22 September Tuesday

കോൺസുലേറ്റിന്റെ പങ്ക്‌ ഇപ്പോൾ പറയാനാകില്ല: കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


കൊച്ചി
കൂടുതൽ തെളിവുകളില്ലാതെ സ്വർണക്കള്ളക്കടത്തിൽ  യുഎഇ കോൺസൽ ജനറലിനും അറ്റാഷെക്കുമുളള പങ്കുസംബന്ധിച്ച്‌ ഒരു നിരീക്ഷണവും നടത്താനാകില്ലെന്ന്‌ കോടതി. കസ്‌റ്റംസ്‌ പിടികൂടിയ കള്ളക്കടത്ത്‌ സ്വർണം വീണ്ടെടുക്കാൻ സ്വപ്‌ന സുരേഷും സംഘവും അവർക്കുള്ള ഉന്നതസ്വാധീനങ്ങളിലൂടെ ശ്രമിച്ചിരുന്നു. യുഎഇ കോൺസലിന്റെ സെക്രട്ടറിയായിരുന്നു സ്വപ്‌ന സുരേഷ്‌. ആ പദവിയിലിരിക്കുന്ന ആർക്കും സർക്കാർ ഉന്നത ഉദ്യോഗസ്ഥരിൽ സ്വാധീനമുണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി നിരീക്ഷിച്ചു. സ്വപ്‌ന സുരേഷ്‌ ഉൾപ്പെടെ എട്ടു പ്രതികളുടെ ജാമ്യം തള്ളിയ ഉത്തരവിലാണ്‌ കോടതിയുടെ നിരീക്ഷണം.

സ്വർണക്കടത്തിൽ പ്രധാന പങ്കുവഹിച്ചത്‌ സ്വപ്‌ന സുരേഷാണെന്ന്‌ കൂട്ടുപ്രതികൾ നൽകിയ മൊഴികളിൽനിന്ന്‌ വ്യക്തമാണ്‌. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ കള്ളക്കടത്തിന്‌ ഉപയോഗിക്കാനായത്‌ സ്വപ്‌ന പങ്കാളിയായതുകൊണ്ടുമാത്രമാണ്‌. കസ്‌റ്റംസ്‌ ബാഗേജ്‌ പിടിച്ചപ്പോൾ അതിൽ സ്വർണമുള്ള കാര്യം സ്വപ്‌നയ്‌ക്ക്‌ അറിയാമായിരുന്നു. ബാഗേജ്‌ വിട്ടുകിട്ടാൻ അവർ ഉന്നതബന്ധങ്ങൾ എല്ലാമുപയോഗിച്ചു. അതു നടക്കാതെവന്നപ്പോഴാണ്‌ ബംഗളൂരുവിലേക്ക്‌ റോഡുമാർഗം കടന്നത്‌. ഇതെല്ലാം അവർക്കുള്ള ഉന്നത സ്വാധീനം വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു.

സ്‌ത്രീ എന്ന പരിഗണന നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദവും തള്ളി. സമൂഹത്തിലെ ദുർബല വിഭാഗമായാണ്‌ ഇന്ത്യൻ സ്‌ത്രീകളെ കണക്കാക്കുന്നത്‌. എന്നാൽ സ്വപ്‌ന സുരേഷ്‌ അങ്ങനെയല്ല. അവർക്ക്‌ വലിയ സ്വാധീനമുണ്ട്‌. യുഎഇ കോൺസുലേറ്റിലെ ജോലി രാജിവച്ചശേഷവും അവർക്ക്‌ അവിടെ തുടരാനായത്‌ അതിന്‌ തെളിവാണെന്നും കോടതി പറഞ്ഞു.

ഫൈസൽ ഒളിവിൽത്തന്നെയെന്ന്‌ കസ്‌റ്റംസ്‌
നയതന്ത്ര ചാനലിൽ സ്വർണം കടത്തിയ കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദും റബിൻസും ഇപ്പോഴും ഒളിവിലാണെന്ന്‌ എന്ന്‌ കസ്‌റ്റംസ്‌. സ്വപ്‌ന സുരേഷ്‌ ഉൾപ്പെടെ എട്ട്‌ പ്രതികളുടെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റങ്ങൾക്കുള്ള കോടതി പരിഗണിക്കുമ്പോഴാണ്‌ കസ്‌റ്റംസ്‌ ഇക്കാര്യം അറിയിച്ചത്‌. ഫൈസലിനെയും റബിൻസിനെയും ചോദ്യം ചെയ്യാൻ എൻഐഎ സംഘം യുഎഇയിലേക്ക്‌ പോയിട്ടുണ്ടെങ്കിലും പ്രതികൾ ഇപ്പോഴും പിടിയിലായിട്ടില്ലെന്നാണ്‌ കസ്‌റ്റംസിന്റെ വെളിപ്പെടുത്തൽ.

കസ്‌റ്റംസും എൻഐഎയും നടപടി  ശക്തമാക്കിയപ്പോൾ യുഎഇയിൽനിന്ന്‌ ഫൈസലും റബിൻസും മുങ്ങിയതായാണ്‌ സൂചന. രണ്ടു ദിവസംമുമ്പ്‌ മാത്രമാണ്‌ യുഎഇയിൽ പോകാൻ എൻഐഎക്ക്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയത്‌. അഡീഷണൽ എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ്‌ യുഎഇയിലേക്ക്‌ പോയിട്ടുള്ളത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top