25 September Friday

മാധ്യമ വിചാരണ വേണ്ട: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


കൊച്ചി
ക്രിമിനൽ കേസുകളുടെ അന്വേഷണ വിശദാംശങ്ങൾ മധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തടയണമെന്നും മാധ്യമ വിചാരണ പാടില്ലെന്നും ഹൈക്കോടതി. രത്നവ്യാപാരി ഹരിഹര വർമയെ കൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്‌താവിക്കവെയാണ്‌ ഡിവിഷൻ ബെഞ്ച് പൊലീസിനെയും മാധ്യമങ്ങളെയും വിമർശിച്ചത്‌.

ക്രിമിനൽ കേസുകളിലെ അന്വേഷണത്തെക്കുറിച്ച്‌, അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തരുതെന്ന്‌ കോടതി പറഞ്ഞു. ഈ പ്രവണത വർധിക്കുകയാണ്‌. അന്വേഷണ ഉദ്യോഗസ്ഥർ വാർത്താസമ്മേളനം നടത്തുന്നതിന് നിയമപരമായി വിലക്കുണ്ട്. വാർത്താസമ്മേളനങ്ങൾ തെളിവുകൾ ദുർബലപ്പെടുത്തും. കസ്റ്റഡിയിലുള്ള പ്രതികളെ മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കുകയോ ഫോട്ടോ പ്രസിദ്ധികരിക്കുകയോ ചെയ്യരുത്‌. ഇക്കാര്യത്തിൽ പൊലീസ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണം.

ഇതുസംബന്ധിച്ച്‌ ഡിജിപി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്‌. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാധ്യമങ്ങളോട് പറയുന്നു. ഇത്‌ അനുവദിക്കാനാകില്ല. കോടതികളാണ് കേസുകളിൽ തീർപ്പു കൽപ്പിക്കേണ്ടതെന്നും ജസ്റ്റിസുമാരായ എ ഹരിപ്രസാദും എൻ അനിൽകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ഹരിഹര വർമ കൊലക്കേസിൽ അന്വേഷണ പുരോഗതി വിശദീകരിച്ച് ഐജി വാർത്താസമ്മേളനം നടത്തിയത്‌ പ്രതികളെ വിചാരണയ്‌ക്കുമുമ്പ്‌ തിരിച്ചറിയാൻ ഇടയാക്കിയെന്ന പ്രതിഭാഗത്തിന്റെ വാദം പരിശോധിച്ചാണ് കോടതി നിർദേശം. കേട്ടുകേൾവിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തിൽ വാർത്ത നൽകരുതെന്ന്‌ കഴിഞ്ഞ ദിവസം മറ്റൊരു ഹൈക്കോടതി ജഡ്‌ജി‌ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വിധിയിൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top