08 December Sunday

അനധികൃത ക്വാറി അനുവദിക്കില്ല: മന്ത്രി ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019


തിരുവനന്തപുരം
സംസ്ഥാനത്ത്‌ അനധികൃതമായി ഒരു ക്വാറി പോലും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്‌ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കവളപ്പാറയിൽ 20 കിലോമീറ്റർ ചുറ്റളവിൽ ഒരു ക്വാറിക്കും  പ്രവർത്തനാനുമതി നൽകിയിരുന്നില്ല. എന്നാൽ, ഇവിടെ എട്ട് എണ്ണം  അനധികൃതമായി പ്രവർത്തിച്ചിരുന്നു. ഇവയെല്ലാം പൂട്ടി. പരിസ്ഥിതി ദുർബലമേഖലയിൽ ഒരിടത്തും എൽഡിഎഫ്‌ സർക്കാർ ഖനനാനുമതി നൽകിയിട്ടില്ലെന്നും ഇ പി പറഞ്ഞു.

മഹാപ്രളയത്തിനുശേഷം സംസ്ഥാനത്ത് 147 ക്വാറിക്ക് ഖനനാനുമതി നൽകി. ഇതെല്ലാം ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ്‌. മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിൽ ക്വാറി അനുവദിച്ചിട്ടില്ല. 2018 മുതൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ ഖനനം നടത്താൻ അനുമതിയില്ല. ക്വാറികൾക്ക്‌ ലൈസൻസ്‌ നൽകാനുള്ള നടപടി കർക്കശമാക്കി. അനധികൃത ക്വാറി പ്രവർത്തനം തടയാനും പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിക്കുന്നു. മൈനിങ്‌ ആൻഡ്‌ ജിയോളജി ഡിപ്പാർട്ട്‌മെന്റും പൊലീസും സംയുക്ത പരിശോധന നടത്തുന്നു.

ശ്രദ്ധയിൽപ്പെട്ട എല്ലാ അനധികൃത ക്വാറിയും പൂട്ടി. ക്വാറി ഉൽപ്പന്നങ്ങൾക്ക്‌ കൃത്യമായ വില നിർണയിക്കാൻ കലക്ടർമാർക്ക്‌ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വി ടി ബൽറാം, റോജി എം ജോൺ, അൻവർ സാദത്ത്, അനിൽ അക്കര എന്നിവർ ചോദ്യം ഉന്നയിച്ചു.


പ്രധാന വാർത്തകൾ
 Top