്ഥാന സർക്കാർ നൽകിയ ഭക്ഷ്യകിറ്റിന്‌ ആവശ്യമായ ധാന്യങ്ങൾ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും എത്തിയതുമാത്രമായി ആശ്വാസം. ഇരുപത്തഞ്ചോളം റെയ്‌ക്കുകളാണ്‌ എത്തിയത്‌. പിന്നീട്‌ ഇതുവരെ 3–-4 സിമന്റ്‌ റെയ്‌ക്കുകളുടെ നീക്കം നടന്നതൊഴിച്ചാൽ മാസങ്ങളായി റെയിൽപ്പാത നിശ്‌ചലം. ബംഗളൂരുവിൽനിന്ന്‌ വല്ലപ്പോഴും എത്തുന്ന ഒന്നോ രണ്ടോ റെയ്‌ക്കുകൾമാത്രം പ്രതീക്ഷിച്ചാണ്‌ ഇപ്പോൾ വല്ലാർപാടം റെയിൽപ്പാത തുറന്നിരിക്കുന്നത്‌. ടെർമിനലിൽ മദർഷിപ്പുകൾ എത്താത്തതും റോഡുമാർഗമുള്ള കണ്ടെയ്‌നർ നീക്കത്തിന്‌ പ്രോത്സാഹനം ലഭിച്ചതും റെയിൽപ്പാതയ്‌ക്ക്‌ തിരിച്ചടിയായി. വല്ലാർപാടം ടെർമിനലിലെ കണ്ടെയ്‌നർ കൈകാര്യച്ചെലവ്‌ സമീപ തുറമുഖങ്ങളെ അപേക്ഷിച്ച്‌ വളരെ ഉയർന്നതാണ്‌. ചരക്ക്‌ ആകർഷിക്കാൻ ഡിപി വേൾഡ്‌ മുതൽമുടക്കാത്തതും ഈ അവസ്ഥയ്‌ക്ക്‌ കാരണമായി വിലയിരുത്തുന്നു.

വല്ലാർപാടം റെയിൽപ്പാതയുടെ ടൂറിസംസാധ്യത പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ തുടക്കത്തിൽ റെയിൽവേയ്‌ക്കുണ്ടായിരുന്നു. 2018 വരെ രാജ്യത്തെ ഏറ്റവും നീളമേറിയ റെയിൽ മേൽപ്പാലമായിരുന്നു. അസമിലെ ബൊഗിബീൽ പാത തുറന്നതോടെ ആ സ്ഥാനം നഷ്‌ടമായെങ്കിലും വല്ലാർപാടം പാതയുടെ കായൽസൗന്ദര്യത്തിന്റെ മാറ്റ്‌ ഇപ്പോഴും കുറഞ്ഞിട്ടില്ല. മംഗളൂരു–-യശ്വന്ത്പുർ പാതയിൽ ആരംഭിച്ച വിസ്‌താഡോം ട്രെയിനുകളുടെ മാതൃകയാണ്‌ റെയിൽവേയുടെ ആലോചനയിലുള്ളത്‌. പുറംകാഴ്‌ചകൾ ആസ്വദിക്കാനാകുംവിധം വലിയ ജാലകങ്ങളും ചില്ലുമേൽക്കൂരയുമുള്ള ട്രെയിനുകൾ, കൊച്ചിയുടെ കായൽക്കാഴ്‌ചകൾക്ക്‌ യോജ്യമാണെന്നും വിലയിരുത്തിയിരുന്നു. എന്നാൽ, ഏറ്റെടുത്ത്‌ നടത്താൻ യോഗ്യരായ ഓപ്പറേറ്റർമാർ ഇല്ലാത്തതാണ്‌ തടസ്സം. ഇടപ്പള്ളിമുതൽ നീളുന്ന 8.86 കിലോമീറ്റർ വല്ലാർപാടം പാലത്തിന്റെ 4.62 കിലോമീറ്ററും വേമ്പനാട്ട്‌ കായലിനു മുകളിലൂടെയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top