20 August Tuesday

മാണിയുടെ ആരോഗ്യസ്ഥിതിയിൽ കോൺഗ്രസ‌് രഹസ്യാന്വേഷണം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019


പ്രത്യേക ലേഖകൻ
കെ എം മാണിയുടെ ജീവൻ കവർന്ന രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച‌് സീറ്റ‌് തർക്കം മുറുകിയ വേളയിൽ കോൺഗ്രസ‌് നേതൃത്വം രഹസ്യമായി വിവരം ശേഖരിച്ചിരുന്നതായി കേരള കോൺഗ്രസിൽ മുറുമുറുപ്പ‌്. കോട്ടയം സീറ്റിന‌ുവേണ്ടി നിലപാട‌് കടുപ്പിച്ച പി ജെ ജോസഫിന‌് കോൺഗ്രസ‌് നേതൃത്വത്തിലെ ഒരു വിഭാഗം പരോക്ഷ പിന്തുണ നൽകിയത‌് ഇതേത്തുടർന്നാണ‌്.

മാണി–- ജോസഫ‌് തർക്കത്തിനിടെ എറണാകുളത്ത‌് നടന്ന കോൺഗ്രസ‌്–- കേരള കോൺഗ്രസ‌് ഉഭയകക്ഷി ചർച്ചയ‌്ക്ക‌് മാണി എത്തിയത‌് ലേക‌്ഷോർ ആശുപത്രിയിൽനിന്നാണ‌്. ചർച്ച കഴിഞ്ഞ‌് ആശുപത്രിയിലേക്ക‌ുതന്നെ മടങ്ങി. അതിന‌ുശേഷമാണ‌് അദ്ദേഹത്തിന്റെ രോഗതീവ്രത സംബന്ധിച്ച‌് കോൺഗ്രസ‌് നേതൃത്വം അന്വേഷണം നടത്തിയത‌്. ചികിത്സിച്ച ഡോക്ടർമാരുമായി ഉന്നത കോൺഗ്രസ‌് നേതാക്കൾ ചർച്ചയും നടത്തിയിരുന്നു. ഇത‌് ജോസഫുമായി കോൺഗ്രസ‌് നേതാക്കൾ പങ്കുവച്ചു.

സീറ്റ‌് നിഷേധിച്ചാലും കടുത്ത നിലപാടിലേക്ക‌് പോകരുതെന്നും കാര്യങ്ങൾ അധികം വൈകാതെ  നിയന്ത്രണത്തിൽ വരുമെന്നുമായിരുന്നു കോൺഗ്രസ‌് നേതാക്കൾ ജോസഫിന‌് സൂചന നൽകിയത‌്. മാണിയുടെ ആയുസ്സ‌് വച്ചാണ‌് ജോസഫിനെ പിടിച്ചുനിർത്തിയത‌്. സീറ്റ‌് തർക്കവുമായി ബന്ധപ്പെട്ട‌് കേരള കോൺഗ്രസിലെ പ്രശ‌്നങ്ങൾക്ക‌ു പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗമാണെന്ന‌് മാണിതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

മാണിയുടെ നിര്യാണത്തോടെ കേരള കോൺഗ്രസിൽ അദ്ദേഹം വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക‌് പകരക്കാരെ നിയോഗിക്കുന്നതിൽ തർക്കം ഉരുണ്ടുകൂടുകയാണ‌്. ചെയർമാൻ, പാർടി ലീഡർ  പദവികളാണ‌് ഉടനെ നികത്തേണ്ടത‌്. സീറ്റ‌് തർക്കത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഇക്കാര്യത്തിലും വലിയ പ്രതിസന്ധിയാണ‌് പാർടിയെ കാത്തിരിക്കുന്നത‌്.

ലോക‌്സഭാ തെരഞ്ഞെടുപ്പിന‌ുശേഷമേ ചെയർമാനെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യൂവെന്ന‌് ജനറൽ സെക്രട്ടറി ജോയി എബ്രഹാം പറഞ്ഞു.
നിലവിൽ പി ജെ ജോസഫ‌് വർക്കിങ‌് ചെയർമാനും ജോസ‌് കെ മാണി വൈസ‌് ചെയർമാനുമാണ‌്. സ്ഥാനാർഥിനിർണയത്തിൽ ഉൾപ്പെടെ അവസാന തീരുമാനം ചെയർമാന്റേതാണ‌്. ജോസിനെ ചെയർമാനാക്കണമെന്ന നിലപാടിലാണ‌് മാണിവിഭാഗം നേതാക്കൾ. എന്നാൽ, ഇത‌് ജോസഫ‌് വിഭാഗം അംഗീകരിക്കാനിടയില്ല. കോൺഗ്രസ‌ിന‌് ജോസഫിനോട‌് പഥ്യംകൂടാനേ സാധ്യതയുള്ളൂ. പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയവും വെല്ലുവിളിയാകുമെന്ന‌് ഉറപ്പാണ‌്.


പ്രധാന വാർത്തകൾ
 Top