18 August Sunday

കോൺഗ്രസ‌് എംപിമാർ ബിജെപിയിൽ പോകില്ലെന്ന‌് ആന്റണിക്ക‌് ഉറപ്പുണ്ടോ: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019


കേന്ദ്രത്തിൽ തൂക്കുമന്ത്രിസഭ വന്നാൽ കോൺഗ്രസ‌് എംപിമാർ ബിജെപിയിലേക്ക‌് പോകില്ലെന്ന‌് ഉറപ്പ‌ിച്ച‌് പറയാൻ എ കെ ആന്റണിക്ക‌് കഴിയുമോയെന്ന‌് സിപിഐ എ‌ം പൊളിറ്റ‌്ബ്യൂറോ അംഗം എം എ ബേബി. ഇടതുപക്ഷത്തിന‌് കൊടുക്കുന്ന വോട്ട‌് മോഡിക്ക‌് കൊടുക്കുന്നതിന‌് തുല്യമാണെന്ന‌് പറയുന്ന ആന്റണിയുടെ പാർടിയുടെ എംപിമാരെ അമിത‌് ഷാക്കും മോഡിക്കും വിലയ‌്ക്കെടുക്കാൻ കഴിയും. എന്നാൽ ഇടതുപക്ഷ എംപിമാരെ ഒരുനിലയ‌്ക്കും വിലയ‌്ക്കെടുക്കാനാകില്ല. കാസർകോട‌് പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഞ്ച‌് വർഷംമുമ്പ‌് കോൺഗ്രസ‌് എംപിമാരായിരുന്ന നൂറിലധികം നേതാക്കൾ ഇന്ന‌് മോഡിഭക്തരായി ബിജെപി എംപിമാരാണ‌്. യുഡിഎഫ‌് സർക്കാർ പിഎസ‌്സി ചെയർമാനാക്കിയ കെ എസ‌് രാധാകൃഷ‌്ണൻ  ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു. കോൺഗ്രസുകാർ അര ബിജെപിയാണ‌്. ഉത്തരേന്ത്യയിൽ ക്ഷേത്രസന്ദർശനം നടത്തുന്ന രാഹുൽ ഗാന്ധിയെ വിശുദ്ധ പൂണൂലിട്ട ഹിന്ദുവെന്ന‌് നേതാക്കൾ വാഴ‌്ത്തി മാധ്യമങ്ങൾക്ക‌് മുന്നിൽ  പ്രദർശിപ്പിക്കുന്നു. ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്ന രാഹുൽ  മസ‌്ജിദുകൾ സന്ദർശിക്കാൻ എന്തിന‌് മടിക്കുന്നു. അഴിമതിയിൽ കോൺഗ്രസും ബിജെപിയും അനിയൻ ബാവയും ചേട്ടൻ ബാവയുമാണ‌്.

ഇടതുപക്ഷം സുശക്തമല്ലാത്ത ഇന്ത്യയുടെ ഭാവി സുരക്ഷിതമല്ല. ലോക‌്സഭയിലേക്ക‌് ഇടതുപക്ഷത്തെ വിജയിപ്പിച്ചിട്ട‌് എന്തുകാര്യമെന്ന‌്  ചോദിക്കുന്നവർക്കുള്ള മറുപടിയാണ‌് 2004ലെ യുപിഎ സർക്കാരിന്റെ നേട്ടങ്ങൾ. കരുത്തുറ്റ  ഇടതുപക്ഷത്തിന്റെ മുൻകൈയിലാണ‌്  ഗ്രാമീണ തൊഴിലുറപ്പ‌് പദ്ധതി, വനാവകാശ നിയമം, വിവരാവകാശ നിയമം, വിദ്യാഭ്യാസ അവകാശനിയമം തുടങ്ങിയ പദ്ധതികളെല്ലാം നടപ്പാക്കിയത‌്. ഇടതുപക്ഷത്തിന്റെ പ്രസക്തി  വ്യക്തമാക്കുന്നതാണ‌് ജീവിത ഗുണമേന്മയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളം.

അഞ്ചു വർഷത്തെ ഭരണത്തിൽ മോഡി ഇന്ത്യയെ ഭയത്തിന്റെ റിപ്പബ്ലിക്കാക്കി. തങ്ങൾക്ക‌് ഇഷ്ടമില്ലാത്തവരെ കൊന്നുകളയുന്ന ഭരണമാണ‌് കണ്ടത‌്. ആർഎസ‌്എസ്സിന്റെ  പിടിയിൽനിന്ന‌് രാജ്യത്തെ രക്ഷിക്കണം. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കണം–
എം എ ബേബി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top