18 October Friday
യുവതയുടെ നന്മ: ആയിരങ്ങൾ ആശുപത്രിയിൽ ഓണമുണ്ടു

ഓണത്തിനും മുടങ്ങാതെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ്‌ വിതരണം; ഓണമധുരമായി പായസവും

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019


തിരുവനന്തപുരം
മെഡിക്കൽ കോളേജ്‌ ആശുപത്രിവളപ്പിൽ പതിവുപോലെ തിരുവോണദിനത്തിലും അവർ മെഡിക്കൽ കോളേജ്‌ ആശുപത്രി പരിസരത്ത്‌ കാത്തുനിന്നു. നക്ഷത്രാങ്കിത ശുഭ്ര പതാക പാറിച്ചെത്തുന്ന വാഹനങ്ങളെ ആയിരക്കണക്കിന്‌ കണ്ണുകൾ തേടിക്കൊണ്ടേയിരുന്നു. രോഗാവസ്ഥയുടെ ദുരിതത്തിലും കൂട്ടിരിപ്പിന്റെ വിരസതയിലും ഓണം ആശുപത്രിമുറിയിൽ തളച്ചിടപ്പെട്ടവർക്ക്‌ ആശ്വാസമായി ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി. ഒരു നാടിന്റെ നന്മച്ചോറ്‌ നിറച്ച പൊതികൾ വിതരണംചെയ്‌തു. ഓണത്തിന്റെ മധുരസമ്മാനമായി പായസവും വിളമ്പി.

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി മൂന്നര വർഷത്തിലേറെയായി തുടരുന്ന പൊതിച്ചോർ വിതരണം ഓണദിനത്തിലും പതിവുപോലെ നടന്നു. ആയിരങ്ങൾ ആശുപത്രിവളപ്പിൽ നന്മയുടെ ഓണമുണ്ടു. നാടൊന്നാകെ തിരുവോണത്തിന്റെ ആവേശത്തിലമരുമ്പോഴും നന്ദിയോട്ടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ എല്ലാ ആഘോഷങ്ങൾക്കും അവധി നൽകി വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാനുള്ള പ്രവർത്തനത്തിലായിരുന്നു. ബുധനാഴ്‌ച മെഡിക്കൽകോളേജിലേക്ക്‌ പൊതിച്ചോർ എത്തിക്കേണ്ട ചുമതല ഡിവൈഎഫ്‌ഐ നന്ദിയോട്‌ മേഖലാ കമ്മിറ്റിക്കായിരുന്നു. രാവിലെ ഓണാഘോഷങ്ങളൊക്കെ ഉപേക്ഷിച്ചിറങ്ങിയ ചെറുപ്പക്കാർ ചെറിയ സംഘങ്ങളായി ഓരോ പ്രദേശത്തും വീടുകൾ കയറിയിറങ്ങി. പതിവുപോലെ പൊതിച്ചോർ തയ്യാറാക്കി കാത്തിരിപ്പുണ്ടായിരുന്നു വീട്ടുകാർ.

വിവിധ യൂണിറ്റുകൾ ശേഖരിച്ച പൊതികൾ ചെറുവാഹനങ്ങളിൽ മേഖലാകേന്ദ്രത്തിലെത്തിച്ചു. അവിടെനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌. അയ്യായിരത്തോളം പേർക്കാണ്‌ തിരുവോണദിനത്തിലും പൊതിച്ചോർ വിതരണം ചെയ്‌തത്‌. ഭക്ഷണവുമായെത്തിയ പ്രവർത്തകർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊപ്പം ചോറുണ്ടാണ്‌ മടങ്ങിയത്‌.

പൊതിച്ചോറ്‌ നൽകാൻ മേയറും
തിരുവനന്തപുരം
മൂന്നാം ഓണത്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്ക് ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണം നൽകാൻ മേയർ വി കെ പ്രശാന്ത്‌ എത്തി. പൊതിച്ചോർ വാങ്ങാൻ കാത്തുനിന്ന രോഗികളും കൂട്ടിരിപ്പുകാരും മേയറെ ഹർഷാരവത്തോടെയാണ് വരവേറ്റത്. ഡിവൈഎഫ്ഐ കണിയാപുരം മേഖലാ കമ്മിറ്റിയാണ് വ്യാഴാഴ്ച ഉച്ചഭക്ഷണമെത്തിച്ചത്.


പ്രധാന വാർത്തകൾ
 Top