26 May Sunday

ബൈപാസിന്റെ പിതൃത്വത്തിന‌് പദ്ധതിക്ക്‌ തുരങ്കംവച്ചവരും

വർഗീസ‌് പുതുശേരിUpdated: Saturday Apr 13, 2019


അങ്കമാലി
അങ്കമാലി ബൈപാസ‌് പദ്ധതിക്ക‌് അന്ന‌് തുരങ്കംവച്ചവരും ഇന്ന‌ു പിതൃത്വത്തിനായി രംഗത്ത‌്. ദേശീയപാതയും എംസി റോഡും  സന്ധിക്കുന്ന അങ്കമാലി പട്ടണത്തിലെ കുരുക്കഴിക്കുന്ന സ്വപ‌്നപദ്ധതി യാഥാർഥ്യമാകുമെന്ന‌് ഉറപ്പായതോടെയാണ‌്  ജനങ്ങളുടെ ഓർമശക്തി പരീക്ഷിക്കുന്ന  നടപടി.

വി എസ‌് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത‌് തോമസ് ഐസക്കിന്റെ അവസാന ബജറ്റിൽ ആയിരം കോടിയുടെ റോഡ് പദ്ധതിയിൽ അങ്കമാലി ബൈപാസും ഉൾപ്പെട്ടിരുന്നു. തുടർന്ന് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാരിന്റെ തിരുത്തൽ ബജറ്റിൽനിന്ന് ആയിരം കോടി റോഡ് പദ്ധതി പുറന്തള്ളിയതോടെ  ബൈപാസിനും ശനിദശയായി. ഇതിനെതിരെ നിരവധി പോരാട്ടങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. അന്നത്തെ എംഎൽഎ ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലായിരുന്നു എൽഡിഎഫ് സമരങ്ങൾ. എന്നാൽ, സർക്കാർ അനങ്ങിയില്ല. യുഡിഎഫ് പ്രാദേശിക നേതൃത്വവും സർക്കാർ നടപടികളെ പിന്തുണച്ചു.
നിയമസഭയിൽ ജോസിനോടൊപ്പം എംഎൽഎമാരായ സാജുപോൾ, ബി ഡി ദേവസി, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരും കൂട്ടായി പോരാട്ടം തുടർന്നു. ഇതിനിടയിൽ അന്നത്തെ ധനമന്ത്രി കെ എം മാണി അങ്കമാലി കരയാംപറമ്പിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെ,  ബൈപാസിന് തുക സപ്ലിമെന്ററി ബജറ്റിലൂടെ കണ്ടെത്തുമെന്ന് പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല. നാട്ടിൽനിന്ന‌് പദ്ധതിക്ക‌് പാരകളുണ്ടായെന്ന‌് വ്യക്തം.

പിണറായി സർക്കാർ വന്നതോടെയാണ് പിന്നീട് പദ്ധതിക്ക‌് ജീവൻ വയ്ക്കുന്നത്. ഈ  സമയത്ത‌് ഇന്നസെന്റ് എംപിയുടെ ഇടപെടലുമുണ്ടായി. ഇന്നസെന്റിന്റെയും എൽഡിഎഫിന്റെയും അഭ്യർഥന കണക്കിലെടുത്ത് മുഖ്യമന്ത്രിയും ധനമന്ത്രിയും ചർച്ചകൾ നടത്തി. കാത്തിരിപ്പിനൊടുവിൽ ബൈപാസിന്റെ ഒന്നാംഘട്ടത്തിനായി കിഫ്ബിയിൽനിന്ന് 193.48 കോടി രൂപയുടെ ഭരണാനുമതിയായി. കരയാംപറമ്പിൽനിന്ന‌് ആരംഭിച്ച് റെയിൽവേ സ്റ്റേഷനുസമീപം എത്തുന്നതാണ് ആദ്യഘട്ടം. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള രണ്ടാംഘട്ടംകൂടി ചേരുമ്പോഴാണ് പദ്ധതി പൂർണമാകുക. പുതുക്കിയ അടങ്കൽ അനുസരിച്ച് 390.68 കോടി രൂപയ്ക്കാണ് ഭരണാനുമതിയുള്ളത്.

നിശ്ശബ്ദ പ്രവർത്തനത്തിലൂടെ മണ്ഡലത്തിൽ വികസനം എത്തിക്കുന്ന ഇന്നസെന്റിനെ നാട‌് ഒരിക്കൽക്കൂടി കണ്ടു.
യുഡിഎഫുകാർ സങ്കുചിത കക്ഷിരാഷ്ട്രീയം കാണാതിരുന്നുവെങ്കിൽ ബൈപാസ‌് പണ്ടേ യാഥാർഥ്യമായേനെ. അന്ന് അങ്കമാലി മണ്ഡലത്തെ പ്രതിനിധാനംചെയ‌്തിരുന്നത‌് പ്രതിപക്ഷ എംഎൽഎ അഡ്വ. ജോസ് തെറ്റയിലാണെന്ന ഒറ്റക്കാരണത്താലാണ്  പാരവച്ചത‌്.  നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയ ജോസ് തെറ്റയിലിന്റെ കാലത്ത് ബൈപാസുകൂടി വന്നാൽ രാഷ്ട്രീയമായി  ദോഷംചെയ്യുമെന്ന്  അവർ കണക്കുകൂട്ടി.
 


പ്രധാന വാർത്തകൾ
 Top