21 April Sunday

ദുരിതാശ്വാസ നിധി : എറണാകുളം ജില്ലയിൽ സംഭാവന 10 കോടി കവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

രമ്യയുടെ സ‌്മരണയ‌്ക്കായി അച്ഛൻ കെ എസ‌് രാജഗോപാൽ സൂക്ഷിച്ചിരുന്ന സ്വർണവള ഇ പി ജയരാജ‌ന‌് കൈമാറുന്നു

കൊച്ചി>നവകേരളനിർമിതിയ്ക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വ്യാഴാഴ‌്ച 7,14,14,749 രൂപയും 26 പവൻ സ്വർണവും 11.16 സെന്റ‌് ഭൂമിയും ലഭിച്ചു.ഇതോടെ ജില്ലയിൽനിന്ന‌് ദുരിതാശ്വാസ നിധിയിലേക്ക‌് ലഭിച്ച സംഭാവന 10,16,49,525 രൂപയായി. ചൊവ്വാഴ‌്ച മൂന്നു കോടിയിലേറെ രൂപ ലഭിച്ചിരുന്നു. വ്യാഴാഴ‌്ച എറണാകുളം കലക‌്ട്രേറ്റ‌് കോൺഫ്രൻസ‌് ഹാളിലും ആലുവ മിനി സിവിൽ സ‌്റ്റേഷനിലും നടന്ന ചടങ്ങിൽ മന്ത്രിമാരായ ഇ പി ജയരാജനൂം എ സി മൊയ‌്തീനും സംഭാവനകൾ ഏറ്റുവാങ്ങി. കലക‌്ട്രേറ്റിൽ നടത്തിയ ധനസമാഹരണ യജ്ഞത്തിൽ സംഭാവനയായി 3,05,93,140 രൂപയും 25 പവൻ സ്വർണവും 6.18 സെന്റ‌് ഭൂമിയും  ലഭിച്ചു.

മന്ത്രി ഇ പി ജയരാജൻ സംഭാവനകൾ ഏറ്റുവാങ്ങി. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. കലക‌്ട്രേറ്റിൽ മറ്റു ആവശ്യങ്ങൾക്ക‌് എത്തിയവർ കൈയിലുള്ള പണം അടച്ച‌് ചെക്ക‌് കൈമാറിയതും ആവേശമായി. പെരുന്നാൾദിവസം മാതാവിനെയും ഉണ്ണിയേശുവിനെയും അണിയിക്കുന്ന 25 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ‌് മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി വികാരി വർഗീസ് കണിച്ചുകാട്ടിൽ മന്ത്രി ഇ പി ജയരാജനെ ഏൽപ്പിച്ചത‌്.  ജെസിബി ഇന്ത്യ ലിമിറ്റഡ്  28 ലക്ഷം രൂപ സംഭാവന നൽകിയതിനുപുറമേ നിർമാണപ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന് 30 ജെസിബികൾ നൽകുന്നതിന്റെ രേഖകളും കൈമാറി.

സാജൻ എന്നയാൾ 6.18 സെന്റ‌് ഭൂമിയാണ‌് ദുരിതാശ്വാസ നിധിയിലേക്ക‌് കൈമാറിയത‌്. രണ്ടു കോടി രൂപയുടെ ചെക്ക് വികെഎൽ ഇൻഫ്രാസ്ട്രക്ചർ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ വർഗീസ് കുര്യൻ മന്ത്രിക്ക‌്കൈമാറി.  സർക്കാരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടതിനാലാണ‌് ദുരന്തത്തെ ഫലപ്രദമായി മറികടക്കാനായതെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കലക്ടർ മുഹമ്മദ് വൈ സഫീറുള്ള,  എം സ്വരാജ് എംഎൽഎ, തലശേരി സബ് കലക്ടർ എസ‌് ചന്ദ്രശേഖർ, എഡിഎം എം കെ കബീർ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർ പി ഡി ഷീലാദേവി തുടങ്ങിയവർ പങ്കെടുത്തു.

ആലുവയിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത്  4,08,21,609 രൂപ. പണമായും സ്വർണമായും ഭൂമിയായും ലഭിച്ച സഹായങ്ങൾ മന്ത്രിമാരായ ഇ പി ജയരാജനും എ സി മൊയ്തീനുംചേർന്ന് ഏറ്റുവാങ്ങി. രണ്ടുകോടിരൂപ സംഭാവന നൽകുമെന്ന് സിഎംആർഎൽ ചെയർമാൻ അരുൺ എസ് കർത്താ നേരിട്ടെത്തി അറിയിച്ചു. കേരള ഇറിഗേഷൻ ആൻഡ‌് പ്രൊജക്ട് വർക്കേഴ്‌സ് സിഐടിയു തൊഴിലാളി യൂണിയൻ ഒരു കോടി രുപ നൽകാമെന്നുള്ള സമ്മതപത്രവും മന്ത്രിക്കു കൈമാറി. ആലുവ മിനി സിവിൽ സ്‌റ്റേഷനിൽ നടന്ന ധനസമാഹരണ യജ്ഞ പരിപാടിയിൽ ചെക്ക്  ഡ്രാഫ്റ്റ് ഇനത്തിൽ 60,95,009 രൂപയും 1,66,600 രൂപ പണമായും ലഭിച്ചു.

മരിച്ചുപോയ കുഞ്ഞിന്റെ ഓർമയ‌്ക്കായ് സൂക്ഷിച്ചുവച്ച ഒരു പവന്റെ സ്വർണ വളയാണ് കീഴ്മാട് കുറുന്തല സ്വദേശി കെ എസ് രാജഗോപാൽ നൽകിയത്. രാജഗോപാലും കുടുംബവും നേരിട്ടെത്തി മന്ത്രിയെ വള ഏൽപ്പിച്ചു. കൂട്ടാല ചാക്കപ്പൻ മകൻ കെ സി ജേക്കബ് ഏലൂർ പാതാളത്തെ അഞ്ചു സെന്റ് ഭൂമി സഹായ നിധിയിലേക്ക് സംഭാവനയായി നൽകി. മുഴുവൻ പഞ്ചായത്തു പ്രസിഡന്റുമാരുടെയും സമാഹരണമായ 10 ലക്ഷം രൂപ അസോസിയേഷൻ പ്രസിഡന്റ് കെ തുളസി നൽകി.

നെടുമ്പാശേരി പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപയും ചൂർണിക്കര പഞ്ചായത്തിന്റെ മൂന്നു ലക്ഷം രൂപയും കാലടി, കീഴ്മാട് പഞ്ചായത്തുകളുടെ ഓരോ ലക്ഷം രൂപയും ഇതിൽ പെടും. അങ്കമാലി നഗരസഭ 6,68,000 രൂപയും സ്വർണ മോതിരവും സഹായമായി നൽകി. ചെയർപേഴ്‌സൺ എം എ ഗ്രേസി തുക കൈമാറി. വിവിധ സർവീസ് സഹകരണ ബാങ്കുകളും സഹായങ്ങൾ മന്ത്രിയെ ഏൽപ്പിച്ചു. കുട്ടമശേരി സർവീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപ നൽകി. മറ്റൂർ പിഡിഡിപി 10 ലക്ഷം രൂപയും നൽകി.

ഇന്നസെന്റ്എം പി, ‌എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ ഡെപ്യൂട്ടി കലക്ടർമാരായ കെ മധു, കെ ചന്ദ്രശേഖരൻ നായർ , തഹസിൽദാർ കെ ടി സന്ധ്യ ദേവി എന്നിവർ പങ്കെടുത്തു. ധനസമാഹരണയജ്ഞം പൂർത്തിയാക്കിയ മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ  താലൂക്കുകളിൽനിന്നും വീണ്ടും സഹായമെത്തുന്നുണ്ട്.

മകളുടെ ‘ഓർമവള’ ദുരിതാശ്വാസ നിധിയിലേക്ക‌് 
ആലുവ>മരിച്ചുപോയ മകളുടെ ഓർമകൾ നിലനിർത്തുന്ന വള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് കൈമാറി കുടുംബം മാതൃകയായി. കീഴ‌്മാട‌് പഞ്ചായത്ത‌് പ്രസിഡന്റ‌് കെ എ രമേശന്റെ സഹോദരിയുടെ മകൾ കെ ആർ രമ്യയുടെ സ‌്മരണയ‌്ക്കായി അച്ഛൻ കെ എസ‌് രാജഗോപാൽ സൂക്ഷിച്ചിരുന്ന എട്ടു ഗ്രാമിന്റെ വളയാണ‌് മന്ത്രി ഇ പി ജയരാജ‌ന‌് കൈമാറിയത‌്. ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ അങ്ങേയറ്റം ആഗ്രഹം ഉള്ളയാളായിരുന്നു രമ്യ.  അതിനാലാണ‌് പ്രളയത്തിൽ എല്ലാം നഷ‌്ടമായവർക്ക‌് കൈത്താങ്ങാകാൻ അവളുടെ വ‌ള സംഭാവന ചെയ്യാൻ തീരുമാനിച്ചതെന്ന‌് അച്ഛൻ രാജഗോപാൽ പറഞ്ഞു.

ആലുവ മിനി സിവിൽ സ‌്റ്റേഷനിൽ നടന്ന ചടങ്ങിൽ നേരിട്ടെത്തിയാണ‌് രാജഗോപാൽ മന്ത്രിക്ക‌് വള സംഭാവന നൽകിയത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top