കൊച്ചി
‘എന്റെ പൊന്നേ... ഇതാര്... സുഖമാണോ...?’ കാക്കനാട് കുഴിക്കാട്ടുമൂലയിലെ പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി ബഷീറിനെ കണ്ടതും എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് നിറഞ്ഞ സ്നേഹത്തോടെ ചോദിച്ചു. ആൾക്കൂട്ടത്തിനിടയിലും തന്നെ തിരിച്ചറിഞ്ഞ സന്തോഷമായിരുന്നു ബഷീറിന്റെ മുഖത്ത്. എട്ടുവർഷമായി കുഴിക്കാട്ടുമൂല സ്വദേശി വി ഐ ബഷീറിനെ ചികിത്സിക്കുന്നത് ഡോ. ജോ ജോസഫാണ്. ആരോഗ്യം ശ്രദ്ധിക്കണമെന്നും കൃത്യമായി മരുന്നുകഴിക്കണമെന്നും ബഷീറിനെ ചേർത്തുപിടിച്ചു പറഞ്ഞപ്പോൾ ബഷീർ പ്രതികരിച്ചത് ഇങ്ങനെ -‘ഉറപ്പായും ഡോക്ടർ ജയിക്കും... ഞാനും ഡോക്ടർക്കുവേണ്ടി വോട്ടുപിടിക്കും’ വോട്ടഭ്യർഥനയുമായി ഡോ. ജോ ജോസഫ് മുന്നോട്ടുപോകുമ്പോൾ സുഹൃത്തുക്കളോട് ബഷീർ തുടർന്നു–-
‘എട്ടുവർഷമായി എന്റെ സർജറി കഴിഞ്ഞിട്ട്. കഴിഞ്ഞവർഷം ഡിസംബർവരെ ആശുപത്രിയുടെ കൺസൾട്ടിങ് ഫീസായി കൊടുത്തത് 100 രൂപയാണ്. ആ രസീതൊക്കെ കൈയിലുണ്ട്. ഈ വർഷം 50 രൂപ കൂട്ടി. ആ 150 രൂപയെയാണ് കോൺഗ്രസുകാർ 750 രൂപയാക്കിയത്. ഡോക്ടർക്ക് നിരവധി രോഗികളുണ്ട്. ഇതെല്ലാം കേട്ടും കണ്ടും അവരെല്ലാം മിണ്ടാതിരിക്കുമെന്നാണോ കരുതുന്നത്.’
ശസ്ത്രക്രിയക്കുശേഷം കൃത്യമായ ഇടവേളയിൽ ബഷീർ ഡോ. ജോ ജോസഫിനെ കാണാനെത്താറുണ്ട്. ചികിത്സയ്ക്കെത്തുന്ന രോഗികളെ സമയമെടുത്ത് കൃത്യമായി പരിശോധിക്കുന്നതാണ് ഡോക്ടർ ജോ ജോസഫിന്റെ രീതി. രോഗികളോട് സൗഹൃദം സൂക്ഷിക്കാനും ഒരേസമയം സഹോദരനും സുഹൃത്തും മകനുമൊക്കെയായി ഉപദേശം നൽകാനും ഡോക്ടർ സമയം കണ്ടെത്തുന്നു. സാധാരണക്കാരെ ഹൃദയത്തോട് ചേർക്കുന്ന ഡോക്ടർക്ക് ജനപ്രതിനിധിയുടെ കുപ്പായമാണ് കൂടുതൽ ഇണങ്ങുന്നതെന്നും ബഷീർ പറഞ്ഞു.
ബഷീറിന്റെ പ്രതികരണം കാണാന്‍ ക്യു ആര് കോഡ് സ്കാന്‍ ചെയ്യുക
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..