18 July Thursday

പരീക്ഷയെഴുതാൻ ആൾമാറാട്ടം: അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


കൊച്ചി
ആൾമാറാട്ടം നടത്തി അധ്യാപകൻ പ്ലസ്ടു പരീക്ഷ എഴുതിയെന്ന കേസിലെ മൂന്നാം പ്രതിയായ  അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി കെ ഫൈസലിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാർ തള്ളിയത്. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയ ഫൈസൽ വിദ്യാർഥികൾക്കുവേണ്ടി പരീക്ഷ എഴുതിയ രണ്ടാംപ്രതി നിഷാദ് വി മുഹമ്മദിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്ന് പൊലീസിനുവേണ്ടി ഹാജരായ സീനിയർ ഗവ. പ്ലീഡർ സി എസ് ഋത്വിക് കോടതിയെ അറിയിച്ചു. ഗുരുതരമായ കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷ തള്ളണമെന്നും പൊലീസ് വാദിച്ചു.

ആൾമാറാട്ടം നടത്തി അധ്യാപകർ പരീക്ഷ എഴുതിയെന്ന ആരോപണം അതീവ ഗുരുതരമാണെന്ന‌് കോടതി പറഞ്ഞു. സ്‌കൂളിന്റെ യശസ്സുയർത്താനാണ് ഈ കുറ്റം ചെയ്തത‌്. പഠിച്ചു പരീക്ഷ എഴുതുന്ന മറ്റു കുട്ടികളെ വഞ്ചിക്കുക കൂടിയാണ് പ്രതികൾ ചെയ്തത‌്. സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപകരുടെ ഇത്തരം പ്രവൃത്തിയെ നിസ്സാരമായി കാണാനാകില്ല. കുട്ടികളും രക്ഷിതാക്കളും പരീക്ഷയിൽ ക്രമക്കേടുകൾ നടത്തിയ സംഭവങ്ങൾ അറിയാം. പക്ഷേ, ഇത് തികച്ചും വ്യത്യസ‌്തമായ ഒരു കേസാണ്. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്യേണ്ടിവരും. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ല. തുടർന്ന് പ്രതിയോട് 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചു. പ്രതിയെ ചോദ്യം ചെയ്ത് അന്നുതന്നെ മജിസ്‌ട്രേട്ടിനു മുന്നിൽ ഹാജരാക്കണം. പ്രതി ജാമ്യാപേക്ഷ നൽകുകയാണെങ്കിൽ മജിസ്‌ട്രേട്ട‌് അതിൽ നിയമപരമായ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി. മാർച്ചിൽ നടന്ന പരീക്ഷയിൽ രണ്ടു വിദ്യാർഥികൾക്കു വേണ്ടി അധ്യാപകർ പരീക്ഷ എഴുതിയെന്നും 32 ഉത്തരക്കടലാസുകൾ തിരുത്തിയെന്നുമാണ് മുക്കം പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top