16 February Saturday

നവകേരള നിർമിതി : ഊന്നൽ വേണ്ടത‌്; ശാസ്ത്രീയ ജലവിനിയോഗം, പുഴ സംരക്ഷണം, മഴക്കൊയ‌്ത്ത‌്

വി എം രാധാകൃഷ‌്ണൻUpdated: Friday Sep 14, 2018

തൃശൂർ >നവകേരള നിർമിതിയിൽ ശാസ്ത്രീയമായ ജലവിനിയോഗത്തിനും പുഴകളേയും നദീതടങ്ങളേയും സംരക്ഷിക്കാൻ  പ്രത്യേക കർമപദ്ധതികൾക്കു രൂപം നൽകാനും ജലവിഭവ വിദഗ്ധരുടെ നിർദേശം. സർക്കാർ ഇടപെടലും ജനകീയമായ ഇച്ഛാശക്തിയും  ഉണ്ടെങ്കിൽ പ്രളയാനന്തര കേരളത്തെ പുനർനിർമിച്ചെടുക്കാം. ജലവിഭവ മാനേജ‌്മെന്റ് വിദഗ്ധനും ഡൽഹി ആസ്ഥാനമായുള്ള ഓക്സ്ഫോർഡ് പോളിസി മാനേജ‌്മെന്റ് വാട്ടർ ആൻഡ‌്  സാനിറ്റേഷൻ വിഭാഗം മേധാവിയുമായ ഡോ. വി കെ ബേബി  കേരളത്തിൽ പ്രളയം രൂക്ഷമായി അനുഭവപ്പെട്ട ജില്ലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരമെത്തിയ  അദ്ദേഹം നവകേരള നിർമിതിയിൽ  ജലവിനിയോഗം, നദീതട സംരക്ഷണം, ശുചീകരണം തുടങ്ങിയവ സംബന്ധിച്ച് നിർദേശങ്ങൾ  സമർപ്പിച്ചു.

തൃശൂർ കലക്ടറായിരിക്കെ ജലസംഭരണത്തിനുള്ള 'മഴപ്പൊലിമ' പദ്ധതി വിജയകരമായി നടപ്പാക്കിയ അദ്ദേഹം 'ദേശാഭിമാനിയുമായി' പങ്കുവച്ച കാര്യങ്ങൾ: 

കേരളത്തിന്റെ ജലസമ്പത്തിന്റെ ഭാവിയെന്നാൽ സ്വന്തമായുള്ള 44 നദികളാണ്. പ്രളയത്തിന്റെ കുത്തൊഴുക്കിൽ നദികളുടെ ധർമം നിർവഹിക്കാനാവാത്ത വിധം ഇവയ‌്ക്ക് രൂപമാറ്റമുണ്ടായി. പുഴകൾ പലതും മാലിന്യം പേറുന്ന തോടുകളാണ്.  ഇത‌് മാറ്റിയെടുക്കാൻ എല്ലാ നദികളുടെയും നദീതടങ്ങളുടെയും മാപ്പിങ് തയ്യാറാക്കണം. പുഴയോടൊപ്പം അവയുടെ വൃഷ്ടിപ്രദേശങ്ങളും സംരക്ഷിക്കണം. പുഴകളിൽ കൈയേറ്റം അനുവദിക്കരുത്. തദ്ദേശ സ്ഥാപനങ്ങൾ ഈ പ്രവർത്തനത്തിൽ മുൻകൈയെടുക്കണം. 3000 മില്ലീമീറ്റർ മഴ കിട്ടുന്ന കേരളം ജലവിഭവത്തിൽ സമ്പന്നമാണ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മഴ സർവകാല റെക്കോഡ് ആയെങ്കിലും  പ്രയോജനപ്പെട്ടില്ല. ഭൂരിഭാഗവും കടലിലേക്ക് ഒഴുകിയപ്പോൾ അവശേഷിച്ചത് മലിനപ്പെട്ടു. ജലശുചീകരണത്തിന് പ്രത്യേക ശ്രദ്ധയുണ്ടാവണം. ഈ അവസ്ഥ ഇനിയുമുണ്ടാകാതിരിക്കാൻ മുൻ കരുതൽ വേണം. പുഴകളുടെ ശേഷി വീണ്ടെടുക്കാൻ ദീർഘകാല കാഴ്ചപ്പാടോടെ കർമപദ്ധതി ആവിഷ്കരിക്കണം.

തുലാവർഷ ‐ വേനൽമഴയിലെ വെള്ളം പാഴാവാതെ സംരക്ഷിക്കണം. പുഴകൾ, കനാലുകൾ, തോടുകൾ തുടങ്ങിയവ വീണ്ടെടുത്തും കിണറുകൾ, കുളങ്ങൾ തുടങ്ങിയ ജലസ്രോതസ്സുകൾ സംരക്ഷിച്ചും മഴക്കുഴികളും  മറ്റും സ്ഥാപിച്ചും ഈ വെള്ളം പാഴാവാതെ നിർത്തണം. കേരളത്തിൽ  75 ലക്ഷം കുടുംബങ്ങൾക്കായി 45 ലക്ഷം വീട്ടുകിണറുകളുണ്ട‌്.  ഇതിന്റെ ആസ്തി 35,000 കോടി രൂപയാണ്. ഇവ  നശിക്കാൻ അനുവദിക്കരുത‌്.  ഇപ്പോൾ  കനത്ത ചൂട് തുടങ്ങിയതിനാൽ പ്രളയാനന്തര വരൾച്ചയെ പ്രതീക്ഷിക്കണം. അദ്ദേഹം പറഞ്ഞു.

  തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് മഴയുടെ സുദീർഘമായ ഇടവേള ആദ്യമാണെന്ന് കാലാവസ്ഥാ ഗവേഷകൻ  ഡോ. സി എസ് ഗോപകുമാർ പറഞ്ഞു. സെപ്തംബറിൽ മഴ പ്രതീക്ഷിക്കാം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന്  സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ശക്തമായ മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒക്ടോബർ മധ്യത്തിലാരംഭിക്കാറുള്ള തുലാവർഷം ശക്തമായ മഴയ‌്ക്കു സാധ്യതയുള്ള ന്യൂനമർദങ്ങളുടെ കാലമാണ്. മാർച്ച് മുതലുള്ള വേനൽ മഴയും അടുത്ത കാലത്തായി നല്ല രീതിയിൽ കിട്ടാറുണ്ട്.  ജലസംരക്ഷണത്തിനും വിനിയോഗത്തിനുമാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top