04 April Saturday

ഗതികിട്ടാത്ത യുഡിഎഫിന്‌ ഊർജവുമായി സിഎജി ; കിഫ്‌ബി, കിയാൽ എന്നിവയ്‌ക്കെതിരായ വിവാദത്തിന്‌ പിന്നിലും ഇതേ എജി

കെ ശ്രീകണ‌്ഠൻUpdated: Friday Feb 14, 2020


പാലാരിവട്ടം പാലം അഴിമതിയടക്കമുള്ള കേസുകൾ മുറുകിയപ്പോൾ തോക്കും ഉണ്ടയും കാണാനില്ലെന്ന പേരിൽ സർക്കാരിനും പൊലീസിനുമെതിരെ ‘സിഎജി റിപ്പോർട്ട്‌’ എന്ന ഉണ്ടയില്ലാ വെടിയുമായി പ്രതിപക്ഷം. സിഎജിക്ക്‌ പലവട്ടം പൊലീസ്‌ വിശദീകരണം നൽകിയതാണ്‌. ഒരു തോക്കുപോലും കാണാതായിട്ടില്ലെന്നും രജിസ്‌റ്റർ സൂക്ഷിക്കുന്നതിൽ പൊലീസ്‌ ക്യാമ്പിൽ പിഴവ്‌ സംഭവിച്ചെന്നും വെടിയുണ്ട നഷ്‌ടമായതിനെക്കുറിച്ച്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തുകയാണെന്നും  ഓഡിറ്റ്‌ ചുമതലയുള്ള അക്കൗണ്ടന്റ്‌ ജനറലിന്‌ ബോധ്യമായില്ല.

നിയമസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ട്‌ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി പരിശോധിച്ച്‌ നടപടിയിലേക്ക്‌ കടക്കുന്നതിന്‌ മുമ്പുതന്നെ തോക്കും ഉണ്ടയും കടത്തിയെന്ന മട്ടിലാണ്‌ സിഎജിയുടെ ആരോപണം. നിയമസഭയിൽ വയ്‌ക്കുന്നതിന്‌ മുമ്പുതന്നെ യുഡിഎഫ്‌ കേന്ദ്രങ്ങളിൽ റിപ്പോർട്ടിന്റെ പകർപ്പ്‌ എജിസ്‌ ഓഫീസിൽനിന്ന്‌ എത്തിച്ചതായാണ്‌ വിവരം.

കിഫ്‌ബി, കിയാൽ എന്നിവിടങ്ങളിലെ ഓഡിറ്റുമായി ബന്ധപ്പെട്ടും ഇതേ അക്കൗണ്ടന്റ്‌ ജനറലാണ്‌ വിവാദം സൃഷ്‌ടിച്ചത്‌. സർക്കാർ രണ്ടിടത്തും ഓഡിറ്റിങ്ങിന്‌ എതിരാണെന്ന്‌ വരുത്താനായിരുന്നു അന്ന്‌ ശ്രമിച്ചത്‌. സർക്കാർ എജിക്ക്‌ നൽകിയ കത്തുകൾവരെ അന്ന്‌  പ്രതിപക്ഷ എംഎൽഎമാരുടെ പക്കലെത്തി. അതിന്റെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താനുള്ള നീക്കം സർക്കാരിന്റെ വിശദീകരണത്തോടെ പൊളിഞ്ഞു. അന്ന്‌ പിൻവാങ്ങിയ അക്കൗണ്ടന്റ്‌ ജനറൽ ഓഫീസ്‌ ആണ്‌ ഇപ്പോൾ ആരോപണമുയർത്തുന്നത്‌.

സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢനീക്കമാണ്‌ അരങ്ങേറുന്നത്‌. സിഎജി റിപ്പോർട്ട്‌ നിയമസഭയിൽ വയ്‌ക്കുംമുമ്പ്‌ അത്‌ പ്രതിപക്ഷ എംഎൽഎയുടെ പക്കൽ എത്തിയത്‌ എങ്ങനെയെന്നതാണ്‌ സംശയം ബലപ്പെടുത്തുന്നത്‌. കോൺഗ്രസിലെ പി ടി തോമസ്‌ എംഎൽഎയുടെ  ആരോപണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകിയതിനു പിന്നാലെയാണ്‌ റിപ്പോർട്ടുമായി അക്കൗണ്ടന്റ്‌ ജനറൽ എസ്‌ സുനിൽരാജ്‌ രംഗത്തുവന്നത്‌.
ഒരു ക്യാമ്പിൽനിന്ന്‌ മറ്റൊരിടത്തേക്ക്‌ കൊണ്ടുപോയ തോക്കുകളാണ്‌ ‘കാണാതായി’ എന്ന്‌ വ്യാഖ്യാനിക്കുന്നത്‌. 2011 ഫെബ്രുവരി 14ന്‌ തിരുവനന്തപുരത്തെ എആർ ക്യാമ്പിൽനിന്ന്‌ കൊടുത്തുവിട്ട  25 തോക്ക്‌ 2013 ഒക്‌ടോബർ 23ന്‌ തിരിച്ചുവന്നു. ഇതിൽ പത്ത്‌ തോക്ക്‌ ഇപ്പോൾ അടൂർ ക്യാമ്പിലുണ്ടെന്ന്‌ പൊലീസ്‌ പക്കൽ രേഖയുണ്ട്‌.

തോക്കുകൾ കൈമാറിയത്‌ ആംസ്‌ രജിസ്‌റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ്‌ വാസ്‌തവം. ഇക്കാര്യം സിഎജി റിപ്പോർട്ടിലും വായിക്കാൻ കഴിയും. എന്നാൽ, ഇത് മറച്ചുവച്ച്‌ തോക്ക്‌ കടത്തിയെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ അക്കൗണ്ടന്റ്‌ ജനറൽ ശ്രമിച്ചത്‌. മുൻ സർക്കാരിന്റെ കാലത്ത്‌ നഷ്‌ടമായ ആയിരക്കണക്കിന്‌ വെടിയുണ്ടകളും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തെന്ന്‌ വരുത്താനുള്ള സിഎജിയുടെ ശ്രമവും ദുരൂഹമാണ്‌.  പാലാരിവട്ടം പാലം അഴിമതിക്കേസിൽ  പ്രതിക്കൂട്ടിലായ യുഡിഎഫ്‌ നേതൃത്വത്തിന്റെ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്‌ അക്കൗണ്ടന്റ്‌ ജനറൽ എന്നുവേണം കരുതാൻ.


പ്രധാന വാർത്തകൾ
 Top