31 May Sunday

ഈ മുഖപ്പുകൾ പറയും ഇന്നലെകളുടെ നാൾവഴി ; സെക്രട്ടറിയറ്റ്‌ മന്ദിരത്തിന്‌ 150

എസ്‌ ശ്രീലക്ഷ്‌മിUpdated: Saturday Sep 14, 2019

ഒാണം വാരാഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമായ സെക്രട്ടറിയറ്റ്‌ മന്ദിരം


തിരുവനന്തപുരം
കാലത്തിന്റെ കുതിപ്പുകൾക്ക്‌ നിത്യസാക്ഷിയായ ഗവൺമെന്റ്‌ സെക്രട്ടറിയറ്റ്‌ 150ന്റെ നിറവിൽ. മഴക്കെടുതിയും തുടർന്നെത്തിയ ഓണവും മറവിയിലാഴ്‌ത്തിയത്‌ ഈ മന്ദിരത്തിന്റെ സവിശേഷമായ വാർഷികവും. തലസ്ഥാനത്ത്‌ എത്തുന്നവർക്ക്‌ എന്നും കൗതുകമായ സെക്രട്ടറിയറ്റിന്റെ ജന്മദിനമായ ആഗസ്ത്‌ 23 കടന്നുപോയത്‌ ആരുമറിയാതെ. രാജഭരണവും ബ്രിട്ടീഷ്‌ ഭരണവും ജനാധിപത്യത്തിനു വഴിമാറിയ, കേരളത്തിന്റെ 150 വർഷത്തെ ഭരണചരിത്രത്തിന്റെ സാക്ഷിയാണ്‌ ഹജൂർ കച്ചേരിയെന്നും പുത്തൻകച്ചേരിയെന്നുമെല്ലാം അറിയപ്പെട്ടിരുന്ന സെക്രട്ടറിയറ്റ്‌ മന്ദിരം. 

രാജഭരണത്തിൽ ആയില്യം തിരുനാളിന്റെ കാലത്ത്‌ 1865 ഡിസംബർ ഏഴിനാണ്‌ മന്ദിരത്തിന്‌ തറക്കല്ലിടുന്നത്‌.1869 ജൂലൈ എട്ടിനു പണി പൂർത്തിയാക്കി. ആഗസ്‌ത്‌ 23നു പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂർ ചീഫ്‌ എൻജിനിയർ ആയിരുന്ന വില്യം ബാർട്ടൺ ആയിരുന്നു ശിൽപ്പി. ദിവാൻ സർ ടി മാധവ റാവുവിന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. ചെലവ്‌ മൂന്നുലക്ഷം രൂപയും. ചുറ്റും മറ്റു കെട്ടിടങ്ങൾ വന്നെങ്കിലും തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ തലയുയർത്തി നിൽക്കുകയാണ്‌ 150–-ാം വയസ്സിലും സെക്രട്ടറിയറ്റ്‌ മന്ദിരം.
ഈ കെട്ടിടസമുച്ചയത്തിന്റെ സ്ഥാനത്ത്‌ പണ്ട്‌ പട്ടാളകേന്ദ്രവും ബാരക്കുകളുമായിരുന്നു. കക്കയും സുർക്കയും ചെങ്കല്ലും തടികളുംകൊണ്ട്‌ യൂറോപ്യൻ മാതൃകയിലാണ്‌ കെട്ടിടം നിർമിച്ചത്‌. അശോകസ്തംഭത്തെ ഓർമിപ്പിക്കുന്ന മുകളിലേക്ക്‌ പോകുംതോറും വണ്ണം കുറഞ്ഞുവരുന്ന തൂണുകളോടുകൂടിയതാണ്‌  മന്ദിരം. പ്രധാനാകർഷണവും ഇതുതന്നെ.

നാലുദിക്കിൽനിന്നും കാണാവുന്ന ക്ലോക്കുണ്ട്‌ ഇവിടെ. ദിവാൻ മാധവ റാവുവിന്റെയും  ബ്രിട്ടീഷുകാർക്കെതിരെ സധൈര്യം പോരാടിയ വേലുത്തമ്പി ദളവയുടെയും പ്രതിമയുമുണ്ട്‌ സെക്രട്ടറിയറ്റ്‌ വളപ്പിൽ.സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂറും കൊച്ചിയും ചേർന്ന്‌ തിരു–-കൊച്ചിയായതിനും  ഐക്യകേരളത്തിന്റെ പിറവിക്കും ദൃക്‌സാക്ഷിയായി. ഇ എം എസ്‌ മന്ത്രിസഭ അധികാരത്തിൽ വന്നതിനും സാക്ഷിയായി. കേരളത്തിലെ ആദ്യത്തെ ആക്ടിങ് ഗവർണർ പി എസ് റാവു സത്യപ്രതിജ്ഞ ചെയ്തതും ഇതേ മന്ദിരത്തിൽ. -പബ്ലിക്‌ സർവീസ്‌ കമീഷൻ പ്രവർത്തനമാരംഭിച്ചതും ഇവിടെത്തന്നെ. 1971ന്‌  ആദ്യ സാൻഡ്‌വിച്ച്‌ ബ്ലോക്കും വന്നു.

നിരവധി കൈെത്തൊഴിലുകാരെ നിർമാണത്തിനായി പല നാടുകളിൽനിന്നും കൊണ്ടുവന്നു താമസിപ്പിച്ചു. അവരെല്ലാം പിന്നീട്‌ അനന്തപുരിയുടെ ഭാഗമായി. നിർമാണത്തിനാവശ്യമായ ഇഷ്ടിക ചുട്ടെടുക്കുന്നതിനായി മണ്ണെടുത്ത സ്ഥലം പിന്നീട്‌ ചെങ്കൽച്ചൂളയായി. ഇന്നത്‌ രാജാജി നഗറാണ്‌. അനന്തപുരിയുടെ കഥകളൊക്കെയും സെക്രട്ടറിയറ്റ്‌ മന്ദിരവുമായും ചേർന്നു നിൽക്കുന്നു. നാലായിരത്തിലധികം ഉദ്യോഗസ്ഥരാണ്‌ ജോലിയെടുക്കുന്നത്‌. നിരവധിയാളുകൾ ദിവസവും വന്നുപോകുന്നു. കേരളം നേടിയ വികസനങ്ങളുടെ ചരിത്രം സെക്രട്ടറിയറ്റിന്റെകൂടി ചരിത്രമാണ്‌.


പ്രധാന വാർത്തകൾ
 Top