13 August Thursday

ജാതി–-മതാതീത മാനവികത കാലത്തിന്റെ ആവശ്യം: എം ടി വാസുദേവൻ നായർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019


കോഴിക്കോട്‌
ജാതി–-മതാതീത മാനവികതയാണ്‌ ഇന്നത്തെ കാലത്തിനാവശ്യമെന്ന്‌ എം ടി വാസുദേവൻ നായർ പറഞ്ഞു. ഇത്തരം മാനവികതയും സമാധാനത്തിലധിഷ്‌ഠിതമായ സംസ്‌കാരവും വളർത്തുന്നത്‌ ഭാഷയാണ്‌. എന്നാൽ ഹിന്ദിയേ പാടുള്ളൂ എന്ന ഒച്ചപ്പാട്‌ ഈയടുത്തുണ്ടായി. അനേകം ഭാഷയും അതു നൽകിയ വൈവിധ്യമാർന്ന സംസ്‌കൃതിയുമാണ്‌ നമ്മുടേതെന്ന്‌ മറക്കരുത്‌–- എം ടി പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി എസ്‌ വാരിയരുടെ 150ാം ജന്മവാർഷിക ഭാഗമായി ‘ഭാഷ, സമൂഹം, സംസ്കാരം’ എന്ന വിഷയത്തിൽ  സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു എം ടി.

ഭാഷ സ്വാതന്ത്ര്യവും അവകാശവുമാണ്‌. പണിയായുധമാണ്‌. മുമ്പ്‌ അത്‌ ആധിപത്യത്തിന്റെ ഉപകരണവുമായിരുന്നു. ഓരോ കാലത്തും ഭാഷ കൈയടക്കിയായിരുന്നു ജനതയെ കീഴടക്കിയിരുന്നത്‌.  ഭാഷയെന്നാൽ മനുഷ്യന്റെ  സ്വാതന്ത്ര്യവും അവകാശവും പണിയായുധവും കൂടിയാണ്. ഭാഷാവികാസത്തിന്റെ  ഭാഗമായി പുതിയ പദങ്ങൾ സ്വീകരിക്കുന്നു. അതിലൂടെ സംസ്‌കാരവും ജീവിതവും വികസിക്കുന്നു. സമാധാനത്തിന്റെ സംസ്‌കാരം സൃഷ്‌ടിക്കപ്പെടുന്നു. ആ  സംസ്‌കാരമാണ് ഇന്ന്‌ വളർന്നു വരേണ്ടത്. ബോധവത്കരണം, സംവാദം, സഹകരണം എന്നിവ വഴി അക്രമരഹിതമായ അവസ്ഥ ഉടലെടുക്കണം. ജാതിമതാതീതമായ മാനവികതയാണ്‌ പി എസ്‌ വാരിയർ പുലർത്തിയതെന്നും എം ടി പറഞ്ഞു. കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ അധ്യക്ഷനായി. ചീഫ് ഫിസിഷ്യൻ പി എം  വാരിയർ എം ടിയെ പൊന്നാട അണിയിച്ചു. അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ. കെ മുരളീധരൻ സ്വാഗതവും ജോ. ജനറൽ മാനേജർ പി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top