05 August Wednesday

കള്ളക്കടത്ത്‌ സ്വർണം കണ്ടുകെട്ടൽ: നിയമ വകുപ്പിന്റെ അഭിപ്രായം തേടും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


തിരുവനന്തപുരം
കള്ളക്കടത്ത്‌ സ്വർണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാൻ‌ നിയമവകുപ്പിനെ സമീപിക്കാൻ നികുതി വകുപ്പ്‌. ഗുജറാത്ത്‌ ഹൈക്കോടതി വിധിയിൽ ജഡ്‌ജിമാർ വ്യത്യസ്‌ത അഭിപ്രായം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്‌ തീരുമാനമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വ്യക്തമാക്കി. സ്വർണം കണ്ടുകെട്ടാമെന്നായിരുന്നു ഒരു ജഡ്‌ജിയുടെ വിധി. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം അധികൃതർ നൽകണമെന്നായിരുന്നു മറ്റൊരു ജഡ്‌ജിയുടെ വിധി.
ജിഎസ്‌ടി നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി വിധി. സ്വർണം സംബന്ധിച്ച് രണ്ട് വകുപ്പാണ്‌‌ നിയമത്തിലുള്ളത്‌. 129–--ാം വകുപ്പുപ്രകാരം അനധികൃത സ്വർണത്തിന്റെ നികുതിയും തുല്യതുക പിഴയും അടച്ചാൽ ഉടമസ്ഥന്‌‌ വിട്ടുകൊടുക്കണം. 130–--ാം വകുപ്പ്‌ സ്വർണം കണ്ടുകെട്ടുന്നതിന്‌ അവകാശം നൽകുന്നു. ഇക്കാര്യത്തിൽ കേരള ഹൈക്കോടതി വിധിയും നിലവിലുണ്ട്‌. 129–--ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കിൽമാത്രമേ, 130–--ാം വകുപ്പ് ഉപയോഗിച്ച് സ്വർണം കണ്ടുകെട്ടാൻ പാടുള്ളൂവെന്ന്‌‌ 2018ലെ കേരള ഹൈക്കോടതി വിധിയിൽ നിർദേശിക്കുന്നു‌. 2019 ഡിസംബറിലായിരുന്നു ഗുജറാത്ത്‌ ഹൈക്കോടതി വിധി‌. ഈ വിധികളുടെ അടിസ്ഥാനത്തിൽ, സ്വർണം കണ്ടുകെട്ടുന്നത് നിയമപരമാണോയെന്നാണ്‌ നിയമ വകുപ്പ്‌ പരിശോധിക്കുക.

സംസ്ഥാന നികുതി വകുപ്പ്‌ കഴിഞ്ഞ വർഷം വാഹന പരിശോധനയിൽ 110 കിലോഗ്രാം അനധികൃത സ്വർണം‌ പിടികൂടിയിരുന്നു‌. നികുതിയും തുല്യമായ തുകയും അടച്ചതിനാൽ സ്വർണം വിട്ടുനൽകേണ്ടിവന്നു. 110 കിലോ കള്ളക്കടത്ത്‌ സ്വർണത്തിന്‌ നിയമ സാധൂകരണം ലഭിച്ചപ്പോൾ സംസ്ഥാന ഖജനാവിലെത്തിയത്‌ 2.8 കോടി രൂപമാത്രം. കള്ളക്കടത്തുകാർക്ക്‌ ഇത്‌ നിസ്സാര തുകയാണ്‌. കള്ളക്കടത്ത്‌ നിയന്ത്രിക്കുന്നതിന്‌ ഈ ശിക്ഷ മതിയാകില്ലെന്നാണ്‌‌ നികുതി വകുപ്പ്‌ നിലപാട്‌. സ്വർണം കണ്ടുകെട്ടിയാലേ അനധികൃത കടത്ത്‌ നിയന്ത്രിക്കാനാകൂ. സ്വർണവ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ്‌ തടയാൻ സാധ്യമായ കർശന നടപടി നികുതി വകുപ്പ്‌ സ്വീകരിക്കുന്നതായി ധനമന്ത്രി പറഞ്ഞു. കട പരിശോധനയുടെ ഭാഗമായി കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പരിശോധിക്കുന്നതിന് നികുതി വകുപ്പിൽ ഫോറൻസിക് ലാബ്‌ സ്ഥാപിച്ചു. സ്വർണകടത്ത്‌ പരിശോധിക്കാനായി നികുതി വകുപ്പ്‌  എൻഫോഴ്സ്‌മെന്റ്‌ വിഭാഗം ജോയിന്റ് കമീഷണറെ നിയോഗിച്ചു. വാഹന പരിശോധന കർക്കശമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top