24 November Tuesday
ഉദ്‌ഘാടകൻ മുഖ്യമന്ത്രി

ചമ്പക്കരയിലെ രണ്ടാംപാലം നാളെ തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020


കൊച്ചി
മെട്രോ പദ്ധതിയുടെ ഭാഗമായി ചമ്പക്കര കനാലിനുകുറുകെ ഡിഎംആർസി നിർമിച്ച രണ്ടാമത്തെ പാലം വ്യാഴാഴ്‌ച തുറക്കും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.

വൈറ്റിലയിൽനിന്ന്‌ പേട്ടയിലേക്കുള്ള മെട്രോയുടെ പാത നിർമിച്ചതിനൊപ്പമാണ്‌ ചമ്പക്കരയിലെ പഴക്കംചെന്ന പാലം പുനർനിർമിച്ചത്‌. മെട്രോ പാതയ്‌ക്കൊപ്പം പഴയപാലത്തിനു‌ കിഴക്കുഭാഗത്തുകൂടി ഏഴരമീറ്റർ വീതിയിൽ ആദ്യപാലത്തിന്റെ നിർമാണം 2019 മെയ്‌ ഒമ്പതിന് ‌പൂർത്തിയായി‌. 25 കോടി രൂപ ചെലവായി. 350 മീറ്റർ നീളമുള്ള പാലത്തിന്റെ മധ്യഭാഗത്ത്‌ 45 മീറ്റർ നീളമുള്ള ഒറ്റ സ്‌പാനാണുള്ളത്‌. കനാലിലൂടെ ബാർജുകൾക്കും മറ്റും പോകാൻ സൗകര്യമൊരുക്കിയാണ്‌ നീളമേറിയ സ്‌പാൻ നിർമിച്ചത്‌. മധ്യഭാഗത്ത്‌ ഏഴുമീറ്ററാണ്‌ ഉയരം. ആദ്യപാലം ഗതാഗതത്തിന്‌ തുറന്നതോടൊപ്പം രണ്ടാമത്തെ പാലം നിർമാണം തുടങ്ങി 10 മാസത്തിനുള്ളിലാണ്‌ ഗതാഗതത്തിന്‌ തുറക്കുന്നത്‌. 245 മീറ്ററാണ്‌ നീളം. മെട്രോ പാത ഉൾപ്പെടെ പാലത്തിന്റെ നിർമാണച്ചെലവ്‌ 50 കോടി രൂപ. ഇതോടെ വൈറ്റില–-തൃപ്പൂണിത്തുറ റൂട്ടിലെ ഗതാഗതം കൂടുതൽ സുഗമമാകും. വൈറ്റിലമുതൽ പേട്ടവരെ റോഡ്‌ നാലുവരിയാക്കിയിരുന്നു. പേട്ടമുതൽ എസ്‌എൻ ജങ്ഷൻവരെയുള്ള റോഡ്‌ നാലുവരിയാക്കുന്നത്‌ പുരോഗമിക്കുന്നു.

ചമ്പക്കര പാലത്തിന്റെ നിർമാണം തീരുന്നതോടെ കേരളത്തിൽ ഡിഎംആർസി ഏറ്റെടുത്ത പദ്ധതികളെല്ലാം പൂർത്തിയാകേണ്ടതായിരുന്നു. കൊച്ചി മെട്രോ ആദ്യഘട്ടത്തിന്റെ പൂർത്തീകരണമായി തൈക്കൂടം–-പേട്ട പാത കഴിഞ്ഞമാസം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തിരുന്നു. ഒക്‌ടോബർ അവസാനത്തോടെ സംസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, സർക്കാരിന്റെ നിർദേശപ്രകാരം പാലാരിവട്ടം മേൽപ്പാലത്തിന്റെ പുനർനിർമാണം ഡിഎംആർസി ഏറ്റെടുത്തു. ഇത്‌ കോടതിവ്യവഹാരങ്ങൾമൂലം അനിശ്‌ചിതാവസ്ഥയിലായപ്പോൾ ചമ്പക്കര പാലം പൂർത്തിയാക്കി ഡൽഹിക്ക്‌ മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡിഎംആർസി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top