15 October Tuesday

പുത്തുമലയിൽ തെരച്ചിൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019


കൽപ്പറ്റ
മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. സൈന്യം, എൻഡിആർഎഫ്‌, അഗ്നിശമനസേന, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ  ഊർജിതമായാണ്‌ തെരച്ചിൽ. തിങ്കളാഴ്‌ച ആരെയും കണ്ടെത്താനായില്ല. 10 പേരുടെ മൃതദേഹമാണ്‌ ഇതുവരെ കണ്ടെത്തിയത്‌.  കാണാതായ ഏഴു പേർക്കായാണ്‌ പ്രധാനമായും തെരച്ചിൽ.   മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി കെ ശശീന്ദ്രൻ എംഎൽഎ, സബ്‌ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ എന്നിവർ തെരച്ചിലിന്‌ നേതൃത്വം നൽകുന്നുണ്ട്‌. 

പകൽ ഒന്നോടെ രാഹുൽ ഗാന്ധി എംപി സ്ഥലം സന്ദർശിച്ചു.  11  മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച്‌ രാവിലെ മുതൽ തന്നെ  തെരച്ചിൽ തുടങ്ങിയിരുന്നു. ആളുകൾ താമസിച്ചിരുന്ന ഇടങ്ങളിൽ  ശ്രദ്ധാപൂർവമാണ്‌ തെരച്ചിൽ.  ഉരുളിൽ രൂപപ്പെട്ട മൺകൂനകൾക്കും പാറകൾക്കും വൻ മരത്തടികൾക്കും മുകളിലായി ഉറ്റവർക്കായി കാത്തിരിക്കുന്നവരുടെ നെടുവീർപ്പുകളാണ്‌ ദുരന്തഭൂമിയിലെങ്ങും.

കുത്തിയൊഴുകിയെത്തിയ മലവെള്ളവും ചെളിയും കൂറ്റൻ പാറകളും വൻ മരത്തടികളും അടിഞ്ഞ്‌ പാലം തകർന്ന്‌ ഒഴുക്ക്‌ നിലച്ചിരുന്നു. വെള്ളം കെട്ടിനിന്ന്‌  ദുരന്തഭൂമിയിൽ വലിയ ചതുപ്പ്‌ രൂപപ്പെടാനും തെരച്ചിൽ ദുഷ്‌കരമാകാനും  ഇത്‌ കാരണമായി. പുത്തുമലയിലെ തെരച്ചിൽ തടസ്സപ്പെടുത്തുന്ന വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ   താൽക്കാലിക  പാലം നിർമാണം തുടങ്ങി.    ചൊവ്വാഴ്‌ച താൽക്കാലിക പാലം നിർമിക്കും. അതുവരെ രക്ഷാപ്രവർത്തകർക്കും അധികൃതർക്കും മാത്രമാണ്‌  ഇവിടെ പ്രവേശനം അനുവദിച്ചത്‌.
 


പ്രധാന വാർത്തകൾ
 Top