24 October Thursday

മരടിൽ ഫ്ലാറ്റുകളിലെ കുട്ടികൾ പറയുന്നു ; ‘എപ്പോഴും പേടിസ്വപ്്‌നങ്ങൾ കാണുന്നു’

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുൺകുമാറിന്റെ നേതൃത്വത്തിൽ മരട് ഫ്ലാറ്റിലെ കുട്ടികളുമായി സംസാരിക്കുന്നു


മരട് 
"ഞങ്ങൾക്ക് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. എപ്പോഴും പേടി സ്വപ്നങ്ങൾ കാണുന്നു. എന്തു ചെയ്യണമെന്നറിയില്ല. ഞങ്ങളെ രക്ഷിക്കാൻ ആരുമില്ലേ  ..?’ തീരസംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റിൽ കുട്ടികളെ സന്ദർശിക്കാനെത്തിയ ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളോട് ഫ്ലാറ്റിലെ കുട്ടികൾ പങ്കിട്ടത് ഹൃദയം നുറുങ്ങുന്ന വേദനകൾ.

എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ്‌ അഡ്വ. കെ എസ് അരുൺകുമാർ, ട്രഷറർ പ്രൊഫ. ഡി സലിംകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രശ്മി ആസാദ്, ജയാ പരമേശ്വരൻ എന്നിവരാണ് ഫ്ലാറ്റിലെ കുട്ടികളെ ആശ്വസിപ്പിക്കാനെത്തിയത്.

ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നത് കുട്ടികളാണ്. 18 വയസ്സിനു താഴെയുള്ള 300ലധികം കുട്ടികളാണ് ഫ്ലാറ്റുകളിൽ ഉള്ളത്.  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ എത്തിയ  സമിതി അംഗങ്ങൾ  കുട്ടികളുമായി ഒരു മണിക്കൂറോളം സംസാരിച്ചു.

ഉറങ്ങാൻ കഴിയുന്നില്ലെന്നും രാത്രിയിൽ ഞെട്ടി ഉണരുന്നുവെന്നുമുള്ള വിഷമങ്ങൾ കുട്ടികൾ പങ്കുവച്ചു. തങ്ങൾ ഓണം ആഘോഷിച്ചില്ല എന്നും തിരുവോണദിനത്തിൽ മരട് മുനിസിപ്പാലിറ്റിക്കു മുന്നിൽ നിരാഹാര സത്യഗ്രഹത്തിലായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. "പൊളിക്കാൻ പോകുന്ന ഫ്ലാറ്റിലെ കുട്ടിയാണ്’ എന്നുപറഞ്ഞ് കൂട്ടുകാർ കളിയാക്കിയതായി കോളേജ് വിദ്യാർഥിനി പരാതി പറഞ്ഞു.

കിടപ്പാടം നഷ്ടപ്പെടാൻ പോകുന്നതിന്റെ പേരിൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്ന  കുട്ടികളുടെ വേദനയ്‌ക്ക് അയവുവരുത്താൻ അവർക്ക് എല്ലാ സഹായവും നൽകുമെന്നും ആവശ്യമായ കുട്ടികൾക്ക് കൗൺസലിങ്‌ അടക്കം നൽകും. വരുംദിവസങ്ങളിൽ മറ്റു ഫ്ലാറ്റുകളിലെ കുട്ടികളെയും സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുമെന്ന് അഡ്വ. കെ എസ് അരുൺകുമാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top