ബാച്ചിലർ ഓഫ് ആർക്കിടെക്ചർ കോഴ്സിന് സ്പോർട്സ് ക്വോട്ടയിൽ സീറ്റ് അനുവദിക്കുന്ന കാര്യത്തിൽ രണ്ടുമാസത്തിനകം ഉത്തരവിറക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. മെഡിക്കൽ എൻജിനിയറിങ് കോഴ്സുകൾക്കെന്നപോലെ ബിആർക്കിനും സ്പോർട്സ് ക്വോട്ട സീറ്റ് ആവശ്യപ്പെട്ട് കോഴിക്കോട് ഓമശേരി സ്വദേശി അരുന്ധതി രാജ് നൽകിയ ഹർജിയിലാണ് നിർദേശം.
ഹർജിക്കാരി ബിആർക്കിന് സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ, സ്പോർട്സ് ക്വോട്ടയില്ലെന്ന് വ്യക്തമാക്കി അപേക്ഷ നിരസിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ അധ്യയനവർഷത്തെ പ്രവേശനനടപടി പൂർത്തിയായതിനാൽ ഇത്തവണ ഹർജിക്കാരിയുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. എന്നാൽ, കാരണം വ്യക്തമാക്കാതെ സീറ്റ് നിഷേധിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.