26 August Monday

നിപാ: വൗവ്വാലുകളെ പിടിക്കാൻ വലകൾ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019


പറവൂർ
നിപാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി വൗവ്വാലുകളെ പിടികൂടാൻ തുരുത്തിപ്പുറം, വാവക്കാട് പ്രദേശങ്ങളിൽ വലകൾ സ്ഥാപിച്ചു. പുണെ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഉദ്യോഗസ്ഥർ എത്തിയാണ‌് സംവിധാനം ഒരുക്കിയത്. പോസ്റ്റുകൾ സ്ഥാപിച്ചാണ‌് വല ഘടിപ്പിച്ചത്. വ്യാഴാഴ‌്ച ഉദ്യോഗസ്ഥർ വീണ്ടുമെത്തി വലയിൽ കുടുങ്ങുന്ന വവ്വാലുകളെ ജീവനോടെ  പിടികൂടി പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കു കൊണ്ടുപോകും. തുടർന്നു വിശദമായ പരിശോധന നടത്തും. നിപാ ബാധിച്ച വിദ്യാർഥിയുടെ വീട് സ്ഥിതിചെയ്യുന്ന തുരുത്തിപ്പുറത്തും വാവക്കാടും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ വൈറസ് പരത്തുന്ന പഴംതീനി വൗവ്വാലുകളെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇവയെ പിടികൂടാനായി വലവിരിച്ചെങ്കിലും വൗവ്വാലുകളെ പിടികൂടാനായില്ല. തുടർന്നാണ‌് ബുധനാഴ‌്ച ഡോ. എ ബി സുധീപിന്റെയും ഡോ. ബാലസുബ്രഹ്മണ്യത്തിന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വലകൾ സ്ഥാപിച്ചത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ.അഷിതേഷ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിദഗ്ധസംഘവും തുരുത്തിപ്പുറത്ത‌് സന്ദർശനം നടത്തി. വിദ്യാർഥിക്ക‌് നിപാ ബാധിച്ചത‌് പേരയ്ക്ക കഴിച്ചതുമൂലമാണെന്ന സംശയത്തെത്തുടർന്നാണ് ഇവർ പരിശോധനയ‌്ക്ക‌് എത്തിയത്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ‌് കെ എം അംബ്രോസും ഇവർക്കൊപ്പമുണ്ടായി.


പ്രധാന വാർത്തകൾ
 Top