28 February Friday

ഇന്ന‌് അവയവ ദാന ദിനം ; മുന്നോട്ട‌ാവട്ടെ ജീവദാന ചുവടുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

അവയവദാനത്തിന്റെ പ്രാധാന്യം സംബന്ധിച്ച്‌ ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരയ്‌ക്ക്‌ ലഭിച്ച പ്രതികരണം

കോഴിക്കോട‌്
മരണത്തോട‌് മല്ലിടുന്നവർക്ക‌് ജീവൻ കൊടുക്കുന്ന മരണാനന്തര അവയവ ദാനം  നാമമാത്രമായി ചുരുങ്ങി. കുപ്രചാരണങ്ങളാണ‌് കേരളത്തിൽ ആ ഉദ്യമത്തിന്റെ നടുവൊടിച്ചത‌്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളും കേസുമെല്ലാം അവയവ ദാനത്തെ ചുരുങ്ങിയ വർഷം കൊണ്ട‌് 76 ൽ നിന്നും 13 ലെത്തിച്ചു.ആയിരങ്ങൾ  അവയവം കാത്ത‌് കഴിയുമ്പോഴാ‌ണ‌് ഈ അവസ്ഥ. 

അവയവ ദാന പ്രോത‌്സാഹന നടപടികളുമായി മുന്നോട്ട‌് പോവുകയാണ‌് സർക്കാർ. ഈ മഹത‌് ദാനം പുറകോട്ടായതിൽ ഈ രംഗത്തുള്ള ഡോക്ടർമാരും നിരാശയിലാണ‌്. കൂട്ടായ പ്രവർത്തനത്തിലൂടെ തെറ്റിദ്ധാരണകൾ അകറ്റി   മുന്നോട്ട‌് പോയാൽ പ്രതിസന്ധികളെ അതിജീവിയ‌്ക്കാമെന്ന പ്രതീക്ഷ പങ്ക‌് വെയ‌്ക്കുകയാണവർ.

 

സങ്കടകരം
അവയവ ദാനം പിന്നോട്ട‌് പോയതിൽ  ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നതാണ‌് സങ്കടകരം. തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ സെൻസേഷണലായി അവതരിപ്പിച്ച‌് സാധാരണക്കാരിൽ ഭീതി ഉണ്ടാക്കി. തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന സന്ദേശം വ്യാപിപ്പിച്ചു. സ്വകാര്യ ആശുപത്രിയുടെ വിശ്വാസ്യത ഇതിലൂടെ ഇല്ലാതാക്കി.
ഫലമായി അവയവ ദാനം നാമമത്രമായി. ഹൃദയത്തിനായി  കാത്തിരിക്കുന്നവരിൽ 20 ശതമാനവും അവയവം കിട്ടാതെ മരിയ‌്ക്കുകയാണ‌്.  വിദഗ‌്ധരായ  ഡോക്ടർമാരാണ‌് മസ‌്തിഷ‌്ക മരണം സ്ഥിരീകരിക്കുന്നത‌്. സർക്കാർ സംവിധാനത്തിലൂടെയുള്ള അവയവ വിതരണത്തിൽ തട്ടിപ്പ‌് നടക്കാൻ സാധ്യതയില്ല. എന്നിട്ടും  നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ  കർശന നടപടി സ്വീകരിക്കണം.

ആദ്യ ഘട്ടത്തിലേ കുപ്രചാരണങ്ങളെ പ്രതിരോധിക്കണമായിരുന്നു. ഇപ്പോൾ സർക്കാർ അവയവ ദാന പ്രോത്സാഹന നടപടികളിലേക്ക‌് നീങ്ങിയിട്ടുണ്ട‌്. ആത്യന്തികമായി ജനങ്ങളാണ‌് മാറേണ്ടത‌്.അവരിൽ അടിയുറച്ച തെറ്റിദ്ധാരണകൾ മാറണം. ശക്തമായ ബോധവൽക്കരണവും തുടർപ്രവർത്തനങ്ങളും വേണം.  ഏറ്റവും പുറകിലാണ‌് നിൽക്കുന്നതെന്ന ബോധത്തിൽ ഊർജിത ഇടപെടൽ വേണം.

ഡോ. ജോസ‌് ചാക്കോ പെരിയപുറം (എച്ച‌്ഒഡി, കാർഡിയോ തൊറാസിക‌് സർജറി, ലിസി ആശുപത്രി)

 

പൊതുബോധം ഉയർത്തണം
ഒരു ഡോക്ടർ നൽകിയ പരാതിയിലൂടെ ഉയർന്ന പ്രചാരണമാണ‌് അവയവ ദാനത്തെ പിന്നോട്ടാക്കിയത‌്. വെറുതെ പ്രശ‌്നങ്ങൾ നേരിടേണ്ടെന്ന‌് കരുതി സ്വകാര്യ ആശുപത്രിക്കാർ പിൻവലിഞ്ഞു. തങ്ങൾ ചൂഷണം ചെയ്യപ്പെടുകയെന്ന ധാരണയിൽ  ജനങ്ങളും  തയ്യാറാകുന്നില്ല. അമൂല്യമായ ഈ ദാനത്തെ കുറിച്ചുള്ള പൊതുബോധം ഉയർത്തണം. തെറ്റിദ്ധാരണകളെ മായ‌്ക്കാൻ കൂട്ടായ പരിശ്രമം വേണം.

അവയവം നൽകുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഒട്ടും മടിക്കരുത‌്. ഹൃദയം മാറ്റിവച്ചവരിൽ കൃത്യമായ പരിചരണത്തോടെ ഭൂരിഭാഗ പേർക്കും ദീർഘകാലം ജീവിക്കാനാകുന്നുണ്ട‌്.    മസ‌്തിഷ‌്ക മരണം കൃത്യമായി റിപ്പോർട്ട‌് ചെയ്യപ്പടണം.  സ്വകാര്യ ആശുപത്രികളെ കൂടെ കൂട്ടി തന്നെയാവണം പ്രവർത്തനങ്ങൾ. സർക്കാർ ആശുപത്രിയിലും വിപുല സൗകര്യത്തോടെ വിഗദ‌്ധരടങ്ങിയ പ്രത്യേക ടീം വേണം.  ഇതൊരു  വലിയ ടീം വർക്കാണ‌്. സമൂഹത്തിന്റെ പിന്തുണയും കൂടെ ഉണ്ടായാലേ മുന്നോട്ട‌് പോകൂ.

ഡോ. ടി കെ ജയകുമാർ (പ്രൊഫസർ ആന്റ‌് എച്ച‌്ഒഡി, കാർഡിയോ തൊറാസിക‌് ആന്റ‌് വാസ‌്കുലാർ സർജറി, കോട്ടയം ഗവ. മെഡിക്കൽ കോളേജ‌്)

 

ചെലവുകൾ ഏകീകരിക്കണം
മസ‌്തിഷ‌്ക മരണം റിപ്പോർട്ട‌് ചെയ‌്താൽ അത‌് ഡോക്ടർമാരുടെ തട്ടിപ്പായി പ്രചരിപ്പിക്കപ്പെടുമെന്ന‌് കരുതി  അവർ പിറകോട്ട‌് പോയതോടെയാണ‌് ഇത‌് നിശ‌്ചലമായത‌്.  കേസും പൊല്ലാപ്പും വേണ്ടെന്ന‌്  കരുതി പലരും പിൻവാങ്ങി. കുപ്രചാരണങ്ങളാണ‌് അടിസ്ഥാന കാരണം. സോഷ്യൽ മീഡിയ വഴി പ്രചാരണം ഉയർന്നാൽ കൃത്യമായി അന്വേഷിച്ച‌് പ്രതിരോധിയ‌്ക്കണം.  നമ്മുടെ നിശ‌ബ‌്ദത ഇത്തരം കുപ്രചാരണത്തെ ശക്തിപ്പെടുത്തും. അവയവം മാറ്റിവെച്ച‌് ജീവിക്കുന്നവരുടെ കണക്കും വിജയ ശതമാനവും ക്യത്യമായി ജനങ്ങളിലെത്തിക്കണം. ഇതിലൂടെ വിശ്വാസ്യത തിരിച്ച‌് പിടിയ‌്ക്കാനാകും.  സ്വകാര്യ ആശുപത്രികളിലെ ചെലവുകൾ ഏകീകരിക്കുന്നതും ഗുണമാവും. മൊത്തം നടപടികളുടെ നിയന്ത്രണത്തിന‌് കൂടുതൽ സർക്കാർ കോ-- ഓർഡിനേറ്റർമാരെ നിയമിച്ച‌്  മസ‌്തിഷ‌്ക മരണ സ്ഥിരീകരണ  മാനദണ്ഡങ്ങൾ ലഘൂകരിക്കണം. രോഗികളുടെ ബന്ധുക്കളോട‌് അവയവ ദാന കാര്യം സംസാരിക്കുന്നതടക്കം സർക്കാർ പ്രതിനിധി ചെയ്യുന്നതാണ‌് ഗുണകരം.

ഡോ. എസ‌് സുധീന്ദ്രൻ(ഹെഡ‌് ഓഫ‌് ട്രാൻസ‌്പ്ലാന്റ‌് സർജറി, അമൃത ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസ‌്)
 


പ്രധാന വാർത്തകൾ
 Top