20 January Wednesday

തൊഴിയൂർ സുനിൽവധ കേസ്‌ : ക്രൂരമായ ഭേദ്യത്തിലൂടെ കുറ്റം ഏറ്റെടുപ്പിച്ചു

കെ പ്രഭാത്‌Updated: Monday Oct 14, 2019‘സുനിൽകുമാറിനെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് കെഞ്ചി അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല. ഗരുഡൻതൂക്കം, ഉരുട്ടൽ, ഗുഹ്യഭാഗങ്ങളിൽ മുളക് അരച്ചു തേക്കൽ തുടങ്ങീ പ്രയോഗത്തിലൂടെ നിരപരാധികളായ ഒമ്പതുപേരെക്കൊണ്ട് കുറ്റം ഏറ്റെടുപ്പിക്കുകയായിരുന്നു’–- കേസിൽ ശിക്ഷയനുഭവിച്ച നിരപരാധികളായ വി ജി ബിജി, ടി എം ബാബുരാജ്, ആർ വി റഫീക്‌ എന്നിവർ ദേശാഭിമാനിയോട് പറഞ്ഞു. 

ഗുരുവായൂരിൽ കണി ജോയിയെ ആർഎസ്എസുകാർ കൊന്നതിന്‌ പ്രതികാരമായി സിപിഐ എം  സുനിലിനെ കൊന്നതാണെന്ന്‌  ആർഎസ്എസും  പൊലീസും കോൺഗ്രസും ചേർന്ന് പ്രചരിപ്പിച്ചു.  യഥാർഥപ്രതികളെ തിരിച്ചറിയാൻ എല്ലാ സാഹചര്യവും അന്നുണ്ടായിരുന്നു.  മുഖ്യമന്ത്രി കെ കരുണാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് കേസ്‌ ബോധപൂർവം സിപിഐ എമ്മിന്റെ തലയിൽ കെട്ടിവച്ചു. സിപിഐ എം പ്രവർത്തകരെക്കൂടാതെ,  കോൺഗ്രസ് തിരുത്തൽവാദി ഗ്രൂപ്പ്‌ നേതാവിനെയും  കുടുക്കി. കോൺഗ്രസ്‌ നിർദേശമനുസരിച്ച്‌ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വി ജി ബിജി, ടി എം ബാബുരാജ്, ആർ വി റഫീക്‌, ഹരിദാസൻ, ജയിംസ്, ജയ്സൺ, ഷമീർ, അബൂബക്കർ, സുബ്രഹ്മണ്യൻ എന്നിവരെ 11 ദിവസമാണ്‌ സ്റ്റേഷനിലിട്ട് തല്ലിച്ചതച്ചത്. ഹരിദാസൻ  ടി ബി പിടിപെട്ട് മരിച്ചു.  ഷമീർ, സുബ്രഹ്മണ്യൻ എന്നിവരും മരിച്ചു. പൊലീസിന്റെ കെട്ടിത്തൂക്കിയുള്ള അടിയിലും ഉരുട്ടലിലും ജയ്സന്റെ  മസിലുകളെല്ലാം ചുരുങ്ങി ശുഷ്കിച്ചു. അടിയേറ്റ് പലരുടേയും പല്ലുകൾ കൊഴിഞ്ഞു.  സുനിൽകുമാറിന്റെ വീട്ടുകാരെയും പൊലീസും ആർഎസ്‌എസ്‌ നേതൃത്വവും  തെറ്റിദ്ധരിപ്പിച്ചു. മകന്റെ മരണത്തിൽ ശിക്ഷ ഉറപ്പാക്കണമെങ്കിൽ പിടിയിലായവർതന്നെയാണ് യഥാർഥ പ്രതികളെന്ന് പറയണമെന്നും പൊലീസ് നിർബന്ധിച്ചു. 

ഡിവൈഎസ്‌പി ടി ചന്ദ്രൻ, സിഐ ശിവദാസൻപിള്ള, ചാലക്കുടി സിഐ അബ്രഹാം, എസ്ഐമാരായ ഇബ്രാഹിം, സതീശൻ, ടോമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗൂഢാലോചന. എം എൻ കൃഷ്‌ണമൂർത്തിയായിരുന്നു അന്നത്തെ എസ്‌പി.  മർദനത്തിന്റെ പരിക്ക് അറിയാതിരിക്കാൻ ദിവസങ്ങൾ കഴിഞ്ഞാണ് കോടതിയിൽ ഹാജരാക്കിയത്. 

നിജസ്ഥിതി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ അറിയിക്കാനായതാണ്‌ യഥാർഥ കുറ്റവാളികൾ കുരുങ്ങുന്നതിലേക്ക്‌ കാര്യങ്ങളെത്തിച്ചതെന്ന്‌ വി ജി ബിജി പറഞ്ഞു.  സംഭവത്തെക്കുറിച്ച്‌ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിജി വ്യക്തമാക്കി.

ഫസൽ കേസിലും പ്രതീക്ഷ   
തൃശൂരിലെ ആർഎസ്‌എസ്‌ പ്രവർത്തകൻ തൊഴിയൂർ സുനിൽ കൊലക്കേസിൽ കാൽനൂറ്റാണ്ടിനുശേഷം യഥാർഥ  പ്രതി പിടിയിലായത്‌ ഫസൽ കേസിലും പ്രതീക്ഷയാവുന്നു. തലശേരി ഫസൽ കേസിൽ യഥാർഥ പ്രതി കുറ്റസമ്മതമൊഴി നൽകിയിട്ടും നിരപരാധികളായ സിപിഐ എം നേതാക്കളടക്കമുള്ളവരാണ്‌ ഏഴരവർഷത്തിലേറെയായി ക്രൂശിക്കപ്പെടുന്നത്‌.

സുനിൽ കേസിൽ  പൊലീസ്‌ അന്വേഷണത്തിലെ പിഴവ്‌ തിരുത്തി. ഫസൽ കേസിൽ സിബിഐയുടെ കൈയിൽ യഥാർഥപ്രതികളുടെ കുറ്റസമ്മതമൊഴിയും തെളിവുമുണ്ടെങ്കിലും ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല. തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ നിരപരാധികളെ രക്ഷിക്കാമായിരുന്നു. 

കേസിൽ സംഭവിച്ചത്‌
2006 ഒക്ടോബർ 22നാണ്‌ തലശേരി സൈദാർപള്ളിക്കടുത്ത്‌ എൻഡിഎഫ്‌ പ്രവർത്തകൻ ഫസൽവെട്ടേറ്റ്‌ മരിച്ചത്‌. കൊല നടത്തിയത്‌ ആർഎസ്‌എസ്സുകാരാണെന്ന്‌ അന്ന്‌ എൻഡിഎഫ്‌ ആരോപിച്ചു. ഒരു തെളിവുമില്ലാതെ സിപിഐ എം അനുഭാവികളായ മൂന്നുപേരെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. പോളിഗ്രാഫ്‌ ടെസ്‌റ്റ്‌  രേഖപ്രകാരം പ്രതികൾ ഫസലിനെ കണ്ടിട്ടുപോലുമില്ല.  ഹൈക്കോടതിയിൽ ജസ്‌റ്റിസ്‌ വി രാംകുമാർ, ജസ്‌റ്റിസ്‌ എച്ച്‌ എൽ ദത്തു എന്നിവർ അന്വേഷണത്തിലെ അപാകവും ചൂണ്ടിക്കാട്ടി. എന്നാൽ, ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തവർക്ക്‌പുറമെ മറ്റു മൂന്നുപേരെ കൂടി സിബിഐ പ്രതികളാക്കി.  സിപിഐ എം തിരുവങ്ങാട്‌ ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരനെയും തലശേരി ഏരിയാ സെക്രട്ടറി കാരായി രാജനെയും ഗൂഢാലോചനാകേസിലും പെടുത്തി.  പ്രതിചേർക്കപ്പെട്ടവർ പോളിഗ്രാഫ്‌  ബ്രെയിൻമാപ്പിങ്‌ ഉൾപ്പെടെ എല്ലാശാസ്‌ത്രീയ പരിശോധനക്കും തയ്യാറാണെന്ന്‌ അറിയിച്ചിട്ടും സിബിഐ അതിന്‌ സന്നദ്ധരല്ല.

വെളിപ്പെട്ടത്‌ ഗൂഢാലോചന
തൊഴിയൂർ സുനിൽ വധക്കേസിലെ പഴുതടച്ചുള്ള അന്വേഷണം രക്ഷിച്ചത്‌ നാലു നിരപരാധികളുടെ ജീവിതം. പുറത്തുവന്നത്‌ രാഷ്‌ട്രീയ പ്രതിയോഗികളെ കുരുക്കുന്ന കോൺഗ്രസ്‌ ഗൂഢാലോചന.

1994ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, പൊലീസ് എടുത്ത കേസിലെ മുഴുവൻ പ്രതികളും നിരപരാധികളെന്ന് ഇപ്പോൾ തുടരന്വേഷണത്തിലാണ് വ്യക്തമായത്.  പ്രോസിക്യൂഷൻ ഡിജിപിയുടെ നിയമോപദേശത്തെത്തുടർന്ന് പിണറായി വിജയൻ സർക്കാർ 2017ൽ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസ്‌ പി സുദർശനെയും ഡിവൈഎസ്‌പി സുരേഷ് ബാബുവിനെയും ചുമതലപ്പെടുത്തി. ഇവരുടെ പഴുതടച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള ജം ഇയ്യത്തുൽ ഇഹ്സാനിയ പ്രവർത്തകൻ പാലയൂർ കറുപ്പംവീട്ടിൽ മൊയ്നുദ്ദീൻ (49) അറസ്റ്റിലായത്.  .

നിരപരാധികളായ സിപിഐ എം പ്രവർത്തകരേയും  കോൺഗ്രസ് തിരുത്തൽവാദികളേയും കണ്ടാലറിയാവുന്ന രണ്ടുപേരെയും ഉൾപ്പെടുത്തി 11 പേർക്കെതിരെയാണ്‌ 1994ൽ  ചാവക്കാട് പൊലീസ് കേസെടുത്തത്. പിടികൂടിയവരെ  മർദിച്ചശേഷം പ്രതിചേർത്ത്  റിമാൻഡ് ചെയ്‌തു. ഒമ്പതുപേർ രണ്ടരമാസം  റിമാൻഡിൽ കഴിഞ്ഞു. 1997ൽ  നാലുപേരെ വിവിധവകുപ്പുകളിലായി 33 വർഷത്തെ തടവിന്‌ ശിക്ഷിച്ചു. ഹൈക്കോടതി   നാലുപേർക്കും ജാമ്യം നൽകി.

ഇതിനിടയിലാണ്‌ തീരപ്രദേശങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ, തിയറ്റർ കത്തിക്കൽ തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാൻ നായനാർ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ഡിഐജി സെൻകുമാറിനെ ചുമതലപ്പെടുത്തിയത്‌. ഈ  സ്ക്വാഡിന്റെ അന്വേഷണത്തിലാണ് തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയത് ജം ഇയ്യത്തുൽ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയാണെന്ന് വ്യക്തമാകുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top