09 August Sunday

ഇത്‌ ചരിത്ര നിമിഷം ; കേരളത്തിന്റെ ആദ്യവനിതാ എക്‌സൈസ്‌ ഇൻസ്‌പെക്ടറായി സജിത ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020


സ്വന്തം ലേഖകൻ
തിരൂർ എക്‌സൈസ്‌ സർക്കിൾ ഓഫീസിൽ ആ ചരിത്രനിമിഷം പിറന്നു. കേരളത്തിന്റെ ആദ്യവനിതാ എക്‌സൈസ്‌ ഇൻസ്‌പെക്ടറായി ഷൊർണൂരുകാരി ഒ സജിത ചുമതലയേറ്റു. വനിതകൾക്കുള്ള എക്‌സൈസ്‌ ഇൻസ്‌പെക്ടർ തസ്‌തികയിൽ ഒന്നാംറാങ്കുകാരിയായാണ്‌‌ നേട്ടം‌. ബുധനാഴ്‌ച സ്ഥാനമേറ്റപ്പോഴും അതേ വീര്യത്തിൽതന്നെയായിരുന്നു ചോദ്യങ്ങളോടുള്ള മറുപടി. സ്‌കൂൾ, കോളേജ് വിദ്യാർഥികളിൽ മയക്കുമരുന്ന്‌ ഉപയോഗം വർധിക്കുകയാണ്‌. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നിന് അടിമയായി ജീവിതം നശിപ്പിക്കുന്ന വാർത്തകളറിഞ്ഞ്‌ മനസ്സ്‌ മരവിച്ചിട്ടുണ്ട്. എക്‌സൈസ്‌ വകുപ്പിൽ സിവിൽ എക്സ്സൈസ് ഓഫീസറായി ജോലിയിൽ കയറിയശേഷമാണ്‌ ഇതിന്റെ ഭീകരത മനസ്സിലാക്കിയത്‌. അതിനാൽ  യുവത്വത്തെ മയക്കുമരുന്ന് ലഹരിയിൽനിന്ന്‌ മോചിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യും –-സജിത പറഞ്ഞു. തൃശൂർ തൈക്കാട്ടുശേരിയിലെ റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ദാമോദരന്റെയും ചേർപ്പ് സി എൻ എൻ സ്കൂൾ പ്രധാനാധ്യാപികയായിരുന്ന കെ യു മീനാക്ഷിയുടെയും മകളാണ്‌.

2014 മാർച്ചിലാണ് തൃശൂർ റെയ്‌ഞ്ചിൽ സിവിൽ എക്സ്സൈസ് ഓഫീസറായി ചേർന്നത്. വടക്കാഞ്ചേരി, കോലഴി റെയ്ഞ്ചുകളിലും ജോലിചെയ്തു.  തൃശൂർ സ്റ്റാർ പിവിസി പൈപ്പ്സ്‌ മാനേജർ കെ ജി അജിയാണ് ഭർത്താവ്. മകൾ ഇന്ദു (തൃശൂർ കല്ലിപ്പാടം കാർമൽ സിഎം സ്‌കൂൾ എഴാം ക്ലാസ് വിദ്യാർഥിനി).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top