05 August Wednesday

മഴക്കലിയെ തോൽപ്പിക്കുന്ന നുണപ്രളയം ; ദുരിതാശ്വാസ നിധിയിലേക്ക്‌ വന്ന തുകയും ചെലവഴിച്ചതിന്റെ വിവരവും സർക്കാർ വെബ്‌സൈറ്റിൽ ലഭിക്കും

പ്രത്യേക ലേഖകൻUpdated: Tuesday Aug 13, 2019

പ്രളയദുരന്തത്തെ നേരിടുന്ന കേരളത്തിന്‌ കനത്ത ആഘാതമേൽപ്പിച്ച്‌ ദുരിതാശ്വാസനിധിയെക്കുറിച്ച്‌ വ്യാപക നുണപ്രചാരണം. ദുരന്തമുഖത്തുനിന്ന്‌ കരകയറാനും വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള ശ്രമത്തെ തുരങ്കംവയ്‌ക്കുന്ന തരത്തിലാണ്‌ ആസൂത്രിത പ്രചാരണം.

ദുരിതാശ്വാസനിധിയിലെ പണം ചെലവഴിച്ചില്ല, ധൂർത്തടിച്ചു, ദുരുപയോഗംചെയ്‌തു തുടങ്ങിയ നുണകളാണ്‌ കെട്ടഴിച്ചുവിടുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സർക്കാരിന്റെ വെബ്‌സൈറ്റിൽ  പരിശോധിച്ചാൽ മതി ഈ പ്രചാരണം തട്ടിപ്പാണെന്ന്‌ ബോധ്യമാകും. നിയമസഭാരേഖകൾ പരിശോധിച്ചാലോ, വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചാലോ സത്യമറിയാം. വസ്‌തുത ഇതായിരിക്കെയാണ്‌ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്നത്‌ കഴിഞ്ഞ പ്രളയത്തിനുശേഷം രൂപംകൊണ്ടതല്ല. അതിലേക്ക്‌ എത്തുന്ന ഓരോ രൂപയും ചെലവിടുന്നതിന്‌ വ്യക്തമായ മാനദണ്ഡമുണ്ട്‌. എന്ത്‌ ദുരന്തമായാലും അതിന്‌ നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ചേ തുക അനുവദിക്കാനാകൂ. പ്രളയദുരന്തത്തോട്‌ അനുബന്ധിച്ച്‌ സമാഹരിച്ച തുക  പ്രത്യേകമായി വച്ചിട്ടുണ്ട്‌.

ദുരിതാശ്വാസ നിധിയിലേക്ക്‌ വന്ന തുകയുടെയും ചെലവിന്റെയും വിവരം സർക്കാർ വെബ്‌സൈറ്റിൽ ലഭിക്കും. മുഖ്യമന്ത്രിക്ക്‌ ഒപ്പിട്ട്‌ ദുരിതാശ്വാസനിധിയിൽനിന്ന്‌ തുക പിൻവലിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്കല്ല മറിച്ച്‌ ധനവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ട്രഷറി അക്കൗണ്ടിലാണ്‌ തുക എത്തിയത്‌. പണം ചെലവഴിക്കുന്നത്‌ റവന്യൂ വകുപ്പാണ്‌. റീബിൽഡ്‌ കേരള ഇൻഷിയേറ്റീവ്‌ ഓഫീസിന്‌ ആഡംബര കെട്ടിടം വാടകയ്‌ക്ക്‌ എടുക്കാൻ ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചെന്നതും തെറ്റിദ്ധാരണ പരത്താനാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ ഒരു രൂപപോലും ഓഫീസ്‌ സജ്ജീകരിക്കുന്നതിന്‌ ചെലവിട്ടിട്ടില്ല. പ്രത്യേക അക്കൗണ്ട്‌ ഹെഡ്ഡിലാണ്‌ ഇതിനുള്ള തുക വകയിരുത്തിയിട്ടുള്ളത്‌. റീബിൽഡ്‌ കേരള ഇൻഷിയേറ്റീവ്‌ പ്രവർത്തനം തുടങ്ങിയിട്ട്‌ എട്ടുമാസം പിന്നിട്ടു. രാജ്യാന്തര ധന ഏജൻസികളുടെ വിദഗ്‌ധരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരുമായി നാനൂറോളം യോഗവും ചർച്ചയും നടത്തിയിട്ടുമുണ്ട്‌. ഇതിന്‌ സൗകര്യം ഒരുക്കാൻ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. ലോകബാങ്ക്‌, ജർമൻ അന്താരാഷ്ട്ര ധനസഹായം എന്നിവയിൽനിന്ന്‌ 3150 കോടി രൂപയുടെ വായ്‌പ ലഭിക്കാനുള്ള നടപടികളായത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌.

കേരളത്തിന്റെ പുനർനിർമാണമാണ്‌ ആർകെഐ ഏറ്റെടുത്തിരിക്കുന്നത്‌. തകർന്ന റോഡ്‌, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വീടുകൾ തുടങ്ങിയവ നിർമിക്കുന്നത്‌ അടുത്ത തലമുറകൾക്കുകൂടിവേണ്ടിയാണ്‌. ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കമാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെടുത്തിയുള്ള കള്ളപ്രചാരണത്തിനു പിന്നിൽ.


പിൻവലിഞ്ഞ്‌ സംഘപരിവാർ അനുകൂലികൾ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായം നൽകുന്നതിനെ എതിർക്കുന്ന  പ്രചാരണത്തിൽനിന്ന്‌ സംഘപരിവാർ അനുകൂലികൾ പിൻവലിയുന്നു. സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെയാണ്‌ പിന്മാറ്റം. സംഘപരിവാർ അനുകൂലികളുള്ള സുദർശനം എന്ന വാട്‌സാപ്‌ ഗ്രൂപ്പിലെ പോസ്‌റ്റുകൾ പുറത്തുവന്നത്‌ വലിയ ചർച്ചയായിരുന്നു. സംഭാവന വിലക്കുന്നതിനെതിരെ രോഷം ശക്തമായിരുന്നു. ഊരും പേരുമില്ലാത്ത സന്ദേശങ്ങളുമായി തങ്ങൾക്കു ബന്ധമില്ലെന്നാണ്‌ ആർഎസ്‌എസ്‌ നിലപാട്‌. സംഭാവന നൽകാതിരിക്കാൻ ആർഎസ്‌എസോ അനുകൂല സംഘടനകളോ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറയുന്നു.

ഊരും പേരുമില്ലാത്ത സാമൂഹ്യമാധ്യമ പ്രചാരണത്തിന്റെ ഉത്തരവാദിത്തമില്ലെന്ന്‌  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദപ്പെട്ടവർ ഇത്തരം പ്രചാരണത്തിന്റെ പേരിൽ വാളെടുക്കരുതെന്നും സുരേന്ദ്രൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top