24 January Friday

ബിജെപിയിൽ കൃഷ്‌ണദാസ്‌ പക്ഷത്തിന്‌ മേൽക്കൈ: സുരേന്ദ്രന്‌ സാധ്യത മങ്ങി ; പ്രഖ്യാപനം 15ന്‌

പി വി ജീജോUpdated: Tuesday Jan 14, 2020

കോളിക്കോട്‌ > ബിജെപിയുടെ ഒമ്പത്‌ ജില്ലാ പ്രസിഡന്റ്‌ പദം പി കെ കൃഷ്‌ണദാസ്‌ പക്ഷത്തിന്‌ ലഭിക്കും. നാലിടത്ത്‌ വി മുരളീധരൻ ഗ്രൂപ്പിനാണ്‌ പ്രസിഡന്റ്‌ സ്ഥാനം. ഒരിടത്ത്‌ കുമ്മനം രാജശേഖരന്റെ നോമിനിയാകും. കഴിഞ്ഞ ദിവസം കോഴിക്കോട്ട്‌ ചേർന്ന  നേതൃതലചർച്ചയിലാണീ ധാരണ.

ജില്ലാ പ്രസിഡന്റ്‌ സ്ഥാനത്ത്‌ കൃഷ്‌ണദാസ്‌ വിഭാഗം മേൽക്കൈ നേടിയതോടെ സംസ്ഥാന പ്രസിഡന്റാകാനുള്ള ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ സാധ്യത മങ്ങി. കൃഷ്‌ണദാസ്‌ പക്ഷത്തുനിന്ന്‌ എം ടി രമേശ്‌ പ്രസിഡന്റാകുമെന്നാണ്‌ സൂചന. ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്‌ണനും പരിഗണനയിലുണ്ട്‌. ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ നിലപാടാണ്‌ സുരേന്ദ്രന്‌ തിരിച്ചടിയായത്‌. ജില്ലാ പ്രസിഡന്റ്‌ സ്ഥാനം വീതംവെപ്പിൽ വി മുരളീധരനെ പൂർണമായി ഒതുക്കിയുള്ള ധാരണയാണുണ്ടായത്‌. പ്രഖ്യാപനം 15നുണ്ടാകും.

വി വി  രാജേഷ്‌ (തിരുവനന്തപുരം),  അഡ്വ. പി കൃഷ്‌ണദാസ്‌ (പാലക്കാട്‌) , രവി തേലത്ത്‌ (മലപ്പുറം), കെ ഗോപൻ (കൊല്ലം) എന്നിവരാണ്‌ മുരളീധരവിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റുമാർ. രവീശതന്ത്രി കുണ്ടാർ ( കാസർകോട്‌), കെ രഞ്‌ജിത്‌ ( കണ്ണൂർ), വി കെ സജീവൻ (കോഴിക്കോട്‌), സജിശങ്കർ( വയനാട്‌), അഡ്വ. കെ കെ അനീഷ്‌ ( തൃശൂർ), എം എൻ വിജയൻ ( എറണാകുളം), എൻ ഹരി (കോട്ടയം), എം ഗോപകുമാർ (ആലപ്പുഴ), എം അജിത്‌ (ഇടുക്കി)  എന്നിവരാവും കൃഷ്‌ണദാസ്‌ വിഭാഗത്തിന്റെ  പ്രസിഡന്റുമാർ. അശോകൻ കുളനടയാണ്‌ (പത്തനംതിട്ട) കുമ്മനത്തിന്റെ നോമിനി.

14 ജില്ലകളിലും  കടുത്ത മത്സരമുണ്ടായിരുന്നു. എന്നാൽ ദേശീയ നേതൃത്വം  ധാരണക്കാവശ്യപ്പെടുകയായിരുന്നു. ഈ ചർച്ചയിൽ ആർഎസ്‌എസിന്റെ  ശക്തമായ സമ്മർദമുണ്ടായെന്നാണ്‌ മുരളീധരവിഭാഗത്തിന്റെ ആരോപണം.  നേരത്തെ മുരളീധര ഗ്രൂപ്പിന്‌ ഏഴുജില്ലകളുണ്ടായിരുന്നു. 

നേതൃചർച്ചയിൽ കർണാടക സംസ്ഥാന പ്രസിഡന്റ്‌  നളിൻകുമാർ കട്ടീൽ, ദേശീയ സെക്രട്ടറി എച്ച്‌ രാജ, സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി എം ഗണേശ്‌, ജോ. ഓർഗനൈസിങ്‌ സെക്രട്ടറി കെ സുഭാഷ്‌,  മുൻ സംസ്ഥാന പ്രസിഡന്റുമാരായ പി കെ കൃഷ്‌ണദാസ്‌, വി മുരളീധരൻ, സി കെ  പത്മനാഭൻ,  കുമ്മനം രാജശേഖരൻ എന്നിവർ  പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top