17 June Monday

അനധികൃത ഫ്ലക‌്സ‌് ബോർഡ‌്: പരാജയം സമ്മതിച്ച‌് മേയർ

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

കൊച്ചി
നഗരത്തിൽ 460ൽ അധികം അനധികൃത ഫ്ലക‌്സ‌് ബോർഡുകൾ. വരുമാനത്തിൽ 50 കോടിയുടെ നഷ‌്ടമുണ്ടായിട്ടും  നടപടി സ്വീകരിക്കാതെ നഗരസഭ.  പ്രതിപക്ഷം കൗൺസിലിൽ റിപ്പോർട്ട‌് അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ‌് പറഞ്ഞതിൽ കൂടുതൽ ഫ്ലക‌്സ‌് ബോർഡുകൾ നഗരത്തിൽ അനധികൃതമായി വച്ചിട്ടുണ്ടെന്ന‌് മേയർ സൗമിനി ജെയിൻ സമ്മതിച്ചു. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ യോഗം വിളിക്കാമെന്നും മേയർ പറഞ്ഞു.

നഗരസഭയുടെ സെൻട്രൽ സോണിൽ ആകെ 557 ഹോർഡിങ്ങുകൾ ഉള്ളതിൽ 384 എണ്ണത്തിന‌് മാത്രമാണ‌് പെർമിറ്റ‌് ഉള്ളത‌്. ഇതിൽ നികുതി അടയ‌്ക്കുന്നത‌് 179 എണ്ണം മാത്രം. 173 എണ്ണം സ്ഥാപിച്ചിരിക്കുന്നത‌് അനധികൃതമായാണ‌്. വൈറ്റില സോണിലെ 438 എണ്ണത്തിൽ 224 ‌എണ്ണത്തിന‌് പെർമിറ്റുണ്ട‌്. ഇതിൽ നികുതി അടയ‌്ക്കുന്നത‌് 198 എണ്ണത്തിന‌് മാത്രം. 203 ഫ്ലക‌്സ‌് ബോർഡുകൾ അനധികൃതമായി വൈറ്റില സോണിൽ സ്ഥാപിച്ചിട്ടുണ്ട‌്. ഇതുകൂടാതെ 11 എണ്ണം പുതിയതായി പെർമിറ്റിന‌് അപേക്ഷ നൽകിയിട്ടുണ്ട‌്. ഇടപ്പള്ളി സോണിൽ 286 എ‌ണ്ണം ഉള്ളതിൽ 223 എണ്ണത്തിന‌് പെർമിറ്റ‌് ഉള്ളപ്പോൾ 63 എണ്ണം അനധികൃതമായി സ്ഥാപിച്ചതാണ‌്. പെർമിറ്റുള്ള 223 ‌എണ്ണത്തിൽ 115 എണ്ണം മാത്രമാണ‌് നികുതി അടയ‌്ക്കുന്നത‌്. പള്ളുരുത്തി സോണിൽ ആകെ ഒമ്പത‌് ഫ്ലക‌്സ‌് ബോർഡുകൾ ഉള്ളതിൽ ഒന്നിനുപോലും പെർമിറ്റ‌് നൽകിയിട്ടില്ല. ഫോർട്ട‌് കൊച്ചിയിൽ ‌എട്ടെണ്ണം ഉള്ളതിൽ ഒന്നിനും പെർമിറ്റ‌് ഇല്ല. മട്ടാഞ്ചേരിയിൽ ആകെ ആറെണ്ണം ഉള്ളതിൽ ഒരെണ്ണം മാത്രമാണ‌് പെർമിറ്റ‌് ഉള്ളത‌്. പച്ചാളത്ത‌് ആകെ ഒമ്പതെണ്ണം ഉള്ളതിനും പെർമിറ്റ‌് ഇല്ല.

ഹോർഡിങ്ങുകൾ സ്ഥാപിക്കുമ്പോൾ അതിന്റെ ഉടമസ്ഥന്റെ പേരും മേൽവിലാസവും ഒരുഭാഗത്ത‌് രേഖപ്പെടുത്തണമെന്ന‌് പെർമിറ്റ‌് നൽകുമ്പോൾ നിബന്ധനയുണ്ടെങ്കിലും അത‌് പാലിക്കാറില്ലെന്നും അതിനാൽ ഉടമയെ കണ്ടെത്താൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മഴക്കാലമാണ‌് വരുന്നതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടുത്തുള്ള ബോർഡുകൾ നീക്കിയില്ലെങ്കിൽ അപകടങ്ങൾ വിരിച്ചുവരുത്തുമെന്നും കൗൺസിലറും കോൺഗ്രസ‌് നേതാവുമായ കെ ആർ പ്രേംകുമാർ ചൂണ്ടിക്കാട്ടി. 

നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോർഡുകൾ സംബന്ധിച്ച‌ കണക്കെടുക്കണമെന്ന‌് പലതവണ പ്രതിപക്ഷം കൗൺസിലിൽ ആവശ്യം ഉന്നയിച്ചിരുന്നു. ‌നികുതി വരുമാനത്തിൽ വൻ ചോർച്ചയുണ്ടായിട്ടും വർഷങ്ങളായി നഗരത്തിൽ ഉയരുന്ന അനധികൃത ഫ്ലക‌്സ‌് ബോർഡുകൾ സംബന്ധിച്ച‌് മേയർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ‌് പ്രതിപക്ഷ നേതാവ‌് കെ ജെ ആന്റണി റിപ്പോർട്ട‌്  കൗൺസിലിൽ അവതരിപ്പിച്ചത‌്. നഗരസഭയുടെ വരുമാനത്തിൽ 50 കോടിയലധികം നഷ‌്ടം വരുന്ന ഈ വിഷയം പരിഹരിക്കാൻ അദാലത്ത‌് സംഘടിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top